X

ദളിത് സ്ത്രീയുടെ ഒറ്റയാള്‍ പോരാട്ടം ലോകമറിയും; ചിത്രലേഖയുടെ ജീവിതം ബ്രിട്ടീഷുകാരന്‍ സിനിമയാക്കുന്നു

ഫൂലന്‍ ദേവിയോളം ധീരയായ വനിത എന്നാണ് ശേഖര്‍ കപൂര്‍ ചിത്രലേഖയെ വിശേഷിപ്പിക്കുന്നത്

ചിത്രലേഖയുടെ ജീവിത പോരാട്ടം ബോളിവുഡ് സിനിമയാകുന്നു. ജാതി വിവേചനത്തിനും തൊഴിലെടുക്കാനുള്ള അവകാശത്തിനുമായി നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ വെള്ളിത്തിരയിലെത്തിക്കാന്‍ ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ ഫ്രെയ്‌സര്‍ സ്‌കോട്ടാണ് താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

കണ്ണൂര്‍ എടാട്ട് സ്വദേശിയാണ് ചിത്രലേഖ. 2004 ല്‍ എടാട്ട് ഓട്ടോറിക്ഷാ സറ്റാന്‍ഡില്‍ ഓട്ടോ ഓടിക്കാന്‍ വന്നത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ അവരെ ആക്രമിക്കുകയും ഓട്ടോറിക്ഷ നശിപ്പിക്കുകയും ചെയ്തുവെന്നാണ് ചിത്രലേഖയുടെ പരാതി.

ബ്രിട്ടീഷ് തിരക്കഥാകൃത്തായ സ്‌കോട്ട് ഇന്ത്യയിലെ ദളിത് കോടീശ്വരന്‍മാരെ കുറിച്ച് ഇന്റര്‍നെറ്റില്‍ തിരയുന്നതിനിടക്കാണ് ചിത്രലേഖയെ കുറിച്ച് അറിയുന്നത്. കണ്ണൂരില്‍ വന്ന് ചിത്രലേഖയെയും ഭര്‍ത്താവിനേയും നേരിട്ട് കണ്ട് സംസാരിച്ച സ്‌കോട്ട് തിരക്കഥ പൂര്‍ത്തിയായതിന് ശേഷം തുടര്‍ ചര്‍ച്ചക്കായി തിരിച്ചു വരും.

ചിത്രലേഖ: പാര്‍ട്ടിഗ്രാമത്തില്‍ നിന്ന് ബഹിഷ്‌കൃതയായ ദലിത് സ്ത്രീയുടെ ജീവിതം

ഒരു ദളിത് സ്ത്രീയുടെ പോരാട്ടകഥ അറിഞ്ഞിതിനെ തുടര്‍ന്ന് സ്‌കോട്ട് ഈ വിവരം സുഹൃത്തായ ശേഖര്‍ കപൂറിനോട് സംസാരിക്കുകയുണ്ടായി. ശേഖര്‍ കപൂര്‍ തന്നെയാണ് ഈ വിവരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വെച്ചത്. ഫൂലന്‍ ദേവിയുടെ ജീവിതം സിനിമയാക്കിയിട്ടുള്ള ശേഖര്‍ കപൂര്‍ ‘ഫൂലന്‍ ദേവിയോളം ധീരയായ വനിത’ എന്നാണ് ചിത്രലേഖയെ വിശേഷിപ്പിച്ചത്. ചിത്രലേഖയുടെ ജീവിതവും അവരുടെ പോരാട്ടവും ശേഖര്‍ കപൂര് തന്റെ ഇന്‍സ്റ്റഗ്രാമില്‍ വളരെ വൈകാരികമായി തന്നെ എഴുതിയിട്ടുമുണ്ട്.

സ്‌കോട്ട് തന്നെ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ സംവിധായകനെ തീരുമാനിച്ചിട്ടില്ല. ചിത്രലേഖയുടെ കഥാപാത്രം ആര് അവതരിപ്പിക്കുമെന്നതും ചര്‍ച്ചയിലാണ്.

ഭര്‍ത്താവിനൊപ്പം ഒരു വാടക വീട്ടിലാണ് ചിത്രലേഖ ഇപ്പോള്‍ താമസിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് സെന്റ് ഭൂമിയില്‍ വീട് പണി നടക്കുന്നുണ്ട്. പ്രദേശത്തെ സിപിഎമ്മുകാര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് അവര്‍ എടാട്ട് വിടുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഓട്ടോ ഓടിക്കുന്നതും ഇപ്പോള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.

സഖാവാകണം; ചിത്രലേഖ സിപിഎമ്മിനല്ല, തിരിച്ച്

സി പി എമ്മിന്‍റെ വേട്ടയും ഉമ്മന്‍ ചാണ്ടിയുടെ ചതിയും; ചിത്രലേഖയ്ക്ക് പറയാനുള്ളത്