അഴിമുഖം പ്രതിനിധി
രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഏഴ് പേരെ വിട്ടയക്കണമെന്നുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളി. രണ്ടു വര്‍ഷത്തിനിടെ രണ്ട് തവണയാണ് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് ഇവരുടെ ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് കത്തെഴുതിയത്. 2014 ഫെബ്രുവരിയില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ആദ്യ കത്തെഴുതിയത്.
സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ തടവുകാരെ വിട്ടയക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് പറയുന്നു.
നിയമ വകുപ്പിന്റെ അഭിപ്രായം തേടിയശേഷമാണ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം മറുപടി നല്‍കിയത്. മെയ് 16-ന് തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് രണ്ട് ദിവസം മുമ്പ് മാര്‍ച്ച് രണ്ടിനാണ് ചീഫ് സെക്രട്ടറി കെ ജ്ഞാനദേശികന്‍ ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതിയത്.
20 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്നതിനാല്‍ തങ്ങളെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ സര്‍ക്കാരിന് ഹര്‍ജി നല്‍കിയെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.
മുരുകന്‍ എന്ന വി ശ്രീഹരന്‍, എജി പേരറിവാളന്‍, ശാന്തന്‍ എന്ന ടി സുന്ദരരാജ, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, നളിനി എന്നിവരാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്.
This post was last modified on December 27, 2016 4:04 pm
Leave a Comment