X

രുദാലി സിനിമയുടെ സംവിധായിക കല്‍പ്പന ലജ്മി അന്തരിച്ചു

1993ല്‍ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരത്തിന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി രുദാലി ആയിരുന്നു. എന്നാല്‍ നോമിനേഷന്‍ കിട്ടിയില്ല.

രുദാലി അടക്കമുള്ള സ്ത്രീപക്ഷ സിനിമകളിലൂടെ ശ്രദ്ധേയയായ സംവിധായിക കല്‍പ്പന ലജ്മി (64) അന്തരിച്ചു. മുംബൈയില്‍ ഇന്ന് പുലര്‍ച്ചെ 4.30നായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം മുതല്‍ വൃക്കയിലെ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു കല്‍പ്പന ലജ്മി. നടി ഹുമ ഖുറേഷിയാണ് ട്വിറ്ററിലൂടെ ആദ്യം മരണ വിവരം അറിയിച്ചത്.

രുദാലി, ചിംഗാരി, ഏക് പല്‍, ദാമന്‍ തുടങ്ങിയ സിനിമകള്‍ ശ്രദ്ധേയമാണ്. മിഥുന്‍ ചക്രബര്‍ത്തി, അനൂജ് സോഹ്നെ, സുഷ്മിത സെന്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിംഗാരി (2006) ആണ് അവസാന സിനിമ. 1993ല്‍ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരത്തിന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി രുദാലി ആയിരുന്നു. എന്നാല്‍ നോമിനേഷന്‍ കിട്ടിയില്ല. വിഖ്യാത ബംഗാളി എഴുത്തുകാരി മഹാശ്വേത ദേബിയുടെ കഥയെ അവംലബിച്ചുള്ള സിനിമയാണ് രുദാലി. ഈ ചിത്രത്തിലെ അഭിനയത്തിന് ഡിംപിള്‍ കപാഡിയയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. D.G. Movie Pioneer, A Work Study in Tea Plucking, Along the Brahmaputra എന്നീ ഡോക്യുമെന്‍റ്റികളും സംവിധാനം ചെയ്തു.

ശ്യാം ബെനഗലിന്റെ അസിസ്റ്റന്റായാണ് കല്‍പ്പന ലജ്മി സിനിമ മേഖലയിലെ പ്രവര്‍ത്തനം തുടങ്ങിയത്. ഭൂമിക എന്ന ബെനഗല്‍ ചിത്രത്തില്‍ കോസ്റ്റ്യൂം ഡിസൈനര്‍ അസിസ്റ്റന്റ്റ് ആയിരുന്നു. 1986ല്‍ പുറത്തിറങ്ങിയ ഏക് പല്‍ ആണ് സംവിധാനം ചെയ്ത ആദ്യ ഫീച്ചര്‍ സിനിമ. ദീര്‍ഘകാലം പ്രശസ്ത ഗായകന്‍ ഭൂപന്‍ ഹസാരികയുടെ മാനേജരും അടുത്ത സുഹൃത്തും പങ്കാളിയുമായിരുന്നു കല്‍പ്പന ലജ്മി.

ഹസാരികയെക്കുറിച്ചുള്ള കല്‍പ്പന ലജ്മിയുടെ പുസ്തകം ‘Bhupen Hazarika – As I Knew Him’ സെപ്റ്റംബര്‍ എട്ടിന് മുംബൈയില്‍ ശ്യാം ബെനഗല്‍ ആണ് പ്രകാശനം ചെയ്തത്. അതേ സമയം ആശുപത്രിയിലായിരുന്ന ബെനഗലിന് നേരിട്ട് ചടങ്ങില്‍ പങ്കെടുക്കാനായിരുന്നില്ല. ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍, ആലിയ ഭട്ട്, സോണി റസ്ദാന്‍, നീന ഗുപ്ത തുടങ്ങി സിനിമ മേഖലയുള്ളവര്‍ കല്‍പ്പനയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും സാമ്പത്തികമായി സഹായിക്കുകയുംചെയ്തിരുന്നു.

“ദില്‍ ഹൂം ഹൂം കരെ…ഖബരായെ”…ഇല്ല, കല്‍പ്പന മരണത്തെ ഭയന്നിട്ടുണ്ടാകില്ല…(വീഡിയോ)

This post was last modified on September 23, 2018 12:57 pm