X

വിദ്വേഷ പ്രസംഗം: ഇസ്രായേല്‍ പ്രസിഡന്റ് നെതന്യാഹുവിന് ഫേസ്ബുക്കിന്റെ ശിക്ഷാ നടപടി, ചാറ്റ് ബോട്ട് സംവിധാനം നിര്‍ത്തി

സെപ്റ്റംബര്‍ 17-ന് ഇസ്രായേലില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണ്. തീവ്ര മത - ദേശീയ - വലതുപക്ഷ വോട്ടര്‍മാരെ പ്രീതിപ്പെടുത്തുന്ന തരത്തില്‍ പ്രകോപനപരമായ പല പ്രസ്താവനകളും നെതന്യാഹു നടത്തുന്നുണ്ട്.

വിദ്വേഷം പ്രചരിപ്പിച്ചതിന്റെ പേരില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഔദ്യോഗിക പേജിലെ ചാറ്റ് സംവിധാനം ഫേസ്ബുക്ക് താല്‍ക്കാലികമായി മരവിപ്പിച്ചു. പേജ് സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം ‘നമ്മെയെല്ലാം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന അറബികളെക്കുറിച്ച്’ മുന്നറിയിപ്പ് നല്‍കുന്ന സന്ദേശങ്ങള്‍ ഒട്ടോമെറ്റിക്കായി പേജില്‍നിന്നും ലഭിക്കുമായിരുന്നു. അതാണ് ഫേസ്ബുക്കിന്റെ വിദ്വേഷ പ്രചാരണ നയത്തിന്റെ ലംഘനമായത്.

സെപ്റ്റംബര്‍ 17-ന് ഇസ്രായേലില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണ്. കടുത്ത മത്സരമാണ് നെതന്യാഹു ഇത്തവണ നേരിടുന്നത്. തീവ്ര മത – ദേശീയ – വലതുപക്ഷ വോട്ടര്‍മാരെ പ്രീതിപ്പെടുത്തുന്ന തരത്തില്‍ പ്രകോപനപരമായ പല പ്രസ്താവനകളും അദ്ദേഹം നടത്തുന്നുണ്ട്. പലസ്തീന്‍ പൗരന്മാരുടെ രാഷ്ട്രീയ സ്വാധീനത്തെ ഭയപ്പെടണമെന്നാണ് അദ്ദേഹം പ്രധാനമായും പറയുന്നത്. ഇസ്രയേല്‍ ജനസംഖ്യയിയുടെ അഞ്ചിലൊന്നും അറബ് ഇസ്രയേലികളാണ്. 1948ല്‍ ഇസ്രായേല്‍ രൂപീകരണവുമായി ബന്ധപ്പെട്ട യുദ്ധത്തിനുശേഷവും അവിടെ താമസിച്ചു വരുന്നവരാണ് അവര്‍.

നെതന്യാഹുവിന്റെ ഭരണകക്ഷിയായ ലികുഡ് പാര്‍ട്ടി നടത്തുന്ന പേജിലെ ഓട്ടോമേറ്റഡ് ചാറ്റ് പ്രവര്‍ത്തനം 24 മണിക്കൂര്‍ നിര്‍ത്തിവച്ചതായി ഫേസ്ബുക്ക് അറിയിച്ചു. നിരീക്ഷണം തുടരുകയാണെന്നും കൂടുതല്‍ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നത് തുടരുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. ‘ജൂത രാഷ്ട്രമെന്ന വലതുപക്ഷ നയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സുരക്ഷയ്ക്ക് പ്രാമുഖ്യം നല്‍കി ശക്തമായ ഇസ്രായേല്‍’ എന്ന ആശയമാണ് പേജ് സന്ദര്‍ശിക്കുന്ന ഏല്ലാവര്‍ക്കും അയക്കുന്നത്. എന്നാല്‍ തന്റെ ഓഫീസിലെ ഒരു ജീവനക്കാരന് സംഭവിച്ച അബദ്ധമാണ് അതെന്നാണ് നെതന്യാഹു പ്രതികരിച്ചത്.

താന്‍ അധികാരത്തിലെത്തിയാല്‍ വെസ്റ്റ്ബാങ്കിലെ കൂടുതല്‍ പ്രദേശങ്ങള്‍ ഇസ്രയേലിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനെതിരെയും സൗദി അറേബ്യ ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങളില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. താന്‍ അധികാരത്തിലെത്തിയാല്‍ ഇതിനായി പ്രത്യേക നിയമ നിര്‍മ്മാണം കൊണ്ട് വരുമെന്നായിരുന്നു പ്രഖ്യാപനം. നെതന്യാഹുവിന്റെ പ്രഖ്യാപനം ഭീകതയും, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്നാണ് സൗദി അറേബ്യ പ്രതികരിച്ചത്.

Read: വൈറ്റ് ഹൗസിലും പരിസരങ്ങളിലും ഇസ്രായേല്‍ ചാര ഉപകരണങ്ങള്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ട്; ആരോപണം തളളി ഇസ്രായേല്‍