X
    Categories: സിനിമ

സിക്കിം: സത്യജിത് റേയുടെ ഒരു നിരോധിത ചലച്ചിത്രം

സിക്കിമിന്റെ സ്വതന്ത്ര രാഷ്ട്രമെന്ന പരമാധികാരത്തെ അനുകൂലിച്ചുകൊണ്ടുള്ള ഡോക്യുമെന്ററി ആണ് ഇത്. അക്കാലത്ത് സിക്കിമിന് മേലുള്ള ചൈനയുടെയും ഇന്ത്യയുടേയും താല്പര്യങ്ങള്‍ക്ക് ഒരുപോലെ എതിരായത്.

സത്യജിത് റേയുടെ ഒരു ചലച്ചിത്രം സ്വതന്ത്ര ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യം പലര്‍ക്കും അവിശ്വസനീയമായി തോന്നാം. എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്. 1971ല്‍ പുറത്തിറങ്ങിയ സിക്കിം എന്ന ഡോക്യുമെന്ററിയാണ് നിരോധിക്കപ്പെട്ടത്. അക്കാലത്ത് സിക്കിം ഇന്ത്യന്‍ യൂണിയന്റെ ഭാഗമായിരുന്നില്ല. ചോഗ്യാല്‍ (രാജാവ്) ഭരണത്തിന് കീഴിലുള്ള നാട്ടുരാജ്യമായിരുന്ന സിക്കിമിന് മേല്‍ ഇന്ത്യയും ചൈനയും ഒരുപോലെ അവകാശവാദം ഉന്നയിച്ചിരുന്നു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും സിക്കിം ഗവണ്‍മെന്‍റ് അഥവാ രാജ ഭരണകൂടം ആണ്.

സിക്കിമിന്റെ സ്വതന്ത്ര രാഷ്ട്രമെന്ന പരമാധികാരത്തെ അനുകൂലിച്ചുകൊണ്ടുള്ള ഡോക്യുമെന്ററി ആണ് ഇത്. സിക്കിമിന് മേലുള്ള ചൈനയുടെയും ഇന്ത്യയുടേയും താല്പര്യങ്ങള്‍ക്ക് ഒരുപോലെ എതിരായത്. ഇതിനാല്‍ 1975ല്‍ സിക്കിം ഇന്ത്യയുടെ ഭാഗമായതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ചിത്രത്തിന് നിരോധനമേര്‍പ്പെടുത്തി. പിന്നീട് 2010 സെപ്റ്റംബറിലാണ് വിദേശകാര്യ മന്ത്രാലയം ചിത്രത്തിന്റെ നിരോധനം നീക്കിയത്.

വിവിധ വിഷയങ്ങളില്‍ അക്കാലത്ത് സത്യജിത് റേ ഡോക്യുമെന്ററികള്‍ ആലോചിച്ചിരുന്നു. രാജസ്ഥാനിലെ സംഗീതജ്ഞര്‍, എല്ലോറയിലെ നര്‍ത്തകര്‍ തുടങ്ങിയവരെക്കുറിച്ചൊക്കെ റേ ഡോക്യുമെന്ററികള്‍ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ അവസാനം സിക്കിമിനെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ് ചെയ്തത്. കാഞ്ചന്‍ജംഗ എന്ന റേയുട സിനിമയില്‍ അഭിനയിച്ചിട്ടുള്ള, ഡാര്‍ജിലിംഗില്‍ താമസിച്ചിരുന്ന അദ്ദേഹത്തിന്റെ കസിനാണ് ചോഗ്യാലുമായി ബന്ധപ്പെടുന്നത്. ചോഗ്യാലും അദ്ദേഹത്തിന്റെ അമേരിക്കക്കാരിയായ ഭാര്യയും ചേര്‍ന്ന് ചിത്രം കമ്മീഷന്‍ ചെയ്തു.

എന്നാല്‍ ചോഗ്യാല്‍ കുടുംബമല്ലാതെ ആരും ഏറെക്കാലത്തേയ്ക്ക് ഈ സിനിമ കണ്ടില്ല. ചോഗ്യാല്‍ കുടുംബത്തിന്റെ പക്കലുണ്ടായിരുന്ന പ്രിന്റ് നശിച്ചുപോയിരുന്നു. 1992 ഏപ്രില്‍ 23ന് സത്യജിത് റേ അന്തരിച്ചു. 2003 ജനുവരിയിലാണ് ചിത്രത്തിന്റെ നിലവാരമുള്ള പ്രിന്റ് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആര്‍കൈവ്‌സിലുണ്ടെന്ന് അറിയുന്നത്. 2007ല്‍ ഇത് റീ സ്‌റ്റോര്‍ ചെയ്തു. റീ സ്‌റ്റോര്‍ ചെയ്ത പ്രിന്റ് 2008ല്‍ ഫ്രാന്‍സിലെ നാന്റെസ് ത്രീ കോണ്ടിനെന്റ്‌സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു – റേ റെട്രോസ്‌പെക്ടീവിന്റെ ഭാഗമായി.

2010ല്‍ ഇന്ത്യ ഗവണ്‍മെന്റ് നിരോധനം നീക്കിയ ശേഷം ചിത്രത്തിന്റെ റീസ്‌റ്റോര്‍ഡ് പ്രിന്റ് ഗാംഗ്‌ടോക്കിലെ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ട്രസ്റ്റ് ഓഫ് സിക്കിമിന്റെ പക്കലെത്തി. നേരത്തെ 2000ല്‍ ചിത്രത്തിന്റെ പകര്‍പ്പവകാശം ഇവര്‍ക്ക് നല്‍കിയിരുന്നു. 2010 നവംബറില്‍ ചിത്രം കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ പ്രഖ്യാപിച്ചു. കൊല്‍ക്കത്തയിലെ നന്ദന്‍ തീയറ്ററില്‍ ചിത്രത്തിന്റെ പ്രദര്‍ശനം കാണാന്‍ ജനങ്ങള്‍ മണിക്കൂറുകളോളം ക്യൂ നിന്നു. എന്നാല്‍ ഒറ്റ പ്രദര്‍ശനം മാത്രമേ നടന്നുള്ളൂ. സിക്കിം കോടതി ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.

സിനിമയുണ്ടാകുന്നതെങ്ങനെ? യുവസംവിധായകരോട് കുറസോവ പറഞ്ഞത് (വീഡിയോ)

ബുദ്ധദേബിനെതിരെ അല്ലാതെ മറ്റാര്‍ക്കെതിരെയാണ് ഞാന്‍ മത്സരിക്കുക? മാധബി മുഖര്‍ജി/അഭിമുഖം

This post was last modified on May 2, 2018 5:50 pm