X

ചന്ദ്രബോസ് കൊലപാതകം; അന്വേഷണം അട്ടിമറിക്കാന്‍ ഡിജിപി ശ്രമിക്കുന്നതായി പി സി ജോര്‍ജ്

അഴിമുഖം പ്രതിനിധി

ചന്ദ്രബോസ് കൊലപാതക കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം ശ്രമിക്കുന്നതായി ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ ആരോപണം. റിപ്പോര്‍ട്ട് ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് ജോര്‍ജ് ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഡിജിപിയുടെ ഇടപെടല്‍ വ്യക്തമാക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ആവശ്യസമയത്ത് ഇതു പുറത്തുവിടുമെന്നും ജോര്‍ജ് അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് താന്‍ ആഭ്യന്തരമന്ത്രിയെയും മുഖ്യമന്ത്രിയെയും കാണുന്നുണ്ടെന്നും അനുകൂലമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഈ സംഭവത്തിലെ സത്യവസ്ഥകള്‍ ജനങ്ങളോട് തുറന്നു പറയുമെന്നും ജോര്‍ജിന്റെ മുന്നറിയിപ്പ്.

അതേസമയം ചന്ദ്രബോസിന്റെ കൊലപാതകക്കേസിലെ പ്രധാന തെളിവ് നശിപ്പിച്ചതായുള്ള സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമിക്കപ്പെടുന്ന സമയത്ത് ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ആശുപത്രി അധികൃതരാണ് വസ്ത്രം നശിപ്പിച്ചതെന്ന് പേരമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറയുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ പേരാമംഗലം സിഐ ചന്ദ്രബോസിന്റെ സഹോദരനെ അറിയിച്ചു.

എന്നാല്‍ അന്വേഷണ സംഘം തന്നെയാണ് തെളിവ് നശിപ്പിച്ചതെന്ന ആരോപണം ശക്തമായിട്ടുണ്ട്. നിര്‍ണായക തെളിവാകേണ്ട വസ്ത്രം നശിപ്പിക്കപ്പെട്ടത് കേസിന് തിരിച്ചടിയാകും. ആശുപത്രിയില്‍ നിന്ന് വസ്ത്രം വാങ്ങാതിരിക്കുകയും, ശാസ്ത്രീയ പരിശോധനക്ക് അയക്കാതിരിക്കുകയും ചെയ്തതില്‍ ദുരൂഹത ഉയരുന്നുണ്ട്.

This post was last modified on December 27, 2016 2:52 pm