X

സിപിഐക്കുള്ള ഒളിയമ്പുകള്‍ അവിടെ നില്‍ക്കട്ടെ; വിവരാവകാശത്തിലെ ഈ ഉരുണ്ടുകളി എന്തിനാണ്?

കാബിനറ്റ്‌ തീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ല എന്ന് ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി പറയുന്നത്. നേരത്തെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടപ്പോഴും ഇത് തന്നെയാണ് പറഞ്ഞത്.

ഇടതുപക്ഷ സര്‍ക്കാര്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിനെ പോലെ തന്നെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ? ഉണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിക്കുന്നത്. ഇത്തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്നവരെ തടയേണ്ടവര്‍ അത് ചെയ്യാതെ തെറ്റിദ്ധരിപ്പിക്കുന്നതിന് കൂട്ട് നില്‍ക്കുകയാണെന്നും പിണറായി ആരോപിക്കുന്നു. വിവരാവകാശ നിയമത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുന്നു എന്ന ആരോപണം നിഷേധിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഉന്നം സിപിഐ ആണെന്ന് വ്യക്തം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞത്.

മന്ത്രിസഭ എടുക്കുന്ന എല്ലാ തീരുമാനങ്ങളും വിവരാവകാശ പ്രകാരം നല്‍കാനാവില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തിരുത്തിക്കൊണ്ടാണ് കാനം ഇക്കാര്യം പറഞ്ഞത്. ചില മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പാക്കിയ ശേഷം മാത്രമേ പുറത്തറിയിക്കാന്‍ സാധിക്കൂ എന്ന് പിണറായി പറഞ്ഞിരുന്നു. വിവരാവകാശ സെമിനാറിലായിരുന്നു ഇത്. വിവരാവകാശ നിയമം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിട്ടതും അതേ ദിവസമാണ്. സംഗതി വലിയ ചര്‍ച്ചയും വിവാദവുമായതോടെയാണ് വിശദീകരണ പ്രസ്താവനയുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

ഏതായാലും വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നം മാത്രമല്ല ഇത്. പിണറായി വിജയന്‌റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊലീസ് അതിക്രമങ്ങള്‍ അടക്കം വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ ഉയര്‍ത്തുന്ന നിരന്തര വിമര്‍ശനങ്ങളിലെ അസ്വസ്ഥത തന്നെയാണ് മുഖ്യമന്ത്രി ഇന്നത്തെ പ്രസ്താവനയിലൂടെ പ്രകടിപ്പിച്ചത്. മുണ്ടുടുത്ത മോദി എന്ന് പിണറായിയെ സിപിഐ നേതാക്കള്‍ വിശേഷിപ്പിക്കുന്നത് വരെ കാര്യങ്ങളെത്തിയിരുന്നു. സിപിഐ മുഖപത്രം ജനയുഗം സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനം നടത്തി. നിലമ്പൂരിലെ വനമേഖലയില്‍ രണ്ട് മാവോയിസ്റ്റുകളെ കേരള പൊലീസ് വെടിവച്ച് കൊന്നത് വലിയ പ്രതിഷേധമുയര്‍ത്തുകയും വിവാദമാവുകയും ചെയ്തിരുന്നു. ലോക്കപ്പ് മര്‍ദ്ദനങ്ങളും പൊലീസ് അതിക്രമങ്ങളും ചൂണ്ടിക്കാട്ടി പൊലീസ് നയത്തെ സിപിഐ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായി കൂടി വേണം മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രസ്താവനയെ കാണാന്‍. സിപിഐയ്ക്കുള്ള ഒളിയമ്പുകളും വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളില്‍ ഉരുണ്ടുകളിയുമാണ്‌ മുഖ്യമന്ത്രി നടത്തുന്നത്. സിപിഐമായുള്ള വാക് പോര് ഒരു പുതിയ കാര്യമല്ല. അതിങ്ങനെ കൊണ്ടും കൊടുത്തും മുന്നോട്ട് പോകും.

