ഏറെ ഒച്ചപ്പാടുകള്‍ക്ക് ശേഷം ശബ്ദം എന്ന സിനിമയ്ക്ക് സര്‍ക്കാര്‍ തിയറ്റര്‍ അനുവദിച്ചു. കെഎസ്എഫ്ഡിസിയുടെ ഉടമസ്ഥതയിലുള്ള കൈരള, ശ്രീ തിയറ്റര്‍ കോംപ്ലക്‌സിലെ നിള തിയറ്ററാണ് അനുവദിച്ചത്. നാളെ രാവിലെ 11.30ന് മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.
ഒരുമാസം മുമ്പ് തന്നെ പതിമൂന്ന് തിയറ്ററുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മ്മാതാവ് ജയന്ത് മാമ്മനും സംവിധായകന്‍ പി കെ ശ്രീകുമാറും കെ എസ് എഫ് ഡി സിക്ക് കത്തുനല്‍കിയിരുന്നതാണ്. ഇതില്‍ നാല് തിയറ്ററുകള്‍ അനുവദിക്കാമെന്നും ഇവര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അവസാന നിമിഷം തിയറ്റര്‍ അനുവദിക്കാനാകില്ലെന്ന നിലപാടാണ് കെഎസ്എഫ്ഡിസി കൈക്കൊണ്ടത്. കായംകുളം കൊച്ചുണ്ണിയുടെയും റിലീസിംഗ് നാളെയായതിനാലും ഈ ബിഗ്ബജറ്റ് ചിത്രത്തിന് തിയറ്റര്‍ അനുവദിക്കാമെന്ന് നേരത്തെ തന്നെ ഏറ്റിരുന്നതിനാലും ശബ്ദത്തിന് തിയറ്റര്‍ അനുവദിക്കാനാകില്ലെന്നാണ് അധികൃതര്‍ നിലപാടെടുത്തത്.
ഈമാസം തുടക്കത്തില്‍ റിലീസ് ചെയ്ത കാ ബോഡിസ്‌കേപ്പ് എന്ന ചിത്രത്തിന് ഒരു ഷോയ്ക്ക് ടിക്കറ്റ് കൗണ്ടര്‍ അടച്ചിട്ടതായി പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ പതിനഞ്ച് പേരെങ്കിലും ടിക്കറ്റെടുത്താല്‍ മാത്രമേ ഷോ നടത്താന്‍ സാധിക്കൂവെന്നും അങ്ങനെ നടത്തിയാല്‍ പോലും നഷ്ടമാണെന്നുമാണ് കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞത്. സമാന്തര സിനിമകള്‍ക്ക് വേണ്ടി നിലകൊള്ളേണ്ട കെഎസ്എഫ്ഡിസി കച്ചവട സിനിമകള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ശബ്ദത്തിന് തിയറ്റര്‍ അനുവദിക്കാതെ വന്നപ്പോള്‍ നിര്‍മ്മാതാവ് ജയന്ത് മാമ്മന്‍ പ്രതിഷേധവുമായി രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ സപ്പോര്‍ട്ട് ശബ്ദം കാമ്പെയ്‌നിംഗും ആരംഭിച്ചിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിന് തിയറ്റര്‍ നിഷേധിച്ചതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്.
Leave a Comment