X

നടിയുടെ ബോഡി ഡബിള്‍: ജീന്‍ പോളിനെതിരായ കേസില്‍ ഹണീ ബീ 2ന്റെ സെന്‍സര്‍ കോപ്പി പരിശോധിക്കും

ഹണീബി-2വിന്റെ ചിത്രീകരണത്തിനിടെ നടിയോട് ലൈംഗികച്ചുവയോടെ അശ്ലീലമായി സംസാരിച്ചതിന് ജീന്‍ പോള്‍ ലാല്‍ അടക്കമുള്ളവര്‍ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു.

സംവിധായകന്‍ ജീന്‍പോള്‍ ലാലിനെതിരായ കേസില്‍ സിനിമയുടെ സെന്‍സര്‍ കോപ്പി പരിശോധിക്കാന്‍ തീരുമാനം. തന്റെ സമ്മതമില്ലാതെ ബോഡി ഡബിളിനെ (ഡ്യൂപ്പ്) ഉപയോഗിച്ചെന്ന നടിയുടെ പരാതിയില്‍ ഹണീബീ ടു എന്ന സിനിമയുടെ സെന്‍സര്‍ കോപ്പിയാണ് പൊലീസ് പരിശോധിക്കുന്നത്. തന്റേതെന്ന വിധത്തില്‍ മറ്റാരുടെയോ ശരീരഭാഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി നടി നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. സീന്‍  അടക്കമുളള വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടി മൊഴി നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഹണി ബീ ടു സെന്‍സറിംഗിന് നല്‍കിയ പകര്‍പ്പ് പൊലീസ് പരിശോധിക്കുന്നത്.

ഹണീബി-2വിന്റെ ചിത്രീകരണത്തിനിടെ നടിയോട് ലൈംഗികച്ചുവയോടെ അശ്ലീലമായി സംസാരിച്ചതിന് ജീന്‍ പോള്‍ ലാല്‍ അടക്കമുള്ളവര്‍ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. കൊച്ചി റമദ ഹോട്ടലില്‍ ഹണീബി-2 സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ഹോട്ടലിന്റെ പുറം ഒരു വിമാനത്താവളമായാണ് ചിത്രീകരിച്ചത്. അവിടെ നടിയുടെ കഥാപാത്രം വന്നിറങ്ങുന്നത് ചിത്രീകരിക്കേണ്ടിയിരുന്നു. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ സഹസംവിധായകന്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും താന്‍ എതിര്‍പ്പറിയിച്ച രംഗം ഡ്യൂപ്പിനെ വച്ച് സിനിമയില്‍ ഉപയോഗിച്ചുവെന്നുമാണ് പരാതി.

This post was last modified on July 29, 2017 10:13 am

Related Post
Leave a Comment