അതേസമയം കേരള മന്ത്രിസഭാ തീരുമാനങ്ങളുടെ കാര്യം സെമിനാറില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങളെ കുറിച്ചാണ് പറഞ്ഞതെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഇന്നത്തെ ഫേസ്ബുക്ക് പോസ്റ്റിലും മുഖ്യമന്ത്രിയുടെ ഈ ന്യായീകരണമുണ്ട്. മുഖ്യമന്ത്രിയുടെ വാദങ്ങള്‍ ഇങ്ങനെ പോകുന്നു:

“രാജ്യരക്ഷാവിഷയവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പുറത്തുപോയാല്‍ ആ നിമിഷം രാജ്യത്തിന്റെ പ്രതിരോധ ശക്തി ദുര്‍ബലമാകുമെന്നും ശത്രുക്കള്‍ക്ക് അതുകൊണ്ട് ഗുണമുണ്ടാകുമെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നത് സാമ്രാജ്യത്വം ഉപയോഗിക്കുമെന്നുമുള്ള സൂചനയാണ് നല്‍കിയത്. വിമര്‍ശിക്കുന്നവര്‍ക്ക് മറിച്ചാണോ അഭിപ്രായം? വിവരാവകാശനിയമം രാജ്യരക്ഷാകാര്യത്തില്‍ വിവേചനരഹിതമായി ഉപയോഗിക്കട്ടെ, സാമ്രാജ്യത്വം അത് പ്രയോജനപ്പെടുത്തി ഇന്ത്യയെ അസ്ഥിരപ്പെടുത്തട്ടെ എന്നൊക്കെയാണോ അഭിപ്രായം. ഏതായാലും ആ നിയമം വിഭാവനം ചെയ്തവര്‍ക്കാര്‍ക്കും ആ അഭിപ്രായമില്ല. അതുകൊണ്ടുതന്നെയാണ് വിവരാവകാശ നിയമം എവിടെ ബാധകമാകാം, എവിടെ അരുത് എന്ന് അവര്‍ കൃത്യമായി വേര്‍തിരിച്ചുവെച്ചത്. ഈ വേര്‍തിരിവ് വേണമെന്ന ചര്‍ച്ച ഈ നിയമം പരിഗണനയ്ക്കുവന്നപ്പോള്‍ പാര്‍ലമെന്റിലും വന്നു. അത് നിയമത്തില്‍ പ്രതിഫലിച്ചിട്ടുമുണ്ട്. അക്കാര്യം ശ്രദ്ധയില്‍ വയ്ക്കണമെന്ന് വിവരാവകാശ കമ്മിഷനെ ഓര്‍മിപ്പിക്കുന്നത് എങ്ങനെ വിവരവാകാശ നിയമത്തിന് വിരുദ്ധമാകും?”

വിവരാവകാശ നിയമം എല്ലാം തുറന്ന് കാട്ടണം എന്ന് ആവശ്യപ്പെടുന്ന നിയമല്ല. മറിച്ച് ഭരണരംഗത്ത് സുതാര്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ രൂപം നല്‍കിയതാണ്. പക്ഷെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ട കേരളത്തിലെ മന്ത്രിസഭാ യോഗ വിവരങ്ങളും മുകളില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളും തമ്മില്‍ എന്ത് ബന്ധമാണുള്ളത് എന്ന് ചോദ്യമുണ്ട്. 2005ല്‍ പാസാക്കിയ കേന്ദ്ര വിവരാവകാശ നിയമത്തിന്‌റെ 8 (1) ഐ വിവരാവകാശ പരിധിയില്‍ വരാത്ത വിവരങ്ങളെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. രാജ്യസുരക്ഷ, പ്രോസിക്യൂഷന്‍ നടപടികള്‍, കേസ് അന്വേഷണ നടപടികള്‍, നിയമസഭയുടേയോ പാര്‍ലമെന്‌റിന്‌റേയോ അവകാശ, അധികാരങ്ങളെ ബാധിക്കുന്ന വിവരങ്ങള്‍, വ്യാപാര രഹസ്യങ്ങള്‍, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള രഹസ്യവിവരങ്ങള്‍, പൗരന്മാരുടെ സുരക്ഷയ്ക്കും ജിവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന വിവരങ്ങള്‍, വ്യക്തിപരമായ കാര്യങ്ങള്‍ അതായത് പൊതുതാല്‍പര്യമില്ലാത്ത സ്വകാര്യവിഷയങ്ങള്‍ തുടങ്ങിയവ വിവരാവകാശ പരിധിയില്‍ വരില്ല. ഇങ്ങനെയുള്ള വിവരങ്ങളൊന്നും സംസ്ഥാന സര്‍ക്കാരിനോട് ആരും ആവശ്യപ്പെട്ടിട്ടുമില്ല. രാജ്യരക്ഷ, പ്രതിരോധം, വിദേശത്ത് നിന്നുള്ള ഭീഷണികള്‍ തുടങ്ങിയവയൊന്നും സംസ്ഥാന സര്‍ക്കാരിന്‌റെ അധികാരപരിധിയിലുള്ള കാര്യങ്ങളുമല്ല. പിന്നെന്തിനാണ് ഇത്ര കഷ്ടപ്പെട്ട് സംസ്ഥാന വിവരാവകാശ കമ്മീഷന് ഇതൊക്കെ ബോദ്ധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്ന് മനസിലാകുന്നില്ല. കാബിനറ്റ്‌ തീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ല എന്ന് ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി പറയുന്നത്. നേരത്തെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടപ്പോളും ഇത് തന്നെയാണ് പറഞ്ഞത്.



