X

കാവേരി കത്തുന്നു; വെടിവെപ്പില്‍ ഒരു മരണം

അഴിമുഖം പ്രതിനിധി 

കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണ്ണാടകയും തമിഴ്നാടും കത്തുന്നു. അക്രമാസക്തമായ ജനക്കൂട്ടത്തിന് നേരെ പോലിസ് നടത്തിയ വെടിവെയ്പ്പില്‍ ബെംഗളൂരില്‍ ഒരാള്‍ മരിച്ചു. പോലിസ് ജീപ്പിന് നേരെ അക്രമം നടത്തിയവര്‍ക്ക് നേരെ നടത്തിയ വെടിവെയ്പ്പിലാണ് ഒരാള്‍ മരിച്ചത്.

കാവേരി നദിയില്‍ നിന്നും 15000 ഘനയടി ജലം തമിഴ്നാടിനു നല്‍കണം എന്നുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ കര്‍ണ്ണാടകയില്‍ ആളിപ്പടര്‍ന്ന കര്‍ഷക പ്രതിഷേധം കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും പരക്കുകയായിരുന്നു. ഇന്ന് കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കാനാകില്ലെന്ന് കാണിച്ച് കര്‍ണ്ണാടക സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ ഇരു സംസ്ഥാനങ്ങളിലും സംഘര്‍ഷം ആളിപ്പടര്‍ന്നു. ഒന്‍പതാം തീയതി കര്‍ണ്ണാടകയില്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ്‌ ആരംഭിച്ചതോടെയാണ് പ്രശ്നങ്ങള്‍ അതിന്‍റെ പാരമ്യത്തില്‍ എത്തിയത്.

പ്രധാന സംഭവ വികാസങ്ങള്‍

കര്‍ണ്ണാടക തമിഴ്നാട്ടിലേക്കുള്ള എല്ലാ ബസ് സര്‍വീസുകളും നിര്‍ത്തി വെച്ചു. ബെംഗളൂരു-മൈസൂര്‍ ദേശിയ പാത അടച്ചു.

ബെംഗളൂരുവിൽ പ്രക്ഷോഭകർ തമിഴ്നാട് റജിസ്ട്രേഷനുളള ലോറികള്‍ക്ക് തീവച്ചു. തമിഴ്നാട്ടുകാരന്റെ ഉടമസ്ഥതയിലുള്ള 20 ബസുകൾ പ്രതിഷേധക്കാർ കത്തിച്ചു. കെ.പി.എൻ ട്രാവൽസിന്റെ ബസുകളാണ് കത്തിച്ചത്.

സംഘര്‍ഷത്തെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി ബെംഗളൂരില്‍ നിന്ന് സേലം വഴി കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. ഓണം പ്രമാണിച്ച് കേരളവും കര്‍ണ്ണാടകയും ആരംഭിച്ച എല്ലാ സര്‍വ്വീസുകളും റദ്ദാക്കി.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബെംഗളൂരുവിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് ഉച്ചയോടെ അടച്ചു.

വൈകുന്നേരത്തോടെ ബെംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെട്രോ റെയില്‍ ഗതാഗതവും നിര്‍ത്തി വെച്ചു.

തമിഴ്‌നാട്ടില്‍ കര്‍ണാടക സ്വദേശികളുടെ വാഹനങ്ങളും ഹോട്ടലുകളും അജ്ഞാതര്‍ കത്തിച്ചു. ചെന്നൈ അണ്ണാ നഗറിലെ കര്‍ണാടക ബാങ്ക് ശാഖയ്ക്ക് നേരെ കല്ലേറുണ്ടായി.

ബെംഗളൂരു സാറ്റലൈറ്റ് ബസ്സ്റ്റേഷനിലെ തമിഴ്‌നാട്ടുകാരുടെ ഭക്ഷണശാലയായ അഡയാര്‍ ആനന്ദഭവനില്‍ കൈയ്യേറ്റമുണ്ടായി. അഞ്ചു വാഹനങ്ങള്‍ പ്രക്ഷോഭകാരികള്‍ അഗ്നിക്കിരയാക്കി.

കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തമിഴ്നാട്ടില്‍ കന്നഡ സംസാരിക്കുന്നവര്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങള്‍ തടയണം എന്ന് ജയലളിതയോട് കത്തിലൂടെ ആവശ്യപ്പെട്ടു. സിദ്ധരാമയ്യയോട് കര്‍ണ്ണാടകയിലെ തമിഴ്  ജനതയുടെ സുരക്ഷ ഉറപ്പാക്കാന്‍ ജയലളിത തിരികെ ആവശ്യപ്പെട്ടു.

കര്‍ണ്ണാടക നിവാസികളുടെ ചെന്നൈയില്‍ ഉള്ള ന്യുവുഡ്ലാന്‍റ് ഹോട്ടല്‍ തമിഴ്നാട് പ്രക്ഷോഭകാരികള്‍ അടിച്ചു തകര്‍ക്കുകയും പെട്രോള്‍ ബോംബ് എറിയുകയും ചെയ്തു. ഇതില്‍ പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു ബസുകള്‍ ഉള്‍പ്പെടെ അഞ്ചു ടൂറിസ്റ്റ് വാഹനങ്ങള്‍ അക്രമകാരികള്‍ നശിപ്പിച്ചു.

ബെംഗളൂരില്‍ മാധ്യമ പ്രവര്‍ത്തകയേയും ക്യാമറമാനേയും പ്രക്ഷോഭകാരികള്‍ കയ്യേറ്റം ചെയ്തു.

സ്ഥിതിഗതികള്‍ വഷളാകുന്ന ബെംഗളൂരുവില്‍ 15000കേന്ദ്ര സേനയെ വിന്യസിച്ചു. 

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് ഫോണില്‍ ചര്‍ച്ച നടത്തി. 

കര്‍ണ്ണാടകയില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ വയനാട് മാനന്തവാടി വഴി ബാംഗ്ലൂരില്‍ നിന്നും ബസുകള്‍ പുറപ്പെടും.

 

This post was last modified on December 27, 2016 2:28 pm