X

‘കോര്‍പറേഷന്‍ കുടിവെള്ള പൈപ്പ് പൊട്ടരുതേ എന്നാണ് പ്രാര്‍ത്ഥന’, മന്ത്രിയെ വേദിയിലിരുത്തി എംടി വാസുദേവൻ നായരുടെ പരാതി

20 ദിവസത്തിലേറെ വെള്ളം കിട്ടാതിരുന്നിട്ടുണ്ടെന്നും അദ്ദേഹം പരാതിപ്പെട്ടു.

മന്ത്രിയും മേയറും സന്നിഹിതനായ വേദിയിൽ‌ കോഴിക്കോട് കോര്‍പറേഷന്റെ കുടിവെള്ള വിതരണത്തെ വിമർശിച്ച് സാഹിത്യകാരൻ എംടി വാസുദേവൻ നായർ. കോഴിക്കോട് നഗരത്തിൽ അടിക്കടി കുടിവെള്ളം മുടങ്ങുകയാണെന്നായിരുന്നു എംടിയുടെ പരാതി.
ഊരാളുങ്കൽ സൊസൈറ്റിയെക്കുറിച്ച് തോമസ് ഐസക് എഴുതിയ ജനകീയ ബദലുകളുടെ നിർമ്മിതി എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങായിരുന്നു വേദി. ധനമന്ത്രി തോമസ് ഐസക്, എംഎൽഎ എ പ്രദീപ് കുമാർ, മേയർ തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുൾപ്പെടെ വേദിയിലിരിക്കെയായിരുന്നു എംടിയുടെ പരാമർശം.

കോര്‍പറേഷന്‍റെ കുടിവെള്ള പൈപ്പ് പൊട്ടരുതേ എന്നാണെന്ന് ഇപ്പോഴത്തെ തന്റെ പ്രാർത്ഥന. ഉറങ്ങും മുൻപ് ഗുരുവായൂരപ്പനെ പ്രാർത്ഥിക്കുന്നതിന് പകരം ഇതാണ്. 20 ദിവസത്തിലേറെ വെള്ളം കിട്ടാതിരുന്നിട്ടുണ്ടെന്നും അദ്ദേഹം പരാതിപ്പെട്ടു. പുസ്തകം പ്രകാശനം ചെയ്യാനെത്തിയതായിരുന്നു എംടി. അതിനിടെ കോർപ്പറേഷന്റെ അനാസ്ഥയാണെന്ന തരത്തിൽ എം ടി വിമര്‍ശനം ഉന്നയിക്കുകായിരുന്നു.

പണം ഇല്ലാത്ത അവസ്ഥയുണ്ടെന്നും ധനമന്ത്രി കിഫ്ബിവഴി ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രസംഗിച്ചാണ് കോഴിക്കോട് മേയർ വിമർശനത്തെ പ്രതിരോധിച്ചത്. എംടിയുടെ പരാതി അടിയന്തിരമായി പരിഹരിക്കാൻ നടപടിയെടുക്കുമെന്നായിരുന്നു ചടങ്ങിന് ശേഷം ധനമന്ത്രി ഇതിനോട് പ്രതികരിച്ചത്.

‘തേനുമെടുക്കേണ്ട, വിറകും വെട്ടണ്ട’, കക്കയത്ത് കാട്ടില്‍ കയറുന്നതിന് ആദിവാസികള്‍ക്ക് ഉദ്യോഗസ്ഥരുടെ വിലക്ക്, വനാവകാശ നിയമം അട്ടിമറിക്കുന്നു എന്നാരോപണം