മുഖ്യമന്ത്രിയുടെ ഇന്നത്തെ ഫേസ്ബുക് പോസ്റ്റ്:

വിവരാവകാശ നിയമത്തില്‍ ഏതെങ്കിലും തരത്തില്‍ വെള്ളം ചേര്‍ക്കുന്ന ഒരു നടപടിയും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരില്‍ നിന്നുണ്ടാവുകയില്ല. മറിച്ചു സൂചനകള്‍ നല്‍കുന്ന വിധത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്കു ഒരടിസ്ഥാനവുമില്ല. ‘അറിയുവാനുള്ള അവകാശം സംരക്ഷിക്കാന്‍ ഇന്ത്യയിലുണ്ടായ സുപ്രധാനമായ നിയമ നിര്‍മ്മാണ നാഴികക്കല്ലാണ് 2005 ലെ വിവരാവകാശ നിയമം. ഭരണതലത്തില്‍ ജനങ്ങള്‍ക്കു ഫലപ്രദമായ ഒരു ഇടപെടലിനാണു ഇതു അവസരമൊരുക്കിയത്’ ഈ വാക്കുകളോടെയാണു വിവരാവകാശ സെമിനാറില്‍ ഉദ്ഘാടന പ്രസംഗം തുടങ്ങിയതു തന്നെ. ഈ പറഞ്ഞതിനര്‍ത്ഥം വിവരാവകാശ നിയമത്തിനു എതിരാണു സര്‍ക്കാര്‍ എന്നാണോ?

സര്‍ക്കാരിന്റെ പൊതു അധികാര സ്ഥാനങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള എല്ലാ വിവരങ്ങളും ജനങ്ങളുമായി ബന്ധപ്പെട്ടതോ ജനങ്ങള്‍ക്കു അവകാശപ്പെട്ടതോ ആയ വിവരങ്ങളാണെന്നും ഭരണ സംവിധാനം നിലനില്‍ക്കുന്നതു തന്നെ ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്നും ജനങ്ങള്‍ നല്‍കിയ നികുതിപ്പണത്തിന്റെ വിനിയോഗത്തെക്കുറിച്ചു ജനങ്ങള്‍ക്കറിയാന്‍ അവകാശമുണ്ടെന്നും പറഞ്ഞു. ഇന്നലെകളില്‍ വളരെ രഹസ്യമായി ചെയ്തിരുന്ന പല കാര്യങ്ങളും വെളിച്ചത്തുകൊണ്ടുവരാനും അതു വഴി അഴിമതിക്കാരെ പൊതുജനമധ്യത്തില്‍ തുറന്നു കാട്ടാനും ശിക്ഷിപ്പിക്കാനും ഈ നിയമത്തിലൂടെ ജനങ്ങള്‍ക്കു കഴിഞ്ഞു എന്നും പ്രസംഗത്തില്‍ പറഞ്ഞു. നിയമത്തില്‍ വെള്ളം ചേര്‍ക്കാനാണ് ഉദ്ദേശമെങ്കില്‍ ഇതാണോ പറയുക.

