X

പി ജയരാജന് സിബിഐ കുരുക്ക്

അഴിമുഖം പ്രതിനിധി

തെരഞ്ഞെടുപ്പ് അടുത്തതോടെ കണ്ണൂരില്‍ സിപിഐഎമ്മിനെ പ്രതിരോധത്തില്‍ ആക്കിക്കൊണ്ട് ആര്‍എസ് എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന് വീണ്ടും സിബിഐ നോട്ടീസ്. മനോജ് വധക്കേസില്‍ ചോദ്യം ചെയ്യുന്നതിനായി നാളെ രാവിലെ പതിനൊന്ന് മണിക്ക് തലശേരി പി ഡബ്ല്യു ഡി റസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന സിബിഐ ക്യാമ്പ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ഇതോടെ മനോജ് വധക്കേസില്‍ ജയരാജന്‍ അറസ്റ്റിലാകുമെന്ന അഭ്യൂഹം ശക്തമായി. ജില്ലയില്‍ പൊലീസും അതീവ ജാഗ്രതയിലാണ്.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആര്‍ എസ് എസ് തയ്യാറാക്കിയ തിരക്കഥ സിബിഐ നടപ്പിലാക്കുകയാണെന്നാണ് ഇതേക്കുറിച്ചുള്ള ജയരാജന്റെ പ്രതികരണം. പി ജയരാജന്‍ തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസില്‍ നാളെ സിബിഐയ്ക്ക് മുമ്പാകെ ഹാജരാകേണ്ടതില്ലെന്നും തീരുമാനിച്ചു.

ഈ കേസില്‍ ജയരാജന് ഇത് മൂന്നാം തവണയാണ് സിബിഐ നോട്ടീസ് നല്‍കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകുവാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് ഒരാഴ്ച്ചത്തെ സാവകാശം ആവശ്യപ്പെടുകയായിരുന്നു. നേരത്തെ തിരുവനന്തപുരത്ത് വച്ച് ഒരു തവണ സിബിഐ ജയരാജനെ ചോദ്യം ചെയ്തിരുന്നു.

2014 സെപ്തംബര്‍ ഒന്നിനാണ് കതിരൂരിലെ ഇളംതോട്ടത്തില്‍ മനോജ് എന്ന ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ടത്. ജയരാജനെ വീടു കയറി വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു മനോജ്.

This post was last modified on December 27, 2016 3:36 pm