X

കല്‍ക്കരിപ്പാടം അഴിമതി; മന്‍മോഹന്‍ സിംഗിനെ പ്രതിചേര്‍ത്ത സിബിഐ കോടതി നടപടിക്ക് സ്‌റ്റേ

അഴിമുഖം പ്രതിനിധി

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പ്രതി ചേര്‍ത്ത സിബിഐ കോടതിയുടെ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ. മന്‍മോഹന്‍സിംഗിന്റെ ഹര്‍ജിയിലാണ് നടപടി. കേസിലെ എല്ലാ കക്ഷികള്‍ക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേസില്‍ ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയാണു മന്‍മോഹനെ പ്രതിചേര്‍ത്തത്. അദ്ദേഹത്തോട് ഈ മാസം എട്ടിനു നേരിട്ടു ഹാജരാകാനും നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് മന്‍മോഹന്‍സിംഗ് ഹര്‍ജി നല്‍കിയത്. ഭരണപരമായ നടപടിക്രമം ഒരിക്കലും നിയമലംഘനമാവില്ലെന്നും സിബിഐ കോടതിയുടെ നടപടിയില്‍ നിരവധി പാകപ്പിഴകളുണ്ടെന്നും മന്‍മോഹന്‍ സുപ്രീം കോടതിയില്‍ വാദിച്ചു. സ്റ്റേ വന്നതോടെ ഇനി മന്‍മോഹന് ഹാജരാകേണ്ടി വരില്ല. മന്‍മോഹനു പുറമേ മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖ്, വ്യവസായി കുമാരമംഗലം ബിര്‍ള എന്നിവരോടും ഹാജരാകാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.

പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് 2009ല്‍ കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന സമയത്ത് കുമാരമംഗലം ബിര്‍ളയുടെ ഹിന്‍ഡാല്‍കോ കമ്പനിക്ക് അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചെന്നാണ് കേസ്. ഇടപാടില്‍ 1.86 ലക്ഷം കോടിയുടെ അഴിമതി നടന്നെന്ന് സിഎജി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണു സിബിഐ അന്വേഷണം ആരംഭിച്ചത്.

This post was last modified on December 27, 2016 2:54 pm