X

കേരളത്തില്‍ ഗോഹത്യാവിരുദ്ധമുന്നേറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു; കെ സുരേന്ദ്രന്‍

പൊതുസ്ഥലത്ത് കശാപ്പ് കുറ്റമാണെന്നാണ് യൂത്ത് കോണ്‍ഗ്രസുകാരുടെ അറസ്റ്റ് വ്യക്തമാക്കുന്നത്

കേരളത്തില്‍ ഗോഹത്യവിരുദ്ധ മുന്നേറ്റത്തിനു കേരളത്തില്‍ സമയം അതിക്രമിച്ചെന്നു ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഏതാനും വര്‍ഷം മുന്‍പ് സംഘം ഗോഗ്രാമയാത്രകള്‍ സംഘടിപ്പിച്ചപ്പോള്‍ വലിയ പ്രതികരണമാണ് ലഭിച്ചതെന്നും മുസ്ലിം സമുദായത്തിലെ വലിയൊരു വിഭാഗം ഇക്കാര്യത്തില്‍ അനുകൂലമായി ചിന്തിക്കുന്നുണ്ടെങ്കിലും സിപിഎമ്മിന്റെ ദുഷ്ടബുദ്ധിയാണ് പ്രശ്‌നം വഷളാക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസുകാരെ അറസ്റ്റ് ചെയ്തതില്‍ നിന്നും പൊതുസ്ഥലത്ത് കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് കുറ്റമാണെന്നു തെളിഞ്ഞതായും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു;

കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

റിജില്‍ മാക്കുറ്റിയെ അറസ്റ്റ് ചെയ്തതോടുകൂടി ഒരു കാര്യം ബോധ്യമായി. പൊതു സ്ഥലത്തുവെച്ച് കന്നുകാലികളെ കശാപ്പുചെയ്യുന്നത് കുറ്റമാണ്. നാട്ടുകാരെ ഇതുവരെ തെററിദ്ധരിപ്പിച്ചിരുന്നത് കേരളത്തില്‍ ആര്‍ക്കും എവിടെ വെച്ചും കശാപ്പുനടത്താമെന്നായിരുന്നല്ലോ. അപ്പോ സംഗതി അങ്ങനെയല്ല. കശാപ്പു ചെയ്യണമെങ്കില്‍ ഇവിടേയും നിയമങ്ങളുണ്ട്. അതായത് ലൈസന്‍സുള്ള അറവുശാലകളിലേ കശാപ്പു പാടുള്ളൂ. അല്ലാതെ ഇപ്പോള്‍ നടക്കുന്നതുപോലെ ഒരു ടാര്‍പോളീന്‍ വലിച്ചുകെട്ടി റോഡുസൈഡില്‍ ആര്‍ക്കും അറവു നടത്താന്‍ പററില്ല. ഒരു ദിവസം ഏകദേശം 2800 കന്നുകാലികള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കു വരുന്നുണ്ട്. അതില്‍ ആയിരത്തിലധികം പശുക്കളാണെന്നാണ് കണക്ക്. ഒരു 500 എണ്ണമെങ്കിലും കേരളത്തില്‍ നിന്നു തന്നെ അറവിനായി ലഭിക്കുന്നുണ്ട്. ഈ കന്നുകാലികളെയൊക്കെ കശാപ്പു നടത്തുന്ന അറവുശാലകള്‍ക്ക് ലൈസന്‍സുണ്ടോ കേരളത്തില്‍. ഇല്ല എന്നാണ് കണക്കുകള്‍ പറയുന്നത്. സി. പി. എം ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഒരൊററ അറവുശാലക്കും ലൈസന്‍സില്ലാത്തതുകൊണ്ട് എല്ലാം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുകയാണ്. ഇതാണ് എല്ലായിടത്തേയും അവസ്ഥ. അപ്പോള്‍ കേരളമാകെ നടക്കുന്നത് നിയമവിരുദ്ധമായ കശാപ്പാണ്. റിജില്‍ മാക്കുററി ചെയ്ത കുററം കേരളത്തില്‍ എല്ലാ ദിവസവും ആയിരക്കണക്കിന് സ്ഥലത്തു നടക്കുന്നു. ഇക്കാര്യം രാഷ്ട്രീയമായ കണ്ണോടുകൂടി കാണാതെ വസ്തുതാപരമായി ഇതിനെ സമീപിക്കാന്‍ പൊതുസമൂഹം തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒരു ഗോഹത്യാവിരുദ്ധമുന്നേററത്തിന് കേരളത്തില്‍ സമയം അതിക്രമിച്ചിരിക്കുന്നു. ഏതാനും വര്‍ഷം മുന്‍പ് സംഘം ഗോഗ്രാമയാത്രകള്‍ സംഘടിപ്പിച്ചപ്പോള്‍ വലിയ പ്രതികരണമാണ് അതിനു ലഭിച്ചത്. ബാലഗോകുലം വീടിന് ഗോവ്, നാടിന് കാവ് എന്ന ക്യാംപയിന്‍ സംഘടിപ്പിച്ചപ്പോഴും വലിയ പിന്‍തുണയാണ് അതിന് ലഭിച്ചത്. ഏററവും ശ്രദ്ധേയമായ കാര്യം മുസ്‌ളീം സമുദായത്തിലെ വലിയൊരു വിഭാഗം ഇക്കാര്യത്തില്‍ അനുകൂലമായി ചിന്തിക്കുന്നു എന്നതാണ് വസ്തുത. പ്രശ്‌നം വഷളാക്കുന്നത് സി. പി. എമ്മിന്റെ ദുഷ്ടബുദ്ധി മാത്രമാണ്.