X

മലപ്പുറത്തെ ‘മതതീവ്രാദകേന്ദ്ര’മാക്കുന്നവര്‍ കേള്‍ക്കണം; ക്ഷേത്രത്തിന് കുളവും ഭൂമിയും സൗജന്യമായി നല്‍കിയ ഒരു മുസല്‍മാന്റെ കഥ

ലക്ഷങ്ങള്‍ വിലകിട്ടുമായിരുന്ന ഭൂമി ക്ഷേത്രഭരണസമതിക്കാര്‍ പണം നല്‍കാന്‍ തയ്യാറായിരുന്നിട്ടും സൗജനമായി നല്‍കുകയായിരുന്നു നമ്പ്യാര്‍വീട്ടില്‍ അലി

മതസൗഹാര്‍ദ്ദത്തെ ഊട്ടിയുറപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന നല്ലപാഠത്തിന് മാതൃകയാവുകയാണ് മലപ്പുറം വണ്ടൂര്‍ നമ്പ്യാര്‍വീട്ടില്‍ അലി. വണ്ടൂരിലെ പ്രമുഖ ക്ഷേത്രമാണ് ശാസ്താവങ്ങേട്ടുപുറം ശ്രീകുണ്‍ഡട മഹാശിവക്ഷേത്രം. ശിവരാത്രി ദിനം ഏറെ പ്രധാന്യത്തോടെ ആചരിക്കുന്നതാണാവിടെ. എന്നാല്‍ ഈ ക്ഷേത്രത്തിന് സ്വന്തമായി ആറാട്ട് കുളമില്ല. ക്ഷത്രഭരണസമിതിയേയും വിശ്വാസികളേയും ഏറെ വിഷമിപ്പിക്കുന്ന ഒന്ന്. കുളമില്ലാതെ ആറാട്ട് നടത്താനാവില്ല. ആറാട്ടിലാതെ ഉത്സവവും നടത്താനാകില്ല. ആറുവര്‍ഷം മുമ്പ് അഖണ്ഡനാമവും പണ്ട് മുതലെ ശിവാരാത്രിയും ആഘോഷിച്ചുവരുന്നതല്ലാതെ വര്‍ഷാവര്‍ഷം ഉത്സവം കൂടി നടത്തണമെന്നാണ് വിശ്വാസികളുടെ ആഗ്രഹം. ആലോചനകള്‍ പലതും നടന്നുവെന്നതല്ലാതെ നാളിതുവരെ കുളത്തിനായി സ്ഥലമൊന്നും തരപ്പെട്ടില്ല. അതിനിടയില്‍, ക്ഷേത്രത്തിനു പിന്നിലുളള കുളവും അതിനോട് ചേര്‍ന്നുള്ള സ്ഥലവും കിട്ടിയാല്‍ പ്ര്ശനം പരിഹരിക്കാമെന്ന് ഭരണസമിതിയിലെ പലരും ചൂണ്ടിക്കാണിച്ചത്. ഇതിനെ തുടര്‍ന്നാണ് കമ്മിറ്റി ഭാരവാഹികള്‍ സ്ഥലം ഉടമ നമ്പ്യാര്‍വീട്ടില്‍ അലിയെ സമീപിക്കുന്നത്.

”കുളമില്ലാത്തതിനാല്‍ ആറാട്ട് നടത്താന്‍ പറ്റില്ല. ക്ഷേത്രത്തിനു പിന്നിലുളള കുളവും സ്ഥലവും വാങ്ങാമെന്ന് കരുതി ഞങ്ങള്‍ സ്ഥലം ഉടമ നമ്പ്യാര്‍ വീട്ടില്‍ അലിയെ സമീപിച്ചു. അദ്ദേഹത്തിന് അവിടെ കുറച്ച് സ്ഥലമുണ്ട്. അവിടെ കൃഷിയാണ്. അദ്ദേഹത്തിന്റെ വീട് അവിടെയല്ല, കുറച്ച് ദൂരത്താണ്. എങ്കിലും സംഭവം ചെന്ന് പറഞ്ഞയുടനെ തന്നെ അദ്ദേഹം സമ്മതിച്ചു. പണം നല്‍കാന്‍ ഭരണസമിതി തയ്യാറായിരുന്നു. കുളം മാത്രമല്ലല്ലോ, കുളമടങ്ങുന്ന 4.7 സെന്റ് സ്ഥലമാണ് ഞങ്ങള്‍ ചോദിച്ചത്. എന്നാല്‍, തനിക്ക് പണം വേണ്ടെന്നും ഞാന്‍ അമ്പലത്തിന് അത് സംഭാവന ചെയ്യുകയാണെന്നും അലി ഞങ്ങളോട് പറയുകയായിരുന്നു.” ക്ഷേത്ര ഭരണസമിതിയംഗം വി ശിവശങ്കരന്‍ അഴിമുഖത്തോട് പറഞ്ഞു.

