X

അന്ന് ചെ ഗുവേര ഇന്ത്യയിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടായിരുന്നില്ല, ഇടതു സാഹസികരായിരുന്നു അവര്‍ക്ക് കാസ്‌ട്രോയുടെ സംഘം

ചെ യുടെ ബൊളിവിയന്‍ ഡയറി പോലുള്ള പുസ്തകങ്ങള്‍ വായിക്കുന്നത് വഴി പിഴിച്ചു പോയ സാഹസികരുടെ വിനോദമായിട്ടാണ് മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കണ്ടത്.

ക്യൂബന്‍ വിപ്ലവത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുകയാണ് ലോകത്തെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകള്‍. സമത്വ സുന്ദര ലോകത്തിനായി പോരാടുന്നവര്‍ക്ക് ആവേശമായി ഫിദല്‍ കാസ്ട്രയും ചെ ഗുവരേയും ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഇന്ത്യയിലും ക്യൂബന്‍ വിപ്ലവത്തിന്റെ വാര്‍ഷികാഘോഷപരിപാടികള്‍ വ്യാപകമായി സംഘടിപ്പിച്ചിട്ടുണ്ട്. സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഈ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.

ചെ ഗുവരേയുടെ മകള്‍ അലീഡ ഗുവരേ ഇതിന്റെ ഭാഗമായി കേരളത്തില്‍ എത്തിയിട്ടുണ്ട്.
എന്നാല്‍ 1959 വിപ്ലവം നടന്നപ്പോഴും അതിന് ശേഷമുള്ള കുറച്ചുവര്‍ഷങ്ങളിലും എന്തായിരുന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ക്യൂബയോടുള്ള സമീപനം? അത് ഇന്നത്തെ പോലെ ആയിരുന്നില്ല. ക്യൂബന്‍ വിപ്ലവത്തിനായുള്ള കാസ്‌ട്രോയുടെയും ചെ ഗുവരേയുടെയും ശ്രമങ്ങളെ ഗൗരവമുള്ള രാഷ്ട്രീയ ഇടപെടലായി ലോകത്തെ മുഖ്യധാര കമ്മ്യൂണിസറ്റ് പാര്‍ട്ടികളെ പോലെ ഇന്ത്യയിലുള്ളവരും കണ്ടിരുന്നില്ല.

വിപ്ലവത്തിന് ശേഷം ക്യൂബയുടെ നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ചെ ഗുവേര ഏഷ്യയിലെ ആഫ്രിക്കയിലേയും രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ഭാഗമായി 1959 ജൂണ്‍ മാസം ചെ ഗുവേര ഇന്ത്യയിലുമെത്തി. ഇന്ന് ക്യൂബയോടും ചെ ഗുവരേയോടും കാണിക്കുന്ന ആവേശം അന്നത്തെ അവിഭക്ത പാര്‍ട്ടിയായ സിപിഐയ്ക്ക് ഉണ്ടായിരുന്നില്ല. ചെ ഗുവേരയും കാസ്ട്രോയുടേയും അവരുടെ വിപ്ലവത്തെയും ഇന്ത്യന്‍ പാര്‍ട്ടി അംഗീകരിച്ചിരുന്നില്ല. ഇടതുപക്ഷ സാഹസികതയായിട്ടായിരുന്നു ഇവരുടെ രാഷ്ട്രീയത്തെ അന്നത്തെ നേതാക്കള്‍ വിലയിരുത്തിയത്.

പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഊഷ്മളമായ സ്വീകരണമാണ് ചെ ഗുവേരയ്ക്ക് നല്‍കിയത്. തീന്‍മൂര്‍ത്തി ഭവനില്‍ ചെ യെ സ്വീകരിച്ചു. ക്യൂബന്‍ സിഗററ്റാണ് ചെ ഗുവേര നെഹ്‌റുവിന് സമ്മാനമായി നല്‍കിയത്. ഇന്ദിരാഗാന്ധിയും ചെറുമക്കളായ രാജിവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും ചെയെ സ്വീകരിച്ച കൂട്ടത്തിലുണ്ടായിരുന്നുവെന്ന് അന്നത്തെ റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നു. ഡ്ല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ ചെ സന്ദര്‍ശനം നടത്തി. കൊല്‍ക്കത്തയും ചെ ഗുവേര സന്ദര്‍ശിച്ചു. പ്രതിരോധ മന്ത്രി വി കെ കൃഷ്ണമേനോന്‍ ഉള്‍പ്പെടെ നെഹ്‌റു മന്ത്രിസഭയിലെ പ്രമുഖരുമായി ചെ ചര്‍ച്ച നടത്തി.

നെഹ്‌റു ക്യൂബന്‍ ജനതയുടെ പോരാട്ടത്തോട് വലിയ ആഭിമുഖ്യമാണ് പ്രകടിപ്പിച്ചതെന്ന് ചെ പിന്നീട എഴുതി. ചെ യുടെ അഭിമുഖം ആകാശവാണി സംപ്രേഷണം ചെയ്തു. എന്നാല്‍ ഈ സമയത്തൊന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു നേതാവും ചെ യെ കാണാനോ ചര്‍ച്ച നടത്താനോ തയ്യാറായില്ല. അതിന് കാരണമുണ്ടായിരുന്നു. ക്യുബയിലെ ഔദ്യോഗിക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചെയ്ക്കും കാസ്‌ട്രോയ്ക്കും ബന്ധമുണ്ടായിരുന്നില്ല. ക്യൂബയില്‍ ബാറ്റിസ്റ്റയുടെ ഏകാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ ശ്രമം നടന്നപ്പോള്‍ സോവിയറ്റ് യൂണിയന്‍ അതിനോട് അനുഭാവ സമീപനമായിരുന്നില്ല സ്വീകരിച്ചത്. സോവിയറ്റ് യൂണിയന്റെ അഭിപ്രായമായിരുന്നു ഈ കാര്യത്തിലും ഇന്ത്യയിലെ അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിന്.

അമേരിക്കന്‍ ചാര സംഘടനയായ സിഐഐയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘമായിട്ടായിരുന്നു ക്യൂബയിലെ ഔദ്യോഗിക കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാസ്‌ട്രോയേയും സംഘത്തെയും കുറിച്ച് സോവിയറ്റ് പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കിയതെന്ന് ക്രൂഷ്‌ചേവിന്റെ കാലത്ത് പിന്നിട് വന്ന രേഖകള്‍ വ്യക്തമാക്കുന്നു. അങ്ങനെ കാസ്‌ട്രോയുടെ സംഘം ഇന്ത്യയിലെ സിപിഐ നേതൃത്വത്തിന് ഇടതു സാഹസികരായി. ഇന്ത്യയിലും കേരളത്തിലും ഇത് തന്നെയായിരുന്നു അവസ്ഥ.

ചെ യുടെ ബൊളിവിയന്‍ ഡയറി പോലുള്ള പുസ്തകങ്ങള്‍ വായിക്കുന്നത് വഴി പിഴിച്ചു പോയ സാഹസികരുടെ വിനോദമായിട്ടാണ് മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കണ്ടത്. ഈ നിലപാടുകള്‍ മാറിയിട്ട് അധികം കാലമായിട്ടില്ല. എന്തായാലും പിന്നീട് ചെ ഗുവേര എന്ന ഇതിഹാസ പുരുഷനെ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ഗറില്ലാ പ്രവര്‍ത്തനങ്ങളെയും പാര്‍ട്ടി വാഴ്ത്താന്‍ തുടങ്ങി. അങ്ങനെ ചെ ഇന്ത്യയിലെ മുഖ്യധാര കമ്മ്യുൂണിസ്റ്റുകളുടെയും ഇതിഹാസ താരമായി. അര നൂറ്റാണ്ട് മുമ്പ് അതായിരുന്നില്ല അവസ്ഥ.

This post was last modified on July 29, 2019 2:13 pm