X

സിസ്റ്റര്‍ അഭയയുടെ കൊലപാതകം ബോളിവുഡില്‍ സിനിമയാകുന്നു; നായകന്‍ ഇര്‍ഫാന്‍ ഖാന്‍

ജോമോന്റെ ആത്മകഥ 'അഭയ കേസ് ഡയറി'യുടെ ചുവടുപിടിച്ചായിരിക്കും തിരക്കഥ തയ്യാറാക്കുക

കേരളത്തില്‍ കോളിളകം സൃഷ്ടിച്ച സിസ്റ്റര്‍ അഭയയുടെ കൊലപാതകം ബോളിവുഡില്‍ സിനിമയാകുന്നു. റിയല്‍ സ്റ്റോറികള്‍ സിനിമയാക്കാറുള്ള ആദിത്യ ജോഷിയും അജയ് ഛബ്രിയയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അഭയ കേസിലെ യാഥാര്‍ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ 25-വര്‍ഷത്തിലേറെയായി നിയമപോരാട്ടം നടത്തുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ കേന്ദ്രമാക്കിയായിരിക്കും സിനിമ ഒരുങ്ങുക.

ജോമോന്റെ ആത്മകഥ ‘അഭയ കേസ് ഡയറി’യുടെ ചുവടുപിടിച്ചായിരിക്കും തിരക്കഥ തയ്യാറാക്കുക. ഇതിനായി ആദിത്യ ജോഷിയും ജോമോനും കൂടിയാലോചനകള്‍ നടത്തി. കേസിലെ ഇതുവരെയുള്ള സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സിനിമയാണ് ഒരുങ്ങുന്നത്. ആത്മകഥ സിനിമയാക്കുന്നതിന് റോയല്‍റ്റിയായി ജോമോന് 10 ലക്ഷം രൂപയായിരിക്കും ലഭിക്കുക.

ഇതിനുള്ള കരാര്‍ ഒക്ടോബര്‍ 31-ന് ഒപ്പുവയ്ക്കുമെന്നാണ് വിവരം. ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനായിരിക്കും ചിത്രത്തിലെ പ്രധാന കഥാപാത്രമായ ‘ജോമോന്‍ പുത്തന്‍പുരയ്ക്കലി’നെ അവതരിപ്പിക്കുക. പൂര്‍ണമായും കേരളത്തില്‍ ഷൂട്ടിംഗ് നടത്തുന്ന ചിത്രം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

അഭയ കേസ്

1992 മാര്‍ച്ച് 27-നാണ് കോട്ടയത്തെ പയസ് ടെന്‍ത് കേണ്‍വെന്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും ആത്മഹത്യയാണെന്നായിരുന്നു ലോക്കല്‍ പോലീസിന്റെയും പിന്നീട് ക്രൈം ബ്രാഞ്ചിന്റെയും കണ്ടെത്തല്‍. തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് 1993 മാര്‍ച്ച് 29-ന് കേസ് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. 2003 ഡിസംബര്‍ 31-ന് കേസ് അന്വേഷിച്ച് ഉദ്യോഗസ്ഥന്‍ രാജിവെച്ചെങ്കിലും അഭയ കൊല്ലപ്പെട്ടതാണെന്നായിരുന്നു അദ്ദേഹം കേസ് ഡയറിയില്‍ കുറിച്ചത്.

കേസ് തെളിയിക്കാനാകുന്നില്ലെന്ന് കാട്ടി സി.ബി.ഐ. മൂന്നുതവണ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചുവെങ്കിലും തുടരന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു. 2008 നവംബര്‍ 18-ന് കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവരെ സി.ബി.ഐ. അറസ്റ്റുചെയ്തു. 2009 ജൂലായ് 17-ന് കുറ്റപത്രവും നല്‍കി.

ഈ കേസ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയുടെ പരിഗണനയിലായിട്ട് എട്ടുവര്‍ഷമായി. വരുന്ന നവംബര്‍ 13-ന് കേസ് വീണ്ടും പ്രത്യേക കോടതിയുടെ പരിഗണനയ്ക്ക് വരും.

This post was last modified on October 11, 2017 12:31 pm