X

സിനിമയില്‍ നേരിടുന്ന ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ പേടിക്കേണ്ടതില്ല: ഭാവന

സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പൊതുശ്രദ്ധയിലേക്ക് എത്തിക്കാന്‍ 'വിമന്‍ ഇന്‍ സിനിമാ കളക്ടീവ്' പോലുള്ള സംഘടനകള്‍ സഹായിക്കുമെന്നും ഭാവന

വിമന്‍ കളക്ടീവിനെ പിന്തുണച്ച് നടി ഭാവന രംഗത്ത്. വിമന്‍ കളക്ടീവ് രൂപീകരിച്ച ശേഷം നിരവധി നായിക നടിമാര്‍ പിന്തുണയുമായി രംഗത്തെത്തിയെങ്കിലും ഭാവന പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നത് ആദ്യമായാണ്. സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പൊതുശ്രദ്ധയിലേക്ക് എത്തിക്കാന്‍ ‘വിമന്‍ ഇന്‍ സിനിമാ കളക്ടീവ്’ പോലുള്ള സംഘടനകള്‍ സഹായിക്കുമെന്നാണ് ഭാവന പറഞ്ഞത്.

മാതൃഭൂമി കപ്പ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാവനയുടെ ഈ അഭിപ്രായം. ആ സംഘടനയില്‍ തനിയ്ക്ക് പ്രവര്‍ത്തിക്കാനായിട്ടില്ലെന്നും എന്നാല്‍ അത്തരമൊരു വേദി ഉള്ളത് നല്ലതാണെന്നുമാണ് ഭാവന പറയുന്നത്. ജിനു എബ്രഹാം സംവിധാനം ചെയ്ത ‘ആദ’മാണ് ഇപ്പോള്‍ തീയേറ്ററുകളിലോടുന്ന ഭാവന ചിത്രം. ‘ആദ’ത്തിന്റെ സ്‌കോട്ട്ലന്‍ഡിലെ ചിത്രീകരണം തനിയ്ക്ക് സന്തോഷകരമായ അനുഭവമായിരുന്നെന്നും നടി പറഞ്ഞു.

ആ 52 ദിവസങ്ങള്‍ എനിയ്ക്ക് ജീവിതത്തില്‍ നേരിട്ട ഒരുപാട് പ്രതിസന്ധികളില്‍ നിന്നുള്ള തിരിച്ചുവരവായിരുന്നു. ക്യാമറയുടെ പിന്നിലേക്കും സ്ത്രീകള്‍ കടന്നുവരണം. സിനിമയില്‍ നേരിടുന്ന ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ പേടിച്ച് മാറിനില്‍ക്കേണ്ട കാര്യമില്ല. നേരിടുന്ന പ്രശ്നങ്ങള്‍ പറയാന്‍ ‘വിമന്‍ ഇന്‍ സിനിമ കളക്ടീവ്’ പോലെയുള്ള ഒരു പ്ലാറ്റ്ഫോം ഉള്ളത് നല്ലതാണ്.

ശശികുമാര്‍ ചിത്രം ‘മാസ്റ്റേഴ്‌സ്’, അനില്‍ സി.മേനോന്‍ ചിത്രം ‘ലണ്ടന്‍ ബ്രിഡ്ജ്’ എന്നിവയുടെ തിരക്കഥാകൃത്തായിരുന്ന ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആദം’. കേളത്തിലും സ്‌കോട്ട്‌ലന്‍ഡിലുമായിരുന്നു ചിത്രീകരണം. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തില്‍ നരേന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒരു പ്രമുഖനടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് മലയാള സിനിമയില്‍ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് രൂപീകൃതമായത്. വിമന്‍ കളക്ടീവ് ഇടപെട്ടതോടെയാണ് കേസ് കൂടുതല്‍ ഗൗരവകരമായതും നടന്‍ ദിലീപ് അറസ്റ്റിലായതും.

 

 

This post was last modified on June 27, 2018 11:47 am