X

സിപിഐ സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് തുടക്കമായി; പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും

അഴിമുഖം പ്രതിനിധി

സിപിഐ സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് കോട്ടയത്ത് തുടക്കമാകും. രാവിലെ മാമ്മന്‍ മാപ്പിള ഹാളില്‍ ദേശീയ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്നു പൊതുചര്‍ച്ച. ദേശീയ നേതാക്കളായ ഗുരുദാസ് ദാസ് ഗുപ്ത, ഡി. രാജ എംപി എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

വൈകീട്ട് തിരുനക്കര മൈതാനത്ത് നടക്കുന്ന ആരോഗ്യസെമിനാറില്‍ ഡോ. ബി. ഇക്ബാല്‍ വിഷയം അവതരിപ്പിക്കും. ഡോ. വി. രാമന്‍കുട്ടി അധ്യക്ഷതവഹിക്കും. ഡോ. വി.പി. ഗംഗാധരന്‍, ഡോ. പി.കെ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. യോഗത്തില്‍ ജില്ലയില്‍നിന്നും ദേശീയ ഗെയിംസില്‍ മെഡലുകള്‍ നേടിയവരെ ആദരിക്കും. സമ്മേളനത്തിന്റ ഭാഗമായി തിരുനക്കര മൈതാനത്ത് ചരിത്രപ്രദര്‍ശനവും നടക്കുന്നുണ്ട്.

സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് തിരുനക്കര മൈതാനത്ത് മുതിര്‍ന്ന നേതാവ് സി.എ. കുര്യന്‍ ഇന്നലെ പതാക ഉയര്‍ത്തി. കയ്യൂരില്‍നിന്നും സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന പതാക സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഏറ്റുവാങ്ങി. ശൂരനാട്ടുനിന്നും എഐടിയുസി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന ബാനര്‍ കെ. പ്രകാശ് ബാബുവും വൈക്കത്തുനിന്നും കെ. അജിത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന കൊടിമരം പി.കെ. കൃഷ്ണനും, വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദിന്റെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന ദീപശിഖ സി.എന്‍. ചന്ദ്രനും ഏറ്റുവാങ്ങി.

തുടര്‍ന്നു ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം ഡോ. പുതുശേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ കെപിഎസി ജോണ്‍സനെ ചലച്ചിത്ര സംവിധായകന്‍ വിനയന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ആലങ്കോട് ലീലാകൃഷ്ണന്‍, ലെനിന്‍ രാജേന്ദ്രന്‍, ശാരദാ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

This post was last modified on December 27, 2016 2:47 pm