പ്രദേശത്തെ എല്ലാരാഷ്ട്രീയപാര്‍ട്ടിയംഗങ്ങളും ചേര്‍ന്നുളള പൊതുജനം തിരഞ്ഞെടുക്കുന്ന ക്ഷേത്രഭരണസമിതിയാണ് കുണ്‍ഡട മഹാശിവക്ഷേത്രത്തിനുളളതെന്ന പ്രത്യേകതയും ഉണ്ട്. നാനാവിഭാഗം ആളുകളും പങ്കെടുക്കുന്ന ശിവരാത്രിയാഘോഷമാണ് ഒരോ വര്‍ഷവും ക്ഷേത്രത്തില്‍ അരങ്ങേറുക.”ഈ അമ്പലത്തില്‍ അങ്ങനെ കക്ഷി രാഷ്ട്രീയജാതിഭേതമൊന്നുനില്ല. ശിവരാത്രിയില്‍ എല്ലാവിഭാഗം ആളുകളുടെ പങ്കെടുക്കും. ഇത്തവണ വിശ്വാസികളും നാട്ടുകാരും ഏറെ ആഹ്ലാദത്തിലായിരുന്നു. ക്ഷേത്രത്തിന് കുളം ലഭിച്ചു. അതിനാല്‍ തന്നെ നമ്പ്യാര്‍ വീട്ടില്‍ അലിയെ ഞങ്ങളെ ശിവരാത്രി ദിവസം ക്ഷേത്രാങ്കണത്തില്‍ വെച്ച് പൊന്നാടയിട്ട് ആദരിച്ചു. ഇത് ഞങ്ങളുടെ എത്രയോകാലത്തെ ആഗ്രഹമാണ് അദ്ദേഹം സാധിച്ചുതന്നത്.” ഭരണസമിതിയംഗം പറഞ്ഞു.

അതേസമയം താനിത് കണ്ടറിഞ്ഞ് നല്‍കേണ്ടതായിരുന്നുവെന്നാണ് അലിയുടെ പ്രതികരണം. ”എനിക്ക് ക്ഷേത്രത്തിന്റെ അരികില്‍ റബര്‍ കൃഷിയുണ്ട്. അതിന്റെ താഴ്ഭാഗത്ത് ക്ഷേത്രത്തോട് ചേര്‍ന്ന് ഒരു കുളവുമുണ്ട്. അമ്പലത്തിനാണെങ്കില്‍ കുളമില്ല. പണം നല്‍കാമെന്ന് അവര്‍ പറഞ്ഞു. ഞാന്‍ എന്റെ ഉമ്മയോടു ഈ വിവരം ചെന്നു പറഞ്ഞു. അടുത്ത ചില സുഹൃത്തുക്കളോടും ഇക്കാര്യം പറഞ്ഞു. ക്ഷേത്രത്തിനല്ലേ, അത് വെറുതെ കൊടുക്കണം. ‘ഞമ്മളെ ഇതില്‍’ പറയുന്നത് ചോദിച്ചുവരുന്നവരെ മടക്കിയയക്കരുതെന്നല്ലേ! എന്നായിരുന്നു ഉമ്മയുടെ മറപടി. സുഹൃത്തുക്കളുടെ അഭിപ്രായവും മറിച്ചായിരുന്നില്ല. പിന്നെ ഒന്നും ആലോചിച്ചില്ല. അവരെ വിളിച്ച് കുളം അടക്കം നാലേമുക്കാല്‍ സെന്റ് സ്ഥലം (4.7) അമ്പലത്തിന് നല്‍കി.”

