X

മുഖ്യമന്ത്രിയെ ട്രോളിയാല്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടില്ല: പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്

സോഷ്യല്‍ മീഡിയയിലെ പ്രചരണം തെറ്റിദ്ധാരണജനകമാണെന്ന് സംസ്ഥാന പോലീസ് മേധാവി

മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളിയാല്‍ നടപടിയെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ ഇത് തെറ്റിദ്ധാരണജനകമാണെന്ന് കാണിച്ച് സംസ്ഥാന പോലീസ് മേധാവി പത്രകുറിപ്പ് ഇറക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പോലീസിലെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ നടപടിയെടുക്കുമെന്ന വാര്‍ത്തയാണ് വൈറലായിരിക്കുന്നത്.

 

ഐജിയുടെ പത്രകുറിപ്പ്‌

മറ്റൊരാളുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് അതുപയോഗിച്ച് പോസ്റ്റ് ഇടുന്നതും ഒരു വ്യക്തിയെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നതും ഐടി ആക്ട് പ്രകാരവും ഐപിസി പ്രകാരവും കുറ്റകരമാണ്. ഇത്തരത്തിലുള്ള പരാതികള്‍ ലഭിച്ചാല്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ഒരു പത്രപ്രവര്‍ത്തകന്‍ തന്റെ വ്യാജ പ്രൊഫൈലുണ്ടാക്കി മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന് കാണിച്ച് ഒരു പരാതി തന്നിരുന്നു. ഇതിനെതിരെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്. അല്ലാതെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ നടപടിയെടുക്കും എന്നതരത്തില്‍ ഒരു മുന്നറിയിപ്പും ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് പത്രകുറിപ്പില്‍ പറയുന്നു.

This post was last modified on March 25, 2017 9:47 pm