X

ഏഴു മാസത്തിനിടെ വിദേശത്ത് ജോലി ലഭിച്ചത് 873 മലയാളി നഴ്‌സുമാര്‍ക്ക്‌ മാത്രം

അഴിമുഖം പ്രതിനിധി

ഇന്ത്യയില്‍ നിന്നുമുള്ള നഴ്‌സുമാരുടെ വിദേശ റിക്രൂട്ട് മെന്റ് നയം കേന്ദ്രം പരിഷ്‌കരിച്ചത് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വിനയാകുന്നു. കഴിഞ്ഞ ഏഴുമാസത്തിനിടെ കേരളത്തില്‍ നിന്നും വിദേശത്ത് ജോലി ലഭിച്ച മലയാളികളുടെ എണ്ണം 873 മാത്രമാണ്.

മാസം ആയിരത്തോളം പേര്‍ നഴ്‌സുമാരായി കടല്‍ കടന്നിരുന്ന സാഹചര്യത്തില്‍ നിന്നുമാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. പഴയ നയപ്രകാരം ഈ കാലയളവില്‍ ഏഴായിരത്തോളം പേര്‍ക്ക് വിദേശത്ത് തൊഴില്‍ ലഭിക്കേണ്ടിയിരുന്നതാണ് പുതിയ കേന്ദ്ര നയം മുടക്കിയത്.

സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികളില്‍ നിന്നുള്ള ചൂഷണത്തിന് പരിഹാരം തേടിയാണ് പുതിയ നയം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്നതെങ്കിലും അത് നഴ്‌സുമാരുടെ വയറ്റത്തടിക്കുന്നതായി മാറി. കഴിഞ്ഞവര്‍ഷം മെയ് 30-നാണ് പുതിയ നയം സര്‍ക്കാര്‍ നടപ്പിലാക്കിയത്. അതു പ്രകാരം റിക്രൂട്ട്‌മെന്റ് എംബസികള്‍ വഴിയാക്കുകയും 18 രാജ്യങ്ങളില്‍ നഴ്‌സുമാരായി ജോലി ലഭിക്കുന്നതിന് എമിഗ്രേഷന്‍ ക്ലിയറന്‍സ് കേന്ദ്രം നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു.

നഴ്‌സുമാരുടെ ഒഴിവുകള്‍ വിദേശ ആശുപത്രികള്‍ ഇന്ത്യന്‍ എംബസിയില്‍ അറിയിച്ചശേഷം അവിടെ നിന്ന് ഇന്ത്യയിലെ സര്‍ക്കാര്‍ ഏജന്‍സികളെ അറിയിക്കുകയും റിക്രൂട്ട്‌മെന്റ് നടത്തുകയുമാണ് പുതിയ നയപ്രകാരം ചെയ്യുന്നത്. കേരളത്തില്‍ നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ നോര്‍ക്കയും ഒഡേപെകുമാണ്. ഈ ഏജന്‍സികളെ വിദേശ ആശുപത്രികള്‍ക്ക് നേരിട്ട് സമീപിക്കാന്‍ അവസരം ലഭിച്ചാല്‍ പ്രശ്‌നപരിഹാരം ആകുമെന്ന് സംസ്ഥാനം കേന്ദ്രത്തോട് അറിയിച്ചിട്ടുണ്ട്.

This post was last modified on December 27, 2016 3:36 pm