X

തച്ചങ്കരിയെ മറ്റിയെന്ന് ബാലകൃഷ്ണന്‍, ഇല്ലെന്ന് ഉമ്മന്‍ചാണ്ടി; കോണ്‍ഗ്രസില്‍ പോര് മുറുകുന്നു

കേരളത്തിലെ ഏറ്റവും വിവാദ നായകനായ ഐപിഎസ് ഓഫീസര്‍ ടോമിന്‍ തച്ചങ്കരിയെ ചുറ്റിപ്പറ്റി പുതിയ വിവാദം ഉടലെടുത്തു. കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്ത് നിന്നും തച്ചങ്കരിയെ നീക്കി പകരം റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ എംഡി രത്‌നകുമാറിന് അധിക ചുമതല നല്‍കി ഇന്നലെ ഇറങ്ങി ഉത്തരവാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന് പുതിയ മാനം നല്‍കിയിരിക്കുന്നത്.

തച്ചങ്കരിയെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്തതായി സഹകരണവകുപ്പ് മന്ത്രിയും ഐ ഗ്രൂപ്പ് നേതാവുമായ സിഎന്‍ ബാലകൃഷ്ണന്‍ അറിയിച്ചപ്പോള്‍ ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടിട്ടില്ലെന്നും അടുത്ത മന്ത്രിസഭായോഗത്തില്‍ മാേ്രത അന്തിമതീരുമാനം ഉണ്ടാകുമെന്നുമുള്ള വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി.

ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തു നിന്നും മാറ്റണമെന്ന് സഹകരണവകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണനും മന്ത്രി രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ എതിര്‍പ്പിനെത്തുടര്‍ന്നു തീരുമാനമായില്ല. അതിനുശേഷം മുഖ്യമന്ത്രി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ വാര്‍ത്താസമ്മേളനത്തിനു പോയ ശേഷം വീണ്ടും ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചയ്‌ക്കൊടുവില്‍ അദ്ദേഹത്തെ മാറ്റാന്‍ തീരുമാനിക്കുകയുമായിരുന്നു എന്നറിയുന്നു.

കണ്‍സ്യൂമര്‍ഫെഡിലെ പല നടപടികളും വിവാദമായ സാഹചര്യത്തില്‍ ഐ ഗ്രൂപ്പ് തച്ചങ്കരിയെ മാറ്റണമെന്ന് ശഠിക്കുകയായിരുന്നു. പല നേതാക്കള്‍ക്കുമെതിരെ വിജിലന്‍സ് നടപടിക്ക് തച്ചങ്കരി ശുപാര്‍ശ ചെയ്തതും അവരെ ചൊടിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിലായി, കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി തീരുമാനത്തിനു വിരുദ്ധമായി സഹകരണ വകുപ്പ് നിയമിച്ച ജനറല്‍ മാനേജരെ തച്ചങ്കരി കഴിഞ്ഞദിവസം തിരിച്ചയച്ചതും തച്ചങ്കരിക്കെതിരെ കൂടുതല്‍ ശക്തമായ നീക്കത്തിന് കാരണമായി. തച്ചങ്കരിയെ നീക്കുന്നതിനെതിരെ എ ഗ്രൂപ്പ് നേതാക്കള്‍ ചാനലുകളില്‍ പരസ്യമായി രംഗത്ത് വന്നതും ശ്രദ്ധേയമാണ്.

ഇതിനിടെ, തന്നെ എംഡി സ്ഥാനത്തുനിന്നും മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ടോമിന്‍ തച്ചങ്കരി അറിയിച്ചു. വ്യാജ സിഡി ഉള്‍പ്പെടെ നിരവധി വിവാദങ്ങളില്‍ ഇതിന് മുമ്പും സ്ഥാനപിടിച്ച് വാര്‍ത്തകളില്‍ ഇടംനേടിയ വ്യക്തിയാണ് ടോമിന്‍ തച്ചങ്കരി.

 

This post was last modified on December 27, 2016 3:21 pm