X

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനൊരുങ്ങി ഗോവ : ഇത്തവണ 212 ചിത്രങ്ങൾ

ഇസ്രയേല്‍ ചിത്രങ്ങളുടെ പ്രത്യേകവിഭാഗമാണ് ഇത്തവണത്തെ ചലച്ചിത്രോത്സവത്തില്‍ ശ്രദ്ധനേടുക. വിഖ്യാത ചലച്ചിത്രകാരന്‍ ഇംഗ്മര്‍ ബര്‍ഗ്മാന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകവിഭാഗവും ഉണ്ടാകും.

49–ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി ഒരുങ്ങി ഗോവ. ഈ മാസം 20 മുതല്‍ 28വരെ പനജി മാണ്ഡവി നദീതീരത്തെ സ്ഥിരംവേദിയില്‍ അരങ്ങേറുന്ന ചലച്ചിത്രോത്സവത്തില്‍ 68 രാഷ്ട്രങ്ങളില്‍ നിന്നുള്ള 212 ചിത്രം പ്രദര്‍ശനത്തിനുണ്ടാകും. ഷാജി എന്‍ കരുണിന്റെ ഓള് ആണ് ഇന്ത്യന്‍ പനോരമവിഭാഗത്തില്‍ ഉദ്ഘാടനചിത്രം. ഇസ്രയേല്‍ ചിത്രങ്ങളുടെ പ്രത്യേകവിഭാഗമാണ് ഇത്തവണത്തെ ചലച്ചിത്രോത്സവത്തില്‍ ശ്രദ്ധനേടുക. വിഖ്യാത ചലച്ചിത്രകാരന്‍ ഇംഗ്മര്‍ ബര്‍ഗ്മാന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകവിഭാഗവും ഉണ്ടാകും.

ലിജോ ജോസ് പെല്ലിശേരിയുടെ ഈ മ യൗ, ജയരാജിന്റെ ഭയാനകം, എബ്രിഡ് ഷൈന്റെ പൂമരം, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, റഹിം ഖാദറിന്റെ മക്കന എന്നിവ പനോരമയില്‍ ഇടംനേടി. മികച്ച നവാഗത സംവിധായകനുള്ള ദേശീയപുരസ്‌കാരം നേടിയ സന്ദീപ് പാമ്പള്ളി ലക്ഷദ്വീപിലെ ജിന്‍സരിഭാഷയില്‍ ഒരുക്കി സിനിമ സിംജര്‍, മമ്മൂട്ടി നായകനായ തമിഴ് സിനിമ പേരന്‍പ് എന്നിവയും പനോരമയില്‍ ഇടംനേടി. പരിയേറും പെരുമാള്‍, പ്രിയ കൃഷ്ണസ്വാമിയുടെ ബാരം, ചെറിയന്‍ രാ ഒരുക്കിയ ടു ലെറ്റ് എന്നീ തമിഴ് ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ഇന്ത്യന്‍ പനോരമ കഥേതരവിഭാഗത്തില്‍ ദിലീഷ് പോത്തന്‍ അഭിനയിച്ച ഹ്രസ്വചിത്രം മിഡ്‌നൈറ്റ് റണ്‍ പ്രദര്‍ശിപ്പിക്കും. രമ്യ രാജ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഇതിനോടകം പത്തിലേറെ അന്താരാഷ്ട്ര മേളകളില്‍ ഇടംനേടിയിട്ടുണ്ട്. ഷൈനി ജേക്കബ് ബെഞ്ചമിന്‍ ഒരുക്കിയ സോഡ് ഓഫ് ലിബര്‍ട്ടി, വിനോദ് മങ്കരയുടെ ലാസ്യം എന്നീ ഡോക്യുമെന്ററികളും ഈ വിഭാ?ഗത്തില്‍ ഇടംനേടി. മാധ്യമപ്രവര്‍ത്തകന്‍ സനോജ് ഒരുക്കിയ ഹിന്ദി ഹ്രസ്വചിത്രം ബേണിങ്ങും പനോരമയിലുണ്ട്. ഇത്തവണ ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ച 15 ചിത്രം മേളയിലുണ്ട്.