X
    Categories: സിനിമ

എന്തുകൊണ്ട് പെരുന്തച്ചനു ശേഷം അജയന്‍ മറ്റൊരു സിനിമ സംവിധാനം ചെയ്തില്ല?

കൈവിട്ടുപോയ ആ സ്വപ്‌നത്തിന്റെ നഷ്ടത്തില്‍ അജയനെ ഓര്‍ക്കുമ്പോഴാണ് ആ മരണം അത്രമേല്‍ വേദനിപ്പിക്കുന്നത്

മാന്ത്രിക കുതിരമേല്‍ പറക്കുന്ന രാജകുമാരനെ സ്വപ്‌നം കണ്ട് സിനിമയിലേക്ക് വന്നൊരാള്‍; ആ സ്വപ്‌നങ്ങളില്‍ വെന്തുരുകിയ മനസുമായാണ് അവാസന യാത്ര പോയത്. തോപ്പില്‍ ഭാസിയെന്ന പിതാവിനോളം തന്നെ ഉയരത്തില്‍ വളര്‍ന്നെത്തുമെന്ന് ഒറ്റ ചിത്രം കൊണ്ട് തെളിയിച്ച അജയന്‍ എന്ന സംവിധായകന്റെ മരണം ‘നഷ്ടപ്പെട്ടവന്റെ’ നഷ്ടമാണ്.

പെരുന്തച്ചന്‍ എന്നൊരു മനോഹര ശില്പം അഭ്രപാളിയില്‍ കൊത്തിയൊരുക്കാന്‍ കഴിഞ്ഞെങ്കിലും അജയന്‍ അതിലേറെയായി മോഹിച്ച മറ്റൊന്നുണ്ടായിരുന്നു. നിധി പോലെ കൈയില്‍ കൊണ്ടു നടന്ന ഒരു മാണിക്യക്കല്ല്! കൈവിട്ടുപോയ ആ സ്വപ്‌നത്തിന്റെ നഷ്ടത്തില്‍ അജയനെ ഓര്‍ക്കുമ്പോഴാണ് ആ മരണം അത്രമേല്‍ വേദനിപ്പിക്കുന്നത്.

അജയന്‍ ആദ്യം മനസില്‍ കണ്ട സിനിമയായിരുന്നു മാണിക്യക്കല്ല്. സാക്ഷാല്‍ എം ടി വാസുദേവന്‍ നായര്‍ എഴുതിയ കുട്ടികളുടെ നോവല്‍. അക്ഷരം പഠിച്ചശേഷം ഞാന്‍ ആദ്യമായി മുഴുവനായി വായിക്കുന്ന ആദ്യ പുസ്തകം എന്നാണ് അജയന്‍ മാണിക്യക്കല്ലിനെ കുറിച്ച് പറയുന്നത്. മാന്ത്രിക കുതിരമേല്‍ പായുന്ന രാജകുമാരനെയടക്കം സ്വപ്‌നം കണ്ട് തന്റെ മനസില്‍ ഭ്രമകല്‍പ്പനകള്‍ വിരിയിച്ച ആ രചന സിനിമയാക്കുകയായിരുന്നു അജയന്റെ പ്രഥമലക്ഷ്യം. അഡയാര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കുമ്പോള്‍ സ്‌കോളര്‍ഷിപ്പ് കിട്ടിയ തുക കൂട്ടിവച്ചതുപോലും മാണിക്യക്കല്ലിനു വേണ്ടിയായിരുന്നു. പഠിത്തം കഴിഞ്ഞ് എം ടി യെ വിളിച്ച് കോഴിക്കോട് ചെന്നു കണ്ടു. അജയനു മാണിക്യക്കല്ല് നല്‍കാന്‍ എം ടിക്കു മടിയുണ്ടായില്ല. സ്വന്തം കൈപ്പടിയില്‍ എഴുതിയ തിരക്കഥ കൈമാറി. മലയാളത്തില്‍ തന്റെ രചന സിനിമയാക്കാനുള്ള അവകാശവും നല്‍കി. പക്ഷേ, അജയന്റെ ആദ്യ സിനിമ അതായില്ല.

