X

കങ്കണ മാപ്പ് പറയുന്നത് വരെ ബഹിഷ്‌കരണം: എന്റര്‍ടെയ്ന്‍മെന്റ് ജേണലിസ്റ്റ്‌സ് ഗില്‍ഡിന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ പിന്തുണ

ജസ്റ്റിന്‍ റാവുവിനോട് കങ്കണ മാപ്പ് പറയണമെന്ന് ഗില്‍ഡ് ആവശ്യപ്പെട്ടു.

കങ്കണ റാണട്ടിനെ ബഹിഷ്‌കരിക്കാനുള്ള എന്റര്‍ടെയ്ന്‍മെന്റ് ജേണലിസ്റ്റ്‌സ് ഗില്‍ഡ് തീരുമാനത്തെ പിന്തുണച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ. വാര്‍ത്താസമ്മേളനത്തിനിടെ പിടിഐ റിപ്പോര്‍ട്ടറെ അസഭ്യമായ ഭാഷയില്‍ അധിക്ഷേപിച്ച് സംസാരിച്ചതില്‍ മാപ്പ് പറയാന്‍ കങ്കണ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കങ്കണയെ ബഹിഷ്‌കരിക്കാന്‍ എന്റര്‍ടെയ്ന്‍മെന്റ് ജേണലിസ്റ്റ്‌സ് ഗില്‍ഡ് തീരുമാനിച്ചത്. ജസ്റ്റിന്‍ റാവു എന്ന മാധ്യമപ്രവര്‍ത്തകനോട് കങ്കണ ഉപയോഗിച്ച ഭാഷ അംഗീകരിക്കാനാകില്ലെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ വ്യക്തമാക്കി. മുംബയ് പ്രസ് ക്ലബും കങ്കണയുടെ പെരുമാറ്റ്‌ത്തെ അപലപിച്ചു.

തനിക്കും തന്റെ സിനിമ മണികര്‍ണികയ്ക്കുമെതിരെ കരുതിക്കൂട്ടിയുള്ള അപവാദ പ്രചാരണം നടന്നതായി കങ്കണ റാണട്ട് ആരോപിച്ചു. കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദേല്‍ ട്വിറ്ററില്‍ മാധ്യമങ്ങള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തി. അതേസമയം കങ്കണ മാപ്പ് പറയാന്‍ തയ്യാറായില്ല. കങ്കണയും സഹോദരിയും നേരത്തെയും മാധ്യമപ്രവര്‍ത്തകരെ പല തവണ അധിക്ഷേപിച്ചിട്ടുണ്ട് എന്ന് എന്റര്‍ടെയ്ന്‍മെന്റ് ജേണലിസ്റ്റ്‌സ് ഗില്‍ഡ് പറഞ്ഞു. ജസ്റ്റിന്‍ റാവുവിനോട് കങ്കണ മാപ്പ് പറയണമെന്ന് ഗില്‍ഡ് ആവശ്യപ്പെട്ടു.