X

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

അഴിമുഖം പ്രതിനിധി

കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകനായ കുഴിച്ചാലില്‍ മോഹനന്റെ(50) കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സിപിഐഎം ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്.

സിപിഐഎം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗമായ മോഹനനെ ഒമ്നി വാനില്‍ എത്തിയ ആറംഗ മുഖംമൂടി സംഘമാണ് കൊലപ്പെടുത്തിയത്. പിണറായിക്കടുത്ത് വാളാങ്കിച്ചാലില്‍ ഷാപ്പ് തൊഴിലാളിയായ മോഹനനെ ഷാപ്പില്‍ കയറി വെട്ടുകയായിരുന്നു. ഉടന്‍ തന്നെ തലശ്ശേരി സഹകരണാശുപത്രിയില്‍ മോഹനനെ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. മോഹനന് ഒപ്പമുണ്ടായിരുന്ന മറ്റൊരു സിപിഎം പ്രവര്‍ത്തകന്‍ അശോകനും വെട്ടേറ്റിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഐഎം ഇന്നലെ നാല് പഞ്ചായത്തുകളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറുവരെ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. പിണറായി, വേങ്ങാട്, ധര്‍മ്മടം, കോട്ടയം എന്നീ പഞ്ചായത്തുകളിലായിരുന്നു ഹര്‍ത്താല്‍. ആര്‍എസ്എസ് ഗുണ്ടകളാണ് ഇതിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു.

ആര്‍എസ്എസ് ഗുണ്ടകള്‍ അഞ്ച് മാസത്തിനിടെ കണ്ണൂരില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയും രണ്ടാഴ്ച കൊണ്ട് നാല് പാര്‍ട്ടി പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന് സിപിഐഎം പറയുന്നു.

കൊല്ലപ്പെട്ട മോഹനന്റെ ഭാര്യ- ഒ ടി സുചിത്ര. മക്കള്‍ മിഥുന്‍, സ്നേഹ

This post was last modified on December 27, 2016 2:24 pm