X

വര്‍ഗീയതയ്ക്ക് എതിരെ ഉമ്മന്‍ചാണ്ടിക്ക് മൗനം, മൃദുവാക്ക്: പിണറായി

സംഘപരിവാറിനും അവരുടെ വര്‍ഗീയ അജണ്ടയ്ക്കും എതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൗനം പുലര്‍ത്തുന്നുവെന്ന സിപിഐഎമ്മിന്റെ ആരോപണം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ വീണ്ടും ആവര്‍ത്തിച്ചു. കേരളഹൗസിലെ ബീഫ് റെയ്ഡ് ‘പ്രശ്‌നത്തില്‍ സിപിഎമ്മുകാര്‍ ഉപയോഗിക്കുന്ന ഭാഷ തനിക്കു പറയാനാവില്ല. കേരളത്തിലെ കാര്യമേ തനിക്കു പറയാനാവൂ. ദേശീയ തലത്തിലുള്ള കാര്യം ദേശീയ നേതൃത്വം പറയും,’ എന്ന് ഉമ്മന്‍ചാണ്ടി ഇന്നലത്തെ പത്രസമ്മേളനത്തില്‍ പറഞ്ഞതിനെ വിമര്‍ശിച്ചു കൊണ്ടാണ് പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ദല്‍ഹി കേരള ഹൗസിലെ പോലീസ് റെയ്ഡ് ആയാലും ഗോമാംസക്കൊലകള്‍ ആയാലും വര്‍ഗീയ ശക്തികളുടെ അഴിഞ്ഞാട്ടം ആയാലും ഉമ്മന്‍ ചാണ്ടിക്ക് ഒന്നും പറയാന്‍ ആകുന്നില്ലെന്ന് പിണറായി ആരോപിച്ചു. 

സംഘപരിവാറിന്റെ വര്‍ഗീയ അജണ്ട രാജ്യത്താകെ അസ്വസ്ഥത സൃഷ്ടിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി ഒന്നും കണ്ടില്ലെന്നു നടിക്കുകയാണ്. ഭയപ്പെടുത്തുന്ന അസഹിഷ്ണുത രാജ്യത്തെ ഗ്രസിക്കുമ്പോള്‍ രാഷ്ട്രപതിക്കു പലയാവര്‍ത്തി പ്രതികരിക്കേണ്ടി വന്നു. ഉമ്മന്‍ചാണ്ടി പറയുന്നത്, കേരളത്തിലെ കാര്യമേ തനിക്കു പറയാനാവൂ എന്നാണ്. 

ആര്‍ എസ് എസുമായുള്ള രഹസ്യ ബന്ധം കാത്തു സൂക്ഷിക്കാനുള്ള വ്യഗ്രതയല്ലാതെ മറ്റെന്താണ് ഈ നിസ്സഹായതാ പ്രകടനം?

ഗോമാംസം കഴിച്ചു എന്ന് വ്യാജ പ്രചാരണം നടത്തി മുഹമ്മദ് ആഖ്‌ലാക്കിനെ പോലുള്ളവരെ കൊലപ്പെടുത്തുകയും നാടാകെ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യുന്ന വര്‍ഗീയ ശക്തികളോട് ഉമ്മന്‍ ചാണ്ടി കൈക്കൊള്ളുന്ന സഹായ സമീപനവും പുലര്‍ത്തുന്ന സ്‌നേഹവും സി പി ഐ എമ്മില്‍ നിന്ന് പ്രതീക്ഷിക്കരുത്. ഗാന്ധിഘാതകന് ക്ഷേത്രം പണിയുകയും ഗോഡ്‌സെ ബലിദാനിയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നവരെ കുറിച്ച് , അത് കേരളത്തിലല്ലല്ലോ എന്ന് ഉമ്മന്‍ചാണ്ടിക്ക് നിലപാടെടുക്കാം. സി പി ഐ എമ്മിനെ ആ ഗണത്തില്‍ പെടുത്തേണ്ടതില്ല.

മത സൗഹാര്‍ദം കാത്തു സൂക്ഷിക്കാന്‍ സ്വജീവന്‍ ത്യജിച്ചും രംഗത്തിറങ്ങണം എന്ന് ആഹ്വാനം ചെയ്തതാണ്: അത് പ്രാവര്‍ത്തികമാക്കിയതാണ് സി പി ഐ എമ്മിന്റെ പാരമ്പര്യം. അത് കൊണ്ട് ഉമ്മന്‍ ചാണ്ടിയുടെ മൗനമല്ല, മൃദുവാക്കുകളല്ല ഞങ്ങളില്‍ നിന്ന് ഉണ്ടാവുക. മനുഷ്യനെ കൊല്ലുന്ന വര്‍ഗീയതയോട് ഒരു ദാക്ഷിണ്യവും ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കരുതെന്നും പിണറായി മുന്നറിയിപ്പ് നല്‍കി.

This post was last modified on December 27, 2016 3:24 pm