തന്റെ സിനിമ കാണാതെ അത് മോശം നിലവാരമുള്ളതാണെന്ന നിഗമനത്തിൽ ലെനിൻ രാജേന്ദ്രൻ എങ്ങനെ എത്തിച്ചേർന്നെന്ന ചോദ്യവുമായി ‘ശബ്ദം’ എന്ന ചിത്രത്തിന്റെ സംവിധായകൻ പികെ ശ്രീകുമാർ രംഗത്ത്. ശബ്ദത്തിന് നിലവാരവും സാമൂഹ്യപ്രതിബദ്ധതയും ഉണ്ടെന്ന് തെളിഞ്ഞാൽ മാത്രം സർക്കാർ തിയറ്ററുകൾ വിട്ടു നൽകിയാൽ മതിയെന്നും ഇതിനായി ലെനിൻ രാജേന്ദ്രനെ തന്റെ സിനിമയുടെ പ്രിവ്യൂ കാണാൻ ക്ഷണിക്കുകയാണെന്നും ശ്രീകുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ജയന്ത് മാമ്മന്‍ നിര്‍മ്മിക്കുന്ന ശബ്ദം എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തിയറ്റര്‍ വിട്ടുനല്‍കാനാകില്ലെന്ന് കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ(കെഎസ്എഫ്ഡിസി) തീരുമാനമെടുത്തിരുന്നു.
ഈമാസം 11നാണ് ശബ്ദം റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. ഇതിനായി സര്‍ക്കാര്‍ തിയറ്ററുകള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരുമാസം മുമ്പ് തന്നെ മന്ത്രി എ കെ ബാലനും കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രനും കത്തു നല്‍കിയിരുന്നുവെന്ന് ജയന്ത് പറയുന്നു. ആദ്യം പതിമൂന്ന് തിയറ്ററുകളാണ് ആവശ്യപ്പെട്ടതെങ്കിലും പിന്നീട് ഏഴ് തിയറ്ററുകളും ഒടുവില്‍ നാല് തിയറ്ററുകള്‍ നല്‍കാമെന്നാണ് കെഎസ്എഫ്ഡിസി അറിയിച്ചത്. എന്നാല്‍ സര്‍ക്കാരിന് കീഴിലുള്ള ഏറ്റവും ചെറിയ തിയറ്ററായ നിള പോലും വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നാണ് കെഎസ്എഫ്ഡിസി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
ജന്മനാ സംസാരിക്കാനും ചെവി കേൾക്കാനും കഴിയാത്ത രണ്ടു കുട്ടികളെ ഉയർത്തി കൊണ്ടു വരാനാണ് ഈ ചിത്രം നിർമിച്ചതെന്നെങ്കിലും ലെനിൻ രാജേന്ദ്രൻ ഓർക്കണമായിരുന്നെന്നും ശ്രീകുമാർ പറഞ്ഞു.
This post was last modified on October 7, 2018 11:23 pm
Leave a Comment