ഭരണ രംഗം ശുദ്ധീകരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണെന്നും ഈ പശ്ചാത്തലത്തില്‍ അഴിമതി രഹിതമായ ഒരു ഭരണ സംവിധാനം നാട്ടില്‍ നിലനിര്‍ത്തുന്നതിന് ഈ നിയമത്തിന് കാര്യമായ തോതില്‍ സഹായിക്കാനാവുമെന്നും പറഞ്ഞു. ഇത് നിയമത്തിനെതിരായ പ്രസ്താവനയായി ഏതുകാടുകയറിയ ഭാവനയ്ക്കും ചിത്രീകരിക്കാനാവില്ല. വിവരാവകാശ നിയമപ്രകാരം നിശ്ചിത ഫീസടച്ച് സര്‍ക്കാര്‍ ഓഫീസുകളിലെ ബന്ധപ്പെട്ട പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് നല്‍കപ്പെടുന്ന അപേക്ഷകളില്‍ ബന്ധപ്പെട്ട ഉദ്യാഗസ്ഥന്‍ മറുപടി നല്‍കാന്‍ ബാധ്യസ്ഥനാണെന്ന് കര്‍ശനമായ വിധത്തില്‍ ആ പ്രസംഗത്തില്‍ ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു. ഇത് നിയമത്തിന്റെ നടത്തിപ്പിന് ഉദ്യോഗസ്ഥ തലത്തില്‍ ഒരുതടസ്സവും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താനാണ് എന്നത് ആര്‍ക്കാണ് മനസ്സിലാകാത്തത്.

രേഖകള്‍ ഇരുമ്പുമറയ്ക്കകത്താവേണ്ട കാര്യമില്ലാ എന്നും പൊതു ജീവിതത്തിലെ ശുദ്ധി നിലനിര്‍ത്താനുള്ള സുതാര്യതയാണ് വിവരാവകാശ നിയമം കൊണ്ട് ഉദ്ദേശിച്ചത് എന്നും പറഞ്ഞ പ്രസംഗത്തില്‍ ഈ നിയമം ദുരുദ്ദേശങ്ങള്‍ക്കായി ദുരുപയോഗിക്കുന്നവരുണ്ടെന്ന് ചൂണ്ടിക്കാട്ടി. അങ്ങനെയുള്ളവരില്ലായെന്ന് ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ക്ക് പറയാന്‍ പറ്റുമോ? അതു ചൂണ്ടിക്കാട്ടുമ്പോഴും സര്‍ക്കാര്‍ അതില്‍ ഇടപെടുമെന്നല്ല പറഞ്ഞത്. വിവരാവകാശ കമ്മിഷനു അത് തിരിച്ചറിയാന്‍ കഴിയണമെന്ന് പറയുകയാണ് ചെയ്തത്. അതായത് കമ്മിഷനുള്ള അധികാരത്തെക്കുറിച്ച് കമ്മിഷനെത്തന്നെ ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തത്. കമ്മിഷനുള്ള പരമാധികാരത്തെക്കുറിച്ച് പറയുന്നത് കമ്മിഷന്റെ അധികാരം കുറയ്ക്കലാണോ? എന്നുമാത്രമല്ല, ചിലര്‍ ദുരുപയോഗിക്കാന്‍ ശ്രമിക്കുന്നു എന്നത് മറയാക്കി വിവരങ്ങള്‍ പൗരന് നിഷേധിക്കുന്നത് ആശാസ്യമായിരിക്കില്ല എന്നുകൂടി ആ പ്രസംഗത്തില്‍ പറഞ്ഞു. ഇതൊക്കെ സൗകര്യപൂര്‍വ്വം കണ്ണടച്ചിരുട്ടാക്കിക്കൊണ്ടാണ് വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് ചിലര്‍ ആരോപിക്കുന്നത്. ചിലര്‍ ഇതു ദുരുപയോഗിക്കുന്നു എന്നതുപോലും വിവര വിനിമയത്തിന് തടസ്സമായികൂടാ എന്നാണ് പറഞ്ഞത് എന്നിരിക്കെ എത്രയോ വ്യക്തമാണ് സര്‍ക്കാര്‍ നിലപാട്.

