X

കോപ്പന്‍ഹേഗനില്‍ പ്രവാചകന്‍റെ കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റ് പങ്കെടുത്ത യോഗത്തിനു നേരെ വെടിവെപ്പ്

ഡാനിഷ് തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ പ്രവാചകന്‍റെ കാര്‍ട്ടൂണ്‍ വരച്ച സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ് ലാര്‍സ് വില്‍ക്ക്സ് പങ്കെടുത്ത യോഗത്തിന് നേരെ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോപ്പന്‍ ഹേഗനില്‍ ഒരു സാംസ്കാരിക കേന്ദ്രത്തില്‍ ഇസ്ലാമും അഭിപ്രായ സ്വാതന്ത്ര്യവും എന്ന സംവാദ പരിപാടിക്ക് നേരെയാണ് വെടിവെപ്പ് നടന്നത്. മണിക്കൂറുകള്‍ക്ക് ശേഷം കോപ്പന്‍ഹേഗനിലെ പ്രധാന ജൂത ദേവാലയത്തിനടുത്തുള്ള കോഫീ ഷോപ്പിലുണ്ടായ വെടിവെപ്പില്‍ മറ്റൊരാളും കൊല്ലപ്പെട്ടു. രണ്ടു സംഭവങ്ങളിലുമായി രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം നൊറേബ്രോ റെയില്‍വേ സ്‌റ്റേഷനില്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പരിക്കേറ്റയാള്‍ അക്രമണം നടത്തിയ വ്യക്തിയാണോ എന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 

കോപ്പന്‍ഹേഗനിലെ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന സംവാദത്തിനിടയില്‍ നടന്ന അക്രമത്തിന്റെ തുടര്‍ച്ചയാണോ ജൂതദേവാലയത്തില്‍ സംഭവിച്ചതെന്ന കാര്യത്തില്‍ പൊലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല.  ഈ സ്ഥലത്ത് നിന്ന് അഞ്ചു കിലോമീറ്റര്‍ അപ്പുറത്തായി ക്രിസ്റ്റല്‍ഗെയ്ഡ് സ്ട്രീറ്റിലായാണ് രണ്ടാമത് വെടിവയ്പ്പ് നടന്ന ജൂതദേവാലയം സ്ഥിതി ചെയ്യുന്നത്.

ലാര്‍സ് വില്‍ക്ക്സ് 2007ല്‍ വരച്ച പ്രവാചകനെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഫ്രഞ്ച് ആക്ഷേപ ഹാസ്യ മാസികയായ ഷാര്‍ലി എബ്ദോയ്ക്ക് നേരെ ആക്രമണം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് പുതിയ ആക്രമണം.

This post was last modified on December 27, 2016 2:48 pm