ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ഹനീഫ് അഥേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘മിഖായേൽ’.
സ്റ്റൈലിഷ് മേക്ക് ഓവറിൽ എത്തിയ നിവിൻ പോളിയുടെ പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ജനുവരി 18 ആണ് റിലീസ് തിയ്യതി. നിവിൻ ആദ്യമായി ഒരു ഡോക്റ്ററുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് വില്ലനായി എത്തുന്നത്.
ഒരു വടക്കൻ സെൽഫിക്ക് ശേഷം നിവിൻ, മഞ്ജിമ മോഹൻ എന്നിവർ നായികാ നായകന്മാരായി എത്തുന്നു. സുദേവ് നായർ, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഷാജോൺ, കെ പി എ സി ലളിത, ശാന്തി കൃഷ്ണ എന്നിവരും അണിനിരക്കുന്നു. കോഴിക്കോട് ആയിരുന്നു പ്രധാന ലൊക്കേഷൻ. ക്രൈം ത്രില്ലർ, ഫാമിലി എന്റെർറ്റൈനെർ വിഭാഗങ്ങളിൽ പെടുത്താവുന്നതാണ് ചിത്രം.ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിർമ്മാണം.
ഗ്രേറ്റ് ഫാദർ ന് ശേഷം ഹനീഫ് അഥേനിയുടെ തിരക്കഥയിൽ മമ്മൂട്ടി നായകനായി ഷാജി പാടൂർ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികൾ 2018 ലെ പണംവാരി ചിത്രങ്ങളിൽ ഒന്നാമതായിരുന്നു. മിഖയേലിനു ശേഷം അഥേനിയുടെ തിരക്കഥയിൽ മറ്റൊരു മമ്മൂട്ടി ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രമാണ് നിവിൻ പോളിയുടെ ചിത്രികരണം പുരോഗമിക്കുന്ന ചിത്രം.ഒരിടവേളക്ക് ശേഷം നയൻതാര മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
Leave a Comment