ഇതിനൊപ്പം മറ്റൊരുകാര്യം ചൂണ്ടിക്കാട്ടി. അത് കേരളത്തിന്റെ കാര്യമല്ല, കേന്ദ്ര മന്ത്രിസഭായോഗ തീരുമാനവുമായി ബന്ധപ്പെട്ട കാര്യമാണത്. രാജ്യരക്ഷാവിഷയവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പുറത്തുപോയാല്‍ ആ നിമിഷം രാജ്യത്തിന്റെ പ്രതിരോധ ശക്തി ദുര്‍ബലമാകുമെന്നും ശത്രുക്കള്‍ക്കതുകൊണ്ട് ഗുണമുണ്ടാകുമെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നത് സാമ്രാജ്യത്വം ഉപയോഗിക്കുമെന്നുമുള്ള സൂചനയാണ് നല്‍കിയത്. വിമര്‍ശിക്കുന്നവര്‍ക്ക് മറിച്ചാണോ അഭിപ്രായം? വിവരാവകാശനിയമം രാജ്യരക്ഷാകാര്യത്തില്‍ വിവേചനരഹിതമായി ഉപയോഗിക്കട്ടെ, സാമ്രാജ്യത്വം അത് പ്രയോജനപ്പെടുത്തി ഇന്ത്യയെ അസ്ഥിരപ്പെടുത്തട്ടെ എന്നൊക്കെയാണോ അഭിപ്രായം. ഏതായാലും ആ നിയമം വിഭാവനം ചെയ്തവര്‍ക്കാര്‍ക്കും ആ അഭിപ്രായമില്ല. അതുകൊണ്ടുതന്നെയാണ് വിവരാവകാശ നിയമം എവിടെ ബാധകമാകാം, എവിടെ അരുത് എന്ന് അവര്‍ കൃത്യമായി വേര്‍തിരിച്ചുവെച്ചത്. ഈ വേര്‍തിരിവ് വേണമെന്ന ചര്‍ച്ച ഈ നിയമം പരിഗണനയ്ക്കുവന്നപ്പോള്‍ പാര്‍ലമെന്റിലും വന്നു. അത് നിയമത്തില്‍ പ്രതിഫലിച്ചിട്ടുമുണ്ട്. അക്കാര്യം ശ്രദ്ധയില്‍ വയ്ക്കണമെന്ന് വിവരാവകാശ കമ്മിഷനെ ഓര്‍മിപ്പിക്കുന്നത് എങ്ങനെ വിവരവാകാശ നിയമത്തിന് വിരുദ്ധമാകും?

ഇതിനര്‍ത്ഥം സര്‍ക്കാര്‍ രേഖകള്‍ ഇരുമ്പുമറയ്ക്കപ്പുറം വെച്ചുപൂട്ടണമെന്നല്ല. അഴിമതികള്‍ പുറത്തുപോകാത്ത വിധം രേഖകള്‍ പൂഴ്ത്തിവയ്ക്കണമെന്നല്ല. ചില സംഭവ്യതകള്‍ സൂചിപ്പിച്ചുവെന്നേയുള്ളു. കേരള മന്ത്രിസഭായോഗ കാര്യത്തിലേയ്ക്ക് പ്രസംഗത്തില്‍ കടന്നിട്ടേയില്ല എന്നതാണ് സത്യം.

വിവരാവകാശ കമ്മിഷനെ ശക്തിപ്പെടുത്താന്‍ വേണ്ട നടപടികളെടുക്കുമെന്ന് പ്രഖ്യാപിച്ചു. ആ നിയമം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നകാര്യം പരിശോധിക്കാമെന്നും ആ നിയമത്തെക്കുറിച്ച് കൂടുതല്‍ പേരെ ബോധവല്‍ക്കരിക്കണമെന്നും പറഞ്ഞുകൊണ്ടാണ് പ്രസംഗം ഉപസംഹരിച്ചത്. ഇപ്പറഞ്ഞ കാര്യങ്ങളൊന്നും കാണാതെ, നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ആരോ ശ്രമിക്കുന്നു എന്ന് വ്യാഖ്യാനിക്കപ്പെട്ടത് നിര്‍ഭാഗ്യകരം മാത്രമല്ല സത്യവിരുദ്ധം കൂടിയാണ്. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിവരാവകാശ നിയമം വഴി ചോദിച്ചിട്ടും കൊടുക്കാതിരുന്ന മുന്‍ സര്‍ക്കാരിനെപ്പോലെയാണ് ഈ സര്‍ക്കാരും എന്നുവരുത്തി തീര്‍ത്ത് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മൂല്യങ്ങളുടെ താല്‍പര്യത്തിലല്ല. ആ നിയമത്തിനുവേണ്ടി ദീര്‍ഘകാലം പൊരുതിയ പ്രസ്ഥാനത്തിന്റെ ഭാഗമായി നില്‍ക്കുന്ന വ്യക്തിയില്‍ നിന്ന് മറിച്ച് ഒരു സമീപനം ഉണ്ടാവുമെന്നു കരുതുന്നതില്‍ അര്‍ത്ഥമില്ല. വിവരാവകാശം സംബന്ധിച്ച നിലപാടില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുന്നവരുണ്ടാകാം. എന്നാല്‍ തെറ്റിദ്ധാരണ പരത്തുന്നവരെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ ചുമതലയുള്ളവര്‍ മറിച്ചൊരു നിലപാടെടുത്താലോ?

