X

വർഗ്ഗീയ കലാപം; ബംഗാളില്‍ 12 ജില്ലകളിൽ കർഫ്യൂ

അഴിമുഖം പ്രതിനിധി

ദുർഗാ പൂജയോടും മുഹറത്തോടും അനുബന്ധിച്ചു നടത്താറുള്ള ഘോഷയാത്രക്കിടെ ഉണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ വര്‍ഗ്ഗീയ സംഘര്‍ഷം വ്യാപകമാവുന്നു. കഴിഞ്ഞ നാലു ദിവസങ്ങള്‍ക്കിടയില്‍ 15 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കലാപം രൂക്ഷമായതോടെ വീട് വിട്ടിറങ്ങുകയാണ് പല കുടുംബങ്ങളും.  പന്ത്രണ്ടു ജില്ലകളിൽ 144 സി ആർ പി സി പ്രകാരം കർഫ്യൂ പ്രഖ്യാപിച്ചെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു. 

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഹസിനഗറിലും ഹലിസഹറിലുമാണ് കലാപം ഏറ്റവും രൂക്ഷം. മുപ്പതോളം വീടുകളും കടകളും ഇവിടെ ആക്രമിക്കപ്പെടുകയും തീ വെച്ചു നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.  വ്യത്യസ്ത സംഭവങ്ങളില്‍ അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. 

എന്നാല്‍ നടന്നത് ചെറിയ സംഭവങ്ങള്‍ മാത്രമാണെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് അനുജ് ശര്‍മ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ എല്ലാ വര്‍ഷവും നടക്കാറുണ്ട്. ഉടന്‍ തന്നെ സ്വഭാവിക അവസ്ഥയിലേക്ക് .പോവുകയും ചെയ്യും. 

പ്രതിപക്ഷ നേതാവ് അബ്ദുൽ മന്നൻ തൃണമൂല്‍ ഗവണ്‍മെന്‍റിനെ നിശിതമായി വിമർശിച്ചു. എത്രയും പെട്ടെന്ന് വീടുകളിലേക്ക് തിരികെ വരാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് സർവകക്ഷി യോഗം വിളിച്ചു ചേർക്കണമെന്നും അദ്ദേഹം ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.

അതേസമയം അവസരം ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് സംഘ പരിവാര്‍ സംഘടനകളായ വിശ്വ ഹിന്ദു പരിഷദും ഹിന്ദു ജാഗരണ്‍ മഞ്ചയും. ബി ജെ പിയുടെ കുടക്കീഴില്‍ നിന്നുകൊണ്ടല്ലാതെ ഗവര്‍ണര്‍ക്ക് നിവേദനം നല്കിയിരിക്കുകയാണ് സംഘ പരിവാര്‍ സംഘടനകള്‍.  

This post was last modified on December 27, 2016 2:23 pm