അഴിമുഖം പ്രതിനിധി
പാകിസ്താനിലെ ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൃപാല്‍ സിംഗിന്റെ മൃതശരീരം ഹൃദയവും ആമാശയവും ഇല്ല. ഇന്ത്യയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാല്‍ ശരീരത്തില്‍ ബാഹ്യമോ ആന്തരികമോ ആയ പരിക്കുകള്‍ ഇല്ലെന്ന് അമൃത്സര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ബി എസ് ബാല്‍ പറഞ്ഞു.
ഹൃദയസ്തംഭനം മൂലമാണ് കൃപാല്‍ മരിച്ചതെന്നാണ് പാകിസ്താന്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ കുടുംബം തള്ളിക്കളയുകയും ജയിലില്‍ വച്ചേറ്റ മര്‍ദ്ദനമാണ് മരണകാരണം എന്നുമാണ്. ഇന്നലെയാണ് വാഗ അതിര്‍ത്തിയില്‍ പാകിസ്താന്‍ മൃതശരീരം ഇന്ത്യയ്ക്ക് കൈമാറിയത്. കൃപാലിന്റെ സഹോദരി ജാഗിര്‍ കൗര്‍ അടക്കമുള്ള കുടുംബാംഗങ്ങളും പഞ്ചാബ് മന്ത്രി ഗുല്‍സര്‍ സിംഗ് റനികെ, അമൃത്സര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വരുണ്‍ റൂജം, 2013 മാര്‍ച്ചില്‍ പാക് ജയിലില്‍ മരിച്ച സരബ്ജിത് സിംഗിന്റെ സഹോദരി ദല്‍ബീര്‍ കൗര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മൃതശരീരം ഏറ്റുവാങ്ങിയത്.
1992-ല്‍ വാഗ അതിര്‍ത്തി കടന്ന കൃപാലിനെ പാക് അധികൃതര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ പ്രതി ചേര്‍ത്ത് വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എന്നാല്‍ വധശിക്ഷ നടപ്പിലാക്കിയിരുന്നില്ല.
ലാഹോറിലെ കോട് ലാഖ്പത് ജയിലില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് കൃപാലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
This post was last modified on December 27, 2016 4:04 pm
Leave a Comment