ഇനി മുഖ്യമന്ത്രിയുടെ വിശദീകരണങ്ങള്‍ അനുസരിച്ച് ചില കാര്യങ്ങള്‍. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ പ്രകാരം വെളിപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത് കേരള സര്‍ക്കാരിനോട് ആയിരിക്കുമല്ലോ. കേന്ദ്രസര്‍ക്കാരിനോടാവാന്‍ യാതൊരു സാദ്ധ്യതയുമില്ല. ഇത് ചോദ്യം ചെയ്താണല്ലോ പിണറായി വിജയന്‌റെ നേതൃത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതും. ചില വ്യക്തതകള്‍ ആവശ്യമായതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നാണ് ഇതുമായി ബന്ധപ്പെട്ട് വിഡി സതീശന്‌റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍ പെടുത്താനാവില്ല എന്നാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ തെളിവായി മുന്നില്‍ നില്‍ക്കെ, വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട പിണറായി സര്‍ക്കാരിന്‍റേത് ഇരട്ടത്താപ്പ് അല്ല എന്നെങ്ങനെ പറയും?

വിവരാവകാശത്തെ പേടിക്കുന്നതെന്തിന്? സുതാര്യത ഇരുമ്പ് മറക്കുള്ളിലാവരുത്‌

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ വിവാദ ഉത്തരവുകളുമായി ബന്ധപ്പെട്ട് വിവരാവകാശത്തോടുള്ള അന്നത്തെ സര്‍ക്കാരിന്‌റെ നിഷേധാത്മക നിയമനം കണ്ടതാണല്ലോ. പ്രത്യേകിച്ച് യുഡിഎഫ് സര്‍ക്കാരിന്‌റെ അവസാന കാലത്ത്. അന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയില്‍ പിണറായി വിജയനും മറ്റ് നേതാക്കളുമെല്ലാം യുഡിഎഫ് സര്‍ക്കാരിനേയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. “ജനം ആട്ടിപ്പുറത്താക്കും എന്ന ഭയം കൊണ്ടാണ് വിവരാവകാശം അട്ടിമറിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്” എന്നായിരുന്നു പിണറായി അന്ന് പറഞ്ഞത്. അന്ന് പറഞ്ഞതും ഇപ്പോള്‍ പറയുന്നതും കേള്‍ക്കുന്നവര്‍ക്ക് യുഡിഎഫ് സര്‍ക്കാരിന്റെ അതേ സമീപനം തന്നെയാണല്ലോ പല കാര്യങ്ങളിലും എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത് എന്ന് തോന്നിയാല്‍ അവരെ കുറ്റം പറയാനാവില്ല. അത് പിണറായി പറയുന്ന പോലെ ഇടതുപക്ഷ ജനാധിപത്യ മൂല്യബോധം ഇല്ലാത്തത് കൊണ്ടാണെന്ന് കരുതാനാവില്ല.

നിലവില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍ മാത്രമേ സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ അംഗമായിട്ടുള്ളൂ. നിലവില്‍ 13,000-ല്‍ അധികം വിവരാവകാശ അപേക്ഷകളാണ് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. അഞ്ച് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. പുതിയ അംഗങ്ങളെ നിയമിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അംഗങ്ങളെ നിയമിച്ചത് കൊണ്ട് മാത്രം, അതിന് അതിന്‌റെ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായും നീതിപൂര്‍വമായും നിര്‍ഭയമായും നടത്താന്‍ കഴിയില്ല. വിവരാവകാശ നിയമത്തോട് സര്‍ക്കാരിന്‌റ സമീപനം എന്താണ് എന്നതിനെ ആശ്രയിച്ചിരിക്കും, വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും പ്രസക്തിയും. വിവരാവകാശ കമ്മീഷന്റെ അധികാരത്തെ കുറിച്ച് കമ്മീഷനെ തന്നെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ് താന്‍ ചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടും മുഖ്യമന്ത്രിയുടെ നേരത്തെയുള്ള പ്രസ്താവനകളും ഇതിന് വിരുദ്ധമാണ് എന്ന കാര്യ വ്യക്തം.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സുജയ്)

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:

This post was last modified on January 25, 2017 8:44 pm