പതിനഞ്ചു വര്‍ഷത്തോളം പിതാവ് തോപ്പില്‍ ഭാസി, ഭരതന്‍, പത്മരാജന്‍, കെ ജി ജോര്‍ജ് തുടങ്ങിയ പ്രതിഭാധനന്മാര്‍ക്കൊപ്പം നിന്ന് സിനിമയെന്തെന്ന് ആഴത്തില്‍ പഠിച്ച് അജയന്‍ സംവിധാനം ചെയ്ത ആദ്യചിത്രമായി പെരുന്തച്ചന്‍ മാറുന്നത് നിര്‍മാതാവ് ഭാവചിത്ര ജയകുമാറിന്റെ ആവശ്യത്തിനു പുറത്ത്. ഒരു സിനിമ ചെയ്യണമെന്ന് ജയകുമാര്‍ പറഞ്ഞപ്പോള്‍ അജയന്‍ പോയി കണ്ടതും എം ടിയെ തന്നെ. ചികിത്സയ്ക്ക് കന്യാകുമാരി ഭാഗത്ത് ഉണ്ടായിരുന്നു എംടിയപ്പോള്‍. പെരുന്തച്ചന്‍ ആയാലോ എന്ന് അജയനാണ് ചോദിക്കുന്നത്. ആലോചിക്കാം എന്നു മറുപടി. ആ ഒറ്റവാക്കിന് സമ്മതം എന്നാണര്‍ത്ഥമെന്ന് അജയന് അറിയാമായിരുന്നു. അങ്ങനെ പെരുന്തച്ചന്‍ സൃഷ്്ടിക്കപ്പെടുന്നു. 110 ദിവസം ഓടിയ ചിത്രം. നവാഗത സംവിധായകനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത ചിത്രം. മലയാളത്തിലെ ക്ലാസിക്കുകളിലേക്ക് അജയന്‍ പെരുന്തച്ചനും സമ്മാനിച്ചു. ഈ ആര്‍ട്ടിസ്റ്റുകളെയൊക്കെ കൊണ്ട് ഇങ്ങനെ അഭിനയിപ്പിച്ചതിന് അജയന് ഞാനൊരു അവാര്‍ഡ് തരുമെന്ന എം ടിയുടെ വാക്കുകളും പെരുന്തച്ചന്റെ പേരില്‍ അജയന് കിട്ടിയ ബഹുമതി. അജയന്‍ എന്ന പേരിന് പ്രതിഭയെന്ന് അര്‍ത്ഥം കുറിക്കപ്പെട്ടു.