നമ്പ്യാര്‍വീട്ടില്‍ അലി നല്‍കിയ കുളമടങ്ങുന്ന സ്ഥലത്തിനു വിലയെത്രയുണ്ടാകുമെന്ന ചോദ്യത്തിന് വിസ്മയിപ്പിക്കുന്ന മറുപടിയാണ് ക്ഷേത്രഭരണസമിതിയംഗം ശിവശങ്കരന്‍ നല്‍കിയത്. ”അതിന്റെ മൂല്യം അലി പറയുന്നതാണ്. കാരണം അമ്പലത്തിന് കുളം അത്ര ആവശ്യമാണ്. അമ്പലത്തോട് ചേര്‍ന്ന് കുളവും സ്ഥലവും ഉളളത് അദ്ദേഹത്തിനു മാത്രമാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹം പറയുന്നതാണ് അതിന്റെ വില. അതുകൊണ്ട് തന്നെ പ്രദേശത്തെ വിലനിലവാരം അനുസരിച്ച് ഞങ്ങള്‍ ഒരു തുക അലോചിച്ചുവെച്ചിരുന്നു. അതിന് ആ സ്ഥലം കിട്ടുകയില്ലെന്നും ഞങ്ങള്‍ക്കറിയാം. എന്നാലും, ചോദിച്ചുനോക്കാമെന്ന മട്ടില്‍ അലിയോട് ചെന്ന് ചോദിച്ചു. വിലപറയാതെ അദ്ദേഹം ആ സ്ഥലം ക്ഷേത്രത്തിനു സംഭാവനയായി നല്‍കുകയായിരുന്നു. തൊട്ടടുത്ത് ക്ഷേത്രത്തിനുവേണ്ടി ഈയടുത്ത് ഞങ്ങള്‍ 60 സെന്റ് വാങ്ങിച്ചിട്ടുണ്ട്. അത് സെന്റിന് 65,000 രൂപയ്ക്കായിരുന്നു. അത് വെച്ച് നോക്കാന്‍ പറ്റില്ല. അത് വെച്ച് നോക്കിയാല്‍ തന്നെ വലിയ ഈ സ്ഥലത്തിനു വലിയ സംഖ്യയാകും.

മതസാഹോദര്യം വളര്‍ത്തുന്നതില്‍ നല്ല പ്രേരണയാണീ സംഭവമെന്നാണ് വണ്ടൂരിലെ പൊതുജനങ്ങളുടെ അഭിപ്രായം. ‘‘വണ്ടൂരില്‍ ധാരാളം ക്ഷേത്രങ്ങളുണ്ട്. ഇവിടെ നടക്കുന്ന ഉത്സവങ്ങളില്‍ എല്ലാവരും പങ്കെടുക്കാറുണ്ട്. പൊതുവെ മലപ്പുറം ജില്ലയില്‍ മതസൗഹാര്‍ദ്ദത്തിന് മാതൃകയാണ് വണ്ടൂര്‍ എന്ന് ഇവിടെ ജോലിക്കുവേണ്ടി പുറത്തുനിന്നും വരുന്നവര്‍ പറയാറുണ്ട്. ഹിന്ദു-മുസ്ലിം മാത്രമല്ല. പുറത്ത് മുസ്ലിങ്ങള്‍ അകറ്റി നിര്‍ത്തുന്ന ചേകന്നൂര്‍ വിഭാഗക്കാര്‍ വരെ വണ്ടൂരിലുണ്ട്.” നാട്ടുകാരന്‍ ഉണ്ണി പറയുന്നു.

”അമ്പലത്തിന് കുളം സംഭാവനയായി നല്‍കിയെന്നത് വലിയ ഒരു നന്മയായിട്ടാണ് ഞാന്‍ കാണുന്നത്. മനുഷ്യരെ വേറിട്ട് കാണാതെ മനുഷ്യരായി കാണുന്ന അദ്ദേഹത്തിന്റെ വലിയ മനസിനെ അഭിനന്ദിക്കുന്നു” പൊതുപ്രവര്‍ത്തകനായ ഇസ്ഹാഖ് പോരൂറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

‘അറബിപ്പൊന്ന്’ നോവല്‍ എഴുതുന്നതിനുവേണ്ടി എം ടി വാസുദേവന്‍ നായരും എംപി മുഹമ്മദും വീടെടുത്ത് താമസിച്ചിരുന്നത് വണ്ടൂരിനടുത്തെ കരുവാരകുണ്ടിലാണെന്നത് ശ്രദ്ധേയമാണ്.

 

This post was last modified on February 18, 2018 8:23 am