X

കേരളം മോദിയുടെ സാമന്തരാജ്യമല്ല: പിണറായി

അഴിമുഖം പ്രതിനിധി

കേരളം നരേന്ദ്രമോദിയുടെ സാമന്തരാജ്യമല്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ദേശാഭിമാനിയില്‍ മോദിയുടെ കേരള സന്ദര്‍ശനത്തെ കുറിച്ച് എഴുതിയ ലേഖനത്തിലാണ് പിണറായി മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസല്ല സംസ്ഥാന മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും പിണറായി വിമര്‍ശിക്കുന്നുണ്ട്. കേന്ദ്രഭരണത്തിന്റ ഭൃത്യനെ പോലെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി പെരുമാറേണ്ടതില്ലെന്നും മോദിയും പ്രധാനമന്ത്രിയുടെ ഓഫീസും പരസ്യമായി അപമാനിച്ചിട്ടും ഉമ്മന്‍ചാണ്ടിക്ക് പരിഭവമേയുള്ളൂ പ്രതിഷേധമില്ലെന്നും പിണറായി എഴുതുന്നു.

പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ഒന്നര വര്‍ഷത്തിനിടെ അമേരിക്ക രണ്ടുവട്ടം സന്ദര്‍ശിച്ച മോദി കേരളത്തില്‍ ആദ്യമായിട്ടാണ് എത്തിയതെങ്കിലും കേരളത്തിനുവേണ്ടി ഒരക്ഷരവും പറയാന്‍ തയ്യാറായില്ലെന്ന് പിണറായി കുറ്റപ്പെടുത്തി. എന്നാല്‍ സംസ്ഥാനത്ത് മതപരമായ വേര്‍തിരിവും ജാതീയ ഭിന്നതയും സൃഷ്ടിക്കാനുള്ള ശ്രമമാണ് മോദി നടത്തിയത്.ബിജെപി പരിപാടിയില്‍ പങ്കെടുക്കുക, ബിജെപിയുടെ പുതിയ സഖ്യകക്ഷിയുടെ വേദിയില്‍ പ്രത്യക്ഷപ്പെടുക എന്നിങ്ങനെ സംഘപരിവാര്‍ നേതാവിന്റെ ചുമതല നിറവേറ്റാന്‍ വേണ്ടിയാണ് മോദി കേരളത്തിലെത്തിയത്.

ദല്‍ഹിയില്‍ ചെന്ന് കേരളത്തിന്റെ ആവശ്യങ്ങള്‍ മോദി എത്തുന്നതിന് രണ്ട് ദിവസം മുമ്പ് മോദിയെ ധരിപ്പിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏര്യയില്‍ പോയി നാണം കെടേണ്ടി വന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. മോദി എത്ര തന്നെ അപമാനിച്ചാലും താന്‍ പ്രതിഷേധിക്കില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ മനോഭാവത്തിന് പിന്നില്‍ എന്ത് രഹസ്യമാണുള്ളതെന്നും എന്തിനെയാണ് ഉമ്മന്‍ചാണ്ടി ഭയക്കുന്നത് എന്നും പിണറായി ചോദിക്കുന്നു.

This post was last modified on December 27, 2016 3:32 pm