X

ഐജി ഓഫീസ് മാർച്ചിന്റെ പേരിൽ കേസ്; സിപിഐ ജില്ലാ സെക്രട്ടറി പി.രാജുവിന് പാസ്പോര്‍ട്ട് ക്ലിയറൻസ് നിഷേധിച്ച് പൊലീസ്

സിപിഎം-സപിഐ പാർട്ടികളെ തുറന്ന പോരിലേക്ക് നയിച്ച എറണാകുളം ഐജി ഓഫീസ് മാർച്ച് തുറന്ന് വിട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. വിവാദത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്ന സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിന് പാസ്പോര്‍ട്ട് നിഷേധിച്ചതാണ് പുതിയ സംഭവം. പൊലീസ് ക്ലിയറന്‍സ് ലഭിക്കാത്തിനെ തുടർന്ന് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിന് പാസ്പോര്‍ട്ട് നിഷേധിച്ചെന്നാണ് ആരോപണം.

ഐജി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട് രാജുവിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് പൊലീസ് പാസ്പോർട്ടിന് ക്ലിയറൻസ് നിഷേധിച്ചത്. നിലവിലെ പാസ്പോർട്ടിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് പി. രാജു നല്‍കി പുതുക്കൽ അപേക്ഷയിൻമേലാണ് നടപടി.

സെപ്തംബർ 8 ന് ദമാസ്കസിൽ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു രാജു പാസ്പോർട്ട് പുതുക്കാൻ അപേക്ഷ സമർപ്പിച്ചത്. ഇതിന് പിന്നാലെയാണ് പോലീസ് നടപടി. എന്നാൽ തനിക്കുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പി രാജു.

എസ്എഫ്ഐ എഐവൈഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് ഏകപക്ഷീയമായി പ്രവർത്തിക്കുന്നെന്ന് അരോപിച്ചായിരുന്നു കഴിഞ്ഞ ജൂലായ് മാസത്തിൽ കൊച്ചി റേഞ്ച് ഐ.ജിയുടെ ഓഫീസിലേക്ക് സി.പി.ഐ മാർച്ച് സംഘടിപ്പിച്ചത്. പി. രാജു, എൽദോ എബ്രഹാം എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേതാക്കൾക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്യുകയായിരുന്നു.

Also Read- കറന്റ് ചാര്‍ജ്, ഓട്ടോക്കൂലിയുമൊക്കെ നമ്മള്‍ തന്നെ കൊടുക്കണം; ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ പണപ്പിരിവ്

 

 

 

This post was last modified on August 16, 2019 4:48 pm