പക്ഷേ, കഥ വഴി മാറുന്നതാണ് പിന്നീട് കണ്ടത്. ചതിയുടെ ഉളി വീഴ്ത്തി അജയനെന്ന സംവിധായകനെ ഇല്ലാതാക്കുന്ന തരത്തിലേക്കുള്ള മാറ്റം. മാണിക്യക്കല് മോഹിച്ച് സിനിമയിലെത്തിയ അജയന് സിനിമയില്‍ പിന്നീട് ഉണ്ടായ ദുര്യോഗത്തിനും അത് തന്നെ കാരണമായി. രണ്ടാമത്തെ ചിത്രമായി മാണിക്യക്കല്ല് ചെയ്യാന്‍ തീരുമാനിച്ച അജയനെ തേടിയെത്തിയ പ്രസിദ്ധനായ നിര്‍മാതാവിന്റെ ചതിയിലാണ് അദ്ദേഹം വീണുപോയത്. ധാരാളം സ്‌പെഷ്യല്‍ എഫക്റ്റുകളും മറ്റും വേണ്ടി വരുന്ന മാണിക്യക്കല്ലിനായി അജയനും നിര്‍മാതാവ് ഗുഡ്‌നൈറ്റ് മോഹനും ഛായാഗ്രാഹകന്‍ മധു അമ്പാട്ടും കൂടി അമേരിക്കയിലും ലണ്ടനിലുമൊക്കെ പോയി കാര്യങ്ങള്‍ പഠിച്ചു മനസിലാക്കി. നാലഞ്ച് വര്‍ഷത്തോളം അജയന്‍ മാണിക്യക്കല്ലിനു വേണ്ടി ചെലവഴിച്ചു. ആദ്യ സിനിമ കഴിഞ്ഞാണ് ഇത്രയും വര്‍ഷങ്ങള്‍ രണ്ടാമത്തെ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചതെന്ന് ഓര്‍ക്കണം. പക്ഷേ, അജയന്റെ മനസിലെ മാണിക്യക്കല്ല് അത്രമേല്‍ പെര്‍ഫക്ഷനോട് കൂടി ചെയ്യേണ്ട ഒന്നുമായിരുന്നു. സമയം എടുത്താലും തന്റെ സ്വപ്‌നപദ്ധതി നടക്കും എന്ന പ്രതീക്ഷയ ഉണ്ടായിരുന്ന അജയനുമേലാണ് ചതിയുടെ ഉളിയിട്ടത്. സിനിമയ്ക്ക് ബഡ്ജറ്റ് കൂടുതലാകും എന്ന പേരില്‍ നിര്‍മാതാവ് പിന്നാക്കം വലിഞ്ഞു തുടങ്ങിയത് അജയന്‍ ആദ്യമത്ര കാര്യമാക്കിയില്ല. മാത്രമല്ല, പൂര്‍ണമായി അയാളെ വിശ്വസിക്കുകയും ചെയ്തു. എം ടി വീണ്ടുമൊരിക്കല്‍ കൂടി തരുത്തി നല്‍കിയ ഒറിജനല്‍ സ്‌ക്രിപ്റ്റുപോലും നിര്‍മാതാവിന് നല്‍കാന്‍ അജയന് മടി തോന്നിയില്ല. പക്ഷേ, ഇതിനിടയില്‍ മാണിക്യക്കലിന്റെ മലയാളം ഒഴിച്ചുള്ള മറ്റ് ഭാഷ അവകാശങ്ങള്‍ നിര്‍മാതാവ് സ്വന്തമാക്കിയിരുന്നു. ഒടുവില്‍ മലയാളത്തിലെ അവകാശവും നല്‍കുമോയെന്ന് ചോദിച്ച് സമീപിച്ചപ്പോഴാണ് അജയന്‍ അപകടം മണത്തത്. ആ സിനിമ തന്റെ കൈയില്‍ നിന്നും തട്ടിയെടുക്കാനാണ് ശ്രമം നടക്കുന്നതെന്ന് അജയന് മനസിലായി. കിലുക്കം സിനിമയുടെ വിജാഘോഷത്തിന്റെ ഭാഗമായ ഒരു ചടങ്ങില്‍ പങ്കെടുത്തു വന്നശേഷം മാണിക്യക്കല്ലിന്റെ സംവിധായകനായി തനിക്ക് പകരം കൊമേഴ്‌സ്യല്‍ സിനിമയുടെ വിജയായി നില്‍ക്കുന്ന മറ്റൊരു സംവിധായകനെ കൊണ്ടുവരാനാണ് പദ്ധതിയെന്നും വ്യക്തമായതോടെ അജയന് സ്വയം ബോധ്യപ്പെട്ടു, മാണിക്യക്കല്ല് തനിക്ക് നഷ്ടപ്പെടുന്നുവെന്ന്. അതുകൊണ്ട് തന്നെ ഒറിജിനല്‍ സ്‌ക്രിപ്റ്റ് ചോദിച്ചവര്‍ക്ക് അതു കൊടുക്കാന്‍ തയ്യാറായില്ല. പിന്നീട് അറിഞ്ഞത് അന്യഭാഷ അവകാശങ്ങള്‍ നിര്‍മാതാവ് ഏതോ അന്താരാഷ്ട്ര കമ്പനിക്ക് വിറ്റൂ എന്നാണ്. അജയന്‍ എന്ന സംവിധായകന്‍ പെരുന്തച്ചന്‍ എന്ന ഒറ്റച്ചിത്രത്തിന്റെ പേരില്‍ മാത്രം അറിയപ്പെടേണ്ടി വരുന്നത് ഈ ചതിയുടെ ഫലമായിട്ടാണ്.

ഒരു സിനിമ ചെയ്തു എങ്കില്‍ മാത്രമെ അത് ചെയ്തൂ എന്നു പറയാന്‍ കഴിയൂ എന്ന് അജയന്‍ പിന്നീട് പറയുമായിരുന്നു. തനിക്ക് നേരിട്ട ദുരനുഭവത്തെ ചിരിയോടെ, നിശബ്ദതതയോടെ നേരിടാന്‍ അജയന്‍ പഠിക്കുകയായിരുന്നു. പക്ഷേ, അപ്പോഴും ആ മനസില്‍ സിനിമ മാത്രമെ ഉണ്ടായിരുന്നുള്ളൂ. മാണിക്യക്കല് എങ്ങനെയെങ്കിലും ചെയ്യണമെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. ഒളിവിലെ ഓര്‍മകളും സിനിമയാക്കണമെന്ന് അജയന്‍ ആഗ്രഹിച്ചിരുന്നു. എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിച്ച് അജയന്‍ ഒടുവില്‍ പോയി…മലയാള സിനിമയിലെ ഒരു രക്തസാക്ഷിയെന്നാണ് തോപ്പില്‍ ഭാസിയുടെ മകനെ വിശേഷിപ്പിക്കേണ്ടത്…

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author: