X

‘ഇതുപോലെയൊരു പോസ്റ്റിടേണ്ടി വരുമെന്ന് കരുതിയിരുന്നില്ല, എല്ലാവരും എന്റെ സ്വകാര്യ ജീവിതം ചികഞ്ഞു കൊണ്ടിരിക്കുകയാണ്’: ആര്യ

ഞാനൊരു 'സിംഗിള്‍ മദറാണ്'. അതായത് കുറച്ചു നാളുകളായി ഞാനും എന്റെ ഭര്‍ത്താവും വേര്‍പിരിഞ്ഞു കഴിയുകയാണ്

ടെലിവിഷൻ സ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായ മാറിയ താരമാണ് ആര്യ. ബഡായ് ബംഗ്ളാവ് എന്ന ഒറ്റ ടെലിവിഷൻ ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം പിന്നീട് സിനിമ രംഗത്തും സജീവമായി. താന്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരിക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആര്യയിപ്പോള്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ആര്യ ഇക്കാര്യം വ്യക്തമാക്കിയത്.

ഇതുപോലെയൊരു പോസ്റ്റിടേണ്ടി വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല .പക്ഷേ എന്തു ചെയ്യാനാണ് നിങ്ങള്‍ എല്ലാവരും എന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ചികഞ്ഞു കൊണ്ടിരിക്കുകയാണ്.നിരവധി തവണയായുള്ള ഇത്തരം ചോദ്യങ്ങള്‍ എനിക്ക് വല്ലാതെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നതിനാല്‍ ഞാനിപ്പോള്‍ തുറന്ന് പറയാം ഞാനൊരു ‘സിംഗിള്‍ മദറാണ്’. അതായത് കുറച്ചു നാളുകളായി ഞാനും എന്റെ ഭര്‍ത്താവും വേര്‍പിരിഞ്ഞു കഴിയുകയാണ്. പക്ഷേ ഇപ്പോഴും ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങള്‍ രണ്ടു പേരുംചേര്‍ന്നാണ് ഞങ്ങളുടെ മകളെ വളര്‍ത്തുന്നത്.

ഇതെല്ലാം സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറയുന്നതിലൂടെ ഞാന്‍ അതീവ സന്തുഷ്ടയാണെന്ന് കരുതരുത്. എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ കേട്ട് സഹിക്കെട്ടാണ് ഇത്തരത്തിലൊരു തുറന്നു പറച്ചില്‍ നടത്തുന്നത്.എന്റെ മകള്‍ റോയയുടെ അച്ഛനെ ഞാനി പോസ്റ്റില്‍ ടാഗ് ചെയ്യുന്നില്ല അദ്ദേഹത്തിന്റെ സ്വകാര്യതയെ ഞാന്‍ വളരെയധികം മാനിക്കുന്നു മാത്രമല്ല ഞാനിപ്പോള്‍ നേരിടാന്‍ പോവുന്ന സാഹചര്യങ്ങളിലൂടെ അദ്ദേഹവും കടന്നു പോവരുതെന്ന് ആഗ്രഹിക്കുന്നു. കൂടാതെ എന്നെയോ എന്റെ മകളെയോ മകളുടെ അച്ഛനെതിരെയോ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകള്‍ കുറ്റകരവും ആ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നതാണ്. എന്നും ആര്യ പങ്കുവെയ്ക്കുന്നു.