X

സ്വന്തം അനുഭവങ്ങള്‍ പങ്കുവെക്കുന്ന അവര്‍ ലോക സിനിമാ മേഖലയ്ക്കുതന്നെ മാതൃകയാണ്; വിമന്‍ ഇന്‍ സിനിമ കലക്ടീവിനെ കുറിച്ച് നടി സ്വര ഭാസ്‌കര്‍

സിനിമാ മേഖലയില്‍ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ കഷ്ടതകളനുഭവിക്കുന്നുണ്ട്.എന്നാല്‍ അതൊന്നും തന്നെ പുറത്തു വരുന്നില്ല എന്നത് നിരാശാകരമാണ്.

ലോക സിനിമാ മേഖലയ്ക്കുതന്നെ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് മാതൃകയാണെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. തൊഴിലിടത്തിലെ തുല്യത എന്നത് മൗലികാവകാശങ്ങളില്‍ ഒന്നാണ്. സ്ത്രീയാണെന്നതിന്റെ പേരില്‍ അവിടെ ഒരു വിവേചനവും അനുവദനീയമല്ല. ഇതിനായി ശബ്ദമുയര്‍ത്തേണ്ട സമയമായെന്നും എങ്ങനെ ശബ്ദമുയര്‍ത്തണം എന്നുമാണ് മലയാള സിനിമാ മേഖലയിലെ ഈ വനിതകള്‍ നമുക്കു കാണിച്ചു തരുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തിലാണ്‌ ഡബ്ല്യു സി സി യെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ സ്വര ഭാസ്‌കര്‍ പങ്കു വെച്ചത്. ഡബ്ല്യു സി സി യുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ എത്തിയതായിരുന്നു സ്വര.

ഉറച്ച അഭിപ്രായ പ്രകടനങ്ങളിലൂടെയും അഭിനയത്തിലൂടെയും ശ്രദ്ധ നേടിയ അഭിനേത്രിയാണ് സ്വര ഭാസ്‌കര്‍. വീരേ ദി വെഡിങ്ങ് എന്ന ചിത്രത്തില്‍ വൈബ്രേറ്റര്‍ ഉപയോഗിച്ച് സ്വയംഭോഗം ചെയ്യുന്ന രംഗത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ സ്വരയ്ക്ക് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. അപ്പോഴെല്ലാം ഉറച്ച നിലപാടുകളും മറുപടിയുമായി സ്വര രംഗത്തെത്തിയിരുന്നു. ലോക്‌സഭാ ഇലക്ഷന്‍ സമയത്തും സ്വയംഭോഗം ചെയ്യുന്ന രംഗത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ ട്രോളുകള്‍ സ്വരയെ വേട്ടയാടി. സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് തുല്യത ഉറപ്പു വരുത്തുന്നതിനായി നിരന്തരം ശബ്ദമുയര്‍ത്തുകയും മീടു മൂവ്‌മെന്റിനെക്കുറിച്ചും കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ചുമെല്ലാം നിര്‍ഭയത്തോടെ സംസാരിക്കുകയും ചെയ്യുന്ന ഒരു അഭിനേത്രികൂടിയാണ് സ്വര.

സിനിമാ മേഖലയില്‍ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ കഷ്ടതകളനുഭവിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും തന്നെ പുറത്തു വരുന്നില്ല എന്നത് നിരാശാകരമാണ്. കാലാകാലങ്ങളായി സ്ത്രീകള്‍ മൗനത്തിലാണ്. ആ മൗനത്തെ ഉടയ്ക്കുകയാണ് ഡബ്ല്യു സി സി ചെയ്യുന്നത്. അവര്‍ സിനിമാ മേഖലയ്ക്കു മാത്രമല്ല സമൂഹത്തിനും നിരവധി സംഭാവനകളാണ് നല്‍കുന്നത്. നമുക്കെല്ലാവര്‍ക്കുമറിയാം ഏത് സാഹചര്യത്തിലാണ് ഡബ്ല്യു സി സി രൂപപ്പെട്ടതെന്ന് നടി ആക്രമിക്കപ്പെട്ട പോലൊരു സംഭവം ഇനി ഉണ്ടാകരുത്. അതിന് ഡബ്ല്യു സി സി പോലൊരു കൂട്ടായ്മ ആവശ്യം തന്നെ.

ഇവര്‍ സ്വന്തം കഥകളാണ് ആഖ്യാനം ചെയ്യുന്നത്, സ്വന്തം അനുഭവങ്ങളാണ് പങ്കുവെക്കുന്നത്. തൊഴിലിടത്തിലെ വ്യവസ്ഥാപിത ലൈംഗിക വിഭജന മനോഭാവത്തെ അവര്‍ സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. ഒപ്പം തന്നെ തുല്യതയ്ക്കുവേണ്ടി ഓരോരുത്തരുടേയും ഒപ്പം നില്‍ക്കുന്നു.

മാറ്റങ്ങളുടെ തുടക്കമെന്നു പറയുന്നത് അവിടെയൊരു പ്രശ്‌നമുണ്ടെന്ന തിരിച്ചറിവിലൂടെയാണ്. സിനിമാമേഖലയില്‍ സ്ത്രീക്കും പുരുഷനും ഒരേ വേതനമല്ല ലഭിക്കുന്നത്. അതൊരു വലിയ പ്രശ്‌നം തന്നെയാണ്. തുല്യവേതനം ആവശ്യപ്പെട്ടാല്‍ അല്ലെങ്കില്‍ മാന്യമായൊരു വേതനം ആവശ്യപ്പെട്ടാല്‍ നടിമാരെ ആ സിനിമയില്‍ നിന്നു തന്നെ മാറ്റിക്കളയുന്ന ഒരു പ്രവണതയുണ്ട്. അതിനെല്ലാം തന്നെ മാറ്റം വരേണ്ടതുണ്ട്. പ്രതിഫലം ചോദിച്ചാല്‍ തന്നെ ആ സ്ഥാനത്തു നിന്നും മാറ്റിക്കളയുമോ എന്ന ഭയത്തില്‍ നിന്നും സ്ത്രീകള്‍ക്ക് മോചനം ആവശ്യമാണ്.

കുറച്ചുപേര്‍ മുന്നിട്ടിറങ്ങി തന്നെയാണ് എന്നും എല്ലാ മാറ്റങ്ങളും ഉണ്ടാക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് വോട്ടവകാശമില്ലാതിരുന്ന കാലത്ത് ഇതുപോലെ കുറച്ചു സ്ത്രീകള്‍ മുന്നിട്ടിറങ്ങിയാണ് അത് നേടിയെടുത്തത്. അതിനാല്‍ തന്നെ മാറ്റങ്ങള്‍ എപ്പോഴും കുറച്ചുപേര്‍ക്ക് ഉണ്ടാക്കാന്‍ സാധിക്കുന്നത് തന്നെയാണ്.