X

മലയാള സിനിമയിൽ മാറ്റത്തിനു വഴിവെച്ചത് ഞങ്ങളാണ്: ഡബ്ല്യൂസിസി

'ഈ പോരാട്ടത്തിന് ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും വലിയ വില നല്‍കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഞങ്ങളത് കാര്യമാക്കുന്നില്ല,ഇനി പിറകോട്ട് നടക്കാനില്ല എന്നത് ഒരു തീരുമാനമാണ്'

പോയ വർഷം സിനിമാലോകം ഒന്നടങ്കം ഉറ്റു  നോക്കിയ സിനിമ കൂട്ടായിമയാണ് ഡബ്ല്യൂസിസി. നടി ആക്രമിക്കപ്പെട്ട പ്രശ്‌നത്തിനു പിന്നാലെ രൂപംകൊണ്ട സംഘടന ഇന്ത്യയിലെ  ആദ്യ വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ്.

രൂപീകരണം മുതൽ തന്നെ ഡബ്ല്യൂസിസി വിവാദങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. ‘അമ്മ’ സംഘടനക്കും താരങ്ങൾക്കുമെതിരെയുള്ള പ്രതികരണങ്ങളാണ് വിവാദങ്ങൾക്ക് വഴി വെച്ചത്.
എന്നാൽ ,ഒരു വര്‍ഷം കൂടി കടന്നു പോകുമ്പോൾ മലയാള സിനിമയില്‍ തങ്ങള്‍ കൊണ്ടുവന്ന മാറ്റങ്ങളില്‍ സന്തോഷമറിയിച്ച്‌ ഡബ്ല്യൂസിസിയുടെ കുറിപ്പ്.

2018 ന് നന്ദി , സ്‌നേഹം , ഒപ്പം നിന്നവര്‍ക്കും ….

2018 നോട് നമ്മള്‍ വിട പറയുമ്ബോള്‍ മലയാള സിനിമക്ക് 90 വയസ്സ് പിന്നിടുകയാണ്. മറ്റൊരു വര്‍ഷം പോലെയുമായിരുന്നില്ല മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം 2018 എന്നത് . ഏത് നിലക്കും അതൊരു നാഴികക്കല്ല് തന്നെയാണ്.89 വര്‍ഷവും നമുക്ക് എത്തിപ്പിടിക്കാനോ ചിന്തിക്കാനോ കഴിയാത്തത് നാം ചിന്തിച്ചു , എത്തിപ്പിടിച്ചു . ഇനി ഒപ്പം നടക്കുന്ന , തുല്യാവകാശമുള്ള സ്ത്രീകളെ കൂടാതെ മലയാള സിനിമക്ക് മുന്നോട്ട് പോകാനാകില്ല എന്ന് നാം അടയാളപ്പെടുത്തിക്കഴിഞ്ഞു. അതൊരു ചെറിയ തിരുത്തല്ല . ഡബ്ല്യു .സി.സി. എന്ന മൂന്നക്ഷരം മലയാള സിനിമക്ക് നല്‍കിയ സംഭാവനയാണ് ഇത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി തൊഴിലിടത്തില്‍ ഒരു പരാതി ഉണ്ടായാല്‍ അത് കൈകാര്യം ചെയ്യാന്‍ പരാതി പരിഹാര സമിതി (ഐ.സി.സി) ഇനിമേല്‍ ഉണ്ടാകും.

ഈ തൊഴില്‍ മേഖലയെക്കുറിച്ച്‌ പഠിക്കാന്‍ നിയുക്തമായ ഹേമ കമ്മീഷന്‍ അവരുടെ ജോലി തുടങ്ങിക്കഴിഞ്ഞു. താമസിയാതെ അത് പൂര്‍ത്തിയാക്കുകയും ചെയ്യും. അതിന്മേല്‍ സര്‍ക്കാര്‍ നടപടിയുമുണ്ടാകും. ഒരു പോരാട്ടവും വെറുതെയാകില്ല എന്ന് ഉറപ്പിയ്ക്കാം. ഞങ്ങളതില്‍ അഭിമാനിക്കുന്നു. ഈ പോരാട്ടത്തിന് ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും വലിയ വില നല്‍കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഞങ്ങളത് കാര്യമാക്കുന്നില്ല. ഇനി പിറകോട്ട് നടക്കാനില്ല എന്നത് ഒരു തീരുമാനമാണ്. പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം എന്ന് കുമാരനാശാന്‍ പാടിയത് വെറുതെയല്ല. വെറുതെയാവില്ല. ഒപ്പം നടന്ന എല്ലാവര്‍ക്കും നന്ദി. കരുത്തുറ്റ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും സ്‌നേഹം. നവതി പിന്നിടുന്ന മലയാള സിനിമക്ക് 2019 വലിയ മാറ്റങ്ങള്‍ കൊണ്ടു വരുന്ന വര്‍ഷമായി മാറട്ടെ! എന്ന് ഡബ്ല്യൂസിസി കുറിച്ചു.

This post was last modified on January 3, 2019 5:24 pm