X

വര്‍ഗ്ഗീയ വിദ്വേഷ പ്രസംഗം; വെള്ളാപ്പള്ളിക്കെതിരെ കേസ്

അഴിമുഖം പ്രതിനിധി

സമത്വ മുന്നേറ്റ യാത്രയ്ക്കിടെ വര്‍ഗ്ഗീയ വിദ്വേഷം വമിക്കുന്ന പ്രസംഗം നടത്തിയതിന് വെള്ളാപ്പള്ളി നടേശന് എതിരെ കേസെടുത്തു. കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരിച്ച നൌഷാദിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത് സംബന്ധിച്ച് വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രസ്താവന നടത്തിയതിനാണ് കേസ്. നൗഷാദിന്റെ കുടുംബത്തിന് ധനസഹായം നല്‍കിയത് അദ്ദേഹം മുസ്ലിമായത് കൊണ്ടാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം.  ആലുവ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 153 എ വകുപ്പ് പ്രകാരമാണ് കേസ്. മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് വെള്ളാപ്പള്ളിയുടെ പേരില്‍ ചുമത്തിയിരിക്കുന്നത്.

നേരത്തെ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും കേസെടുകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെയും പ്രോസിക്യൂട്ടര്‍ ഓഫ് ജനറലിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് കേസ് എടുക്കാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു

This post was last modified on December 27, 2016 3:25 pm