X

കോഴി നികുതി ഇളവുകേസില്‍ കെഎം മാണിയുടെ ഹര്‍ജി തള്ളി

അഴിമുഖം പ്രതിനിധി

കോഴി നികുതി ഇളവുകേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിയുടെ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. കോഴി നികുതിക്ക് സ്റ്റേ നല്‍കിയത് ചട്ടം ലംഘിച്ചാണെന്നും അതില്‍ സാമ്പത്തിക നേട്ടമുണ്ടായെന്ന് അനുമാനിക്കേണ്ടിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് പ്രതികരിച്ച കോടതി കണ്ണും കാതും മനസും തുറന്ന് കേസ് അന്വേഷിക്കണമെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞു. കോഴിക്കച്ചവടക്കാര്‍ക്കും സൗന്ദര്യവര്‍ധകനിര്‍മ്മാതാക്കള്‍ക്കും ലാഭമുണ്ടാക്കാന്‍ മാണി ഔദ്യോഗികപദവി ദുരുപയോഗം ചെയ്തതായി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കെഎം മാണി അധികാരത്തിലിരുന്നപ്പോള്‍ ബ്രോയ്‌ലര്‍കോഴി മൊത്തക്കച്ചവടക്കാരുടെ നികുതിവെട്ടിപ്പിന് കൂട്ടുനില്‍ക്കുകയും സൗന്ദര്യവര്‍ധകവസ്തുക്കളുടെ നികുതിയില്‍ അന്യായമായി ഇളവുനല്‍കിയും ചെയ്തതു വഴി സര്‍ക്കാരിന് 215 കോടി നഷ്ടംവരുത്തിയെന്നാണ് കേസ്. അഴിമതിനിരോധനിയമത്തിലെ 13(1), 13(2), ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 എന്നീ വകുപ്പുകളാണ് മാണിക്കും പ്രൈവറ്റ് സെക്രട്ടറിക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

മാണിക്കുപുറമേ ധനമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജയചന്ദ്രന്‍, കോഴിക്കച്ചവടക്കാരായ പി ടി ഡേവിസ്, പി ടി ജോണ്‍സന്‍, ഗ്രേസി തോമസ്, പി ടി ബെന്നി, പി ടി വര്‍ഗീസ്, പി ടി ജോസ്, ആയുര്‍വേദ സൗന്ദര്യവര്‍ധക വസ്തുനിര്‍മ്മാതാക്കള്‍ എന്നിവരെയും പ്രതികളാക്കിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.

 

This post was last modified on December 27, 2016 2:25 pm