X

അടുത്ത സംശയം, മോദിയുടെ ജനന തിയതിയെ ചൊല്ലി

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെ മോദിയുടെ ജനന തിയതിയിലെ പൊരുത്തമില്ലായ്മയും ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. മോദിയുടെ ബിരുദാനന്തര ബിരുദത്തിന്റെ വിവരങ്ങള്‍ ഗുജറാത്ത് സര്‍വകലാശാല പുറത്തുവിട്ട സമയത്തേയും കോണ്‍ഗ്രസ് ചോദ്യം ചെയ്തു. നേരത്തെ രഹസ്യമാണെന്ന് പറഞ്ഞ് മോദിയുടെ വിദ്യാഭ്യാസ വിവരങ്ങള്‍ പുറത്തു വിടാന്‍ സര്‍വകലാശാല വിസമ്മതിച്ചിരുന്നു.

മോദി പന്ത്രണ്ടാം ക്ലാസിന് തുല്യമായ പ്രീ-സയന്‍സ് കോഴ്‌സിന് അഡ്മിഷന്‍ എടുത്ത വിസ്‌നഗര്‍ എംഎന്‍ കോളേജിലെ വിദ്യാര്‍ത്ഥി രജിസ്റ്ററില്‍ മോദിയുടെ ജനനതിയതി രേഖപ്പെടുത്തിയിരിക്കുന്നത് 1949 ഓഗസ്റ്റ് 29 എന്നാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തില്‍ മോദി ജനനതിയതി വെളിപ്പെടുത്തിയിരുന്നില്ല. എങ്കിലും വയസ്സ് രേഖപ്പെടുത്തിയിരുന്നു. മോദിയുടെ ഔദ്യോഗിക ജനനതിയതിയെന്ന് അറിയപ്പെടുന്നത് 1950 സെപ്തംബര്‍ 17 ആണെന്ന് കോണ്‍ഗ്രസ് നേതാവ് ശക്തിസിംഹ് ഗോഹില്‍ ആരോപിച്ചു.

നരേന്ദ്രകുമാര്‍ ദാമോദര്‍ദാസ് മോദിയുടെ പേരുള്ള സ്‌കൂള്‍ രജിസ്റ്ററിന്റെ പകര്‍പ്പ് അദ്ദേഹം പുറത്തുവിടുകയും ചെയ്തു.

മോദിയുടെ പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ് മറ്റു രേഖകള്‍ എന്നിവയില്‍ ഏത് ജനന തിയതിയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വെളിപ്പെടുത്തണമെന്ന് ശക്തിസിംഹ് ആവശ്യപ്പെട്ടു. വ്യത്യസ്തമായ ജനനതിയതികള്‍ക്ക് പിന്നിലെ കാരണം വ്യക്തമാക്കണം. 2014-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ബിഎയും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്നും എംഎയും എടുത്തിട്ടുണ്ടെന്നാണ് മോദി രേഖപ്പെടുത്തിയതെന്നും ശക്തിസിംഹ് ഓര്‍മ്മിപ്പിച്ചു. അതേ സത്യവാങ് മൂലത്തിലാണ് മോദി വിവാഹിതനാണെന്ന് ആദ്യമായി സമ്മതിക്കുന്നതും.

This post was last modified on December 27, 2016 4:03 pm