X

ജോലി ചെയ്ത കൂലി ചോദിച്ചപ്പോള്‍ മര്‍ദ്ദനവും വധഭീഷണിയും; ശ്രീകുമാര്‍ മേനോനെതിരേ യുവാവിന്റെ പരാതി

തന്റെ പരാതിയില്‍ പൊലീസ് നടപടി വൈകിപ്പിക്കുന്നതായും യുവാവ്

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ യുവാവ് പൊലീസില്‍ പരാതി നല്‍കി. ശ്രീകുമാര്‍ മേനോന്‍ തന്നെ മര്‍ദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തെന്നാണ് മലമ്പുഴ സ്വദേശിയായ ആനന്ദ് പാലക്കാട് എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

ശ്രീകുമാര്‍ മേനോന്റെ പുഷ് ഇന്റര്‍ഗ്രേറ്റഡ് കമ്യൂണിക്കേഷന്‍ എന്ന പരസ്യക്കമ്പനിയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ആനന്ദ്. നാലുമാസം ജോലി ചെയ്തതിന്റെ ശമ്പളം ചോദിച്ചപ്പോഴാണ് തന്നെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും വധഭീഷണി മുഴുക്കുകയും ചെയ്തതെന്നു ആനന്ദ് പരാതിയില്‍ പറയുന്നു.

താന്‍ പലതവണയായി ശമ്പളക്കാര്യം ശ്രീകുമാര്‍ മേനോനോട് പറഞ്ഞിരുന്നതായും കടുത്ത സാമ്പത്തികബുദ്ധിമുട്ടിലായിരുന്നിട്ടും തന്നെ സഹായിക്കാതെ ശ്രീകുമാര്‍ മേനോന്‍ ഒഴിഞ്ഞു മാറുകയാണുണ്ടായതെന്നും ആനന്ദ് പരാതിയില്‍ പറയുന്നു. ശമ്പളം കിട്ടണമെന്ന് വീണ്ടും ആവശ്യപ്പെട്ടതോടെ പ്രകോപിതനായ ശ്രീകുമാര്‍ മേനോന്‍, പാലക്കാട് ഓഫിസില്‍ മീറ്റിംഗ് ഉണ്ടെന്നും നിര്‍ബന്ധമായും പങ്കെടുക്കണമെന്നു നിര്‍ദേശിക്കുകയും അതുപ്രകാരം എത്തിയ തന്നെ സഹായികളായ സാജു, മണികണ്ഠന്‍ എന്നിവരോടൊപ്പം ചേര്‍ന്ന് അസഭ്യം പറയുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുകയാണുണ്ടായത്, ഇക്കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കുമെന്നും കുടുംബത്തെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആനന്ദ് പരാതിപ്പെടുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്ന് തനിക്ക് ചികിത്സ തേടേണ്ടി വന്നെന്നും ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നുവെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസമായിട്ടും അന്വേഷണമൊന്നും തന്റെ പരാതിയില്‍ നടന്നിട്ടില്ലെന്നു കാണിച്ചാണ് ആനന്ദ് ഇപ്പോള്‍ എസ്പിക്ക് പരാതി നല്‍കിയിരിക്കുന്നത്.

This post was last modified on February 17, 2018 2:05 pm

Related Post
Leave a Comment