X

ബലാല്‍സംഗ ഇരകള്‍ക്ക്‌ പിറക്കുന്ന കുഞ്ഞിന് അച്ഛന്റെ സ്വത്തില്‍ അവകാശമുണ്ടെന്ന് കോടതി

അഴിമുഖം പ്രതിനിധി

ബലാല്‍സംഗത്തിലൂടെ ഗര്‍ഭം ധരിച്ച് ജനിക്കുന്ന കുഞ്ഞിന് ബയോളജിക്കല്‍ പിതാവിന്റെ സ്വത്തില്‍ അവകാശമുണ്ടെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ച് വിധിച്ചു. എന്നിരുന്നാലും ഈ അവകാശം വ്യക്തി നിയമങ്ങള്‍ ബാധകമാണെന്നും കോടതി പറഞ്ഞു. ബയോളജിക്കല്‍ പിതാവിന്റെ അവിഹിത കുഞ്ഞായിട്ട് കുട്ടിയെ കണക്കാക്കണം. എന്നാല്‍ കുഞ്ഞിനെ ദത്ത് നല്‍കിയാല്‍ ബയോളജിക്കല്‍ പിതാവിന്റെ സ്വത്തിന് അവകാശമുണ്ടാകില്ലെന്നും കോടതി വിധിച്ചു. ഈ വര്‍ഷം തുടക്കത്തില്‍ പീഡനത്തിന് ഇരയായി ഗര്‍ഭിണിയായ 13 വയസുകാരിയുടെ കേസിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിഞ്ഞപ്പോഴേക്കും ഭ്രൂണത്തിന്റെ വളര്‍ച്ച അബോര്‍ഷനുള്ള നിയമപരമായ കാലാവധിയായ 20 ആഴ്ച പിന്നിട്ടിരുന്നു. അതിനാല്‍ അവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അബോര്‍ഷന്‍ ചെയ്യുന്നത് ഇരയ്ക്ക് ഹാനികരമാണെന്നും വൈകിപ്പോയിയെന്നും കോടതി നിയമിച്ച ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തി. ഇതേതുടര്‍ന്ന് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ പൈതൃക കാര്യങ്ങളില്‍ കുടുംബത്തെ സഹായിക്കാന്‍ കോടതി അഭിഭാഷകരെ നിയോഗിച്ചു. സര്‍ക്കാര്‍ ഇരയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുമ്പോള്‍ ജോലി നല്‍കണമെന്നും കോടതി വിധിച്ചു.

This post was last modified on December 27, 2016 3:23 pm