X

ചുംബനത്തെരുവിനിടയിലെ സംഘര്‍ഷം; മാധ്യമപ്രവര്‍ത്തകന്‍ അനീബിന് ജാമ്യം

അഴിമുഖം പ്രതിനിധി

കോഴിക്കോട് സംഘടിപ്പിച്ച ചുംബനത്തെരുവ് എന്ന പ്രതിഷേധപരിപാടിക്കിടയില്‍ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത തേജസ് ദിനപത്രം ലേഖകന്‍ പി. അനീബിന് ജാമ്യം അനുവദിച്ചു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അനീബിന് നിരൂപാധിക ജാമ്യം അനുവദിച്ചത്.

ചുംബനത്തെരുവിനിടയില്‍ ഉണ്ടായ അക്രമത്തില്‍ ഇടപെട്ട് അനീബ് പൊലീസിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ മാധ്യമപ്രവര്‍ത്തകനായ അനീബ് ജോലിയുടെ ഭാഗമായാണ് സ്ഥലത്തെത്തിയതെന്നും അവിചാരിതമായി സംഘര്‍ഷത്തിനിടയില്‍ പെടുകയായിരുന്നുവെന്നും അനീബിനു വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകന്‍ കെ രാജഗോപാല്‍ കോടതിയെ അറിയിച്ചു. അനീബിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അഭിഭാഷകന്‍ കോടതയില്‍ വാദിച്ചു. 

അനീബിന്റെ അറസ്റ്റിനെതിരെ മാധ്യമരംഗത്തു നിന്നും സാമൂഹികപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. കെ യു ഡബ്യു ജെ ഡല്‍ഹി യൂണിറ്റും തേജസ് പത്രത്തിലെ ജീവനക്കാരും അനീബിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു.

This post was last modified on December 27, 2016 3:31 pm