X

ലാല്‍ഗഡ് പോരാട്ടത്തില്‍ തെറ്റുപറ്റിയെന്ന് മാവോയിസ്റ്റുകള്‍

അഴിമുഖം പ്രതിനിധി

പശ്ചിമ ബംഗാളിലെ ലാല്‍ഗഡ് പോരാട്ടത്തില്‍ തെറ്റുകള്‍ ചെയ്തുവെന്ന് നിരോധിക്കപ്പെട്ട സംഘടനയായ സിപിഐ(മാവോയിസ്റ്റ്). ആളുകളെ കൊല്ലുകയും അവ രഹസ്യമായി മാറ്റുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ സംയുക്ത സേനയെ ജംഗല്‍മഹലില്‍ നിന്ന് പിന്‍വലിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതുണ്ടായില്ലെന്നും മാവോയിസ്റ്റുകളുടെ കിഴക്കന്‍ ബ്യൂറോയുടെ ആറു പേജുള്ള രേഖ വിലയിരുത്തുന്നു. ‘സിപിഐഎമ്മിനെ പരാജയപ്പെടുത്തിയാല്‍ സംയുക്തസൈന്യത്തെ പിന്‍വലിക്കുകയും എല്ലാ രാഷ്ട്രീയ തടവുകാരേയും വിട്ടയക്കുമെന്നും ഞങ്ങള്‍ വിശ്വസിച്ചു. എന്നാല്‍ ഞങ്ങള്‍ക്ക് തെറ്റി,’ രേഖ പറയുന്നു.

ലാല്‍ഗഡ് പോരാട്ട സമയത്ത് ജനകീയ മുന്നേറ്റം പൂര്‍ണശക്തിയില്‍ നില്‍ക്കവേ അവിടെ ബദല്‍ ജനാധിപത്യ സംവിധാനം ഒരുക്കാന്‍ പരാജയപ്പെട്ടുവെന്ന് മാവോയിസ്റ്റുകളുടെ രേഖ പറയുന്നു. വധശിക്ഷ നടപ്പിലാക്കിയശേഷം ആ മൃതശരീരങ്ങള്‍ ഒളിപ്പിച്ചു വയ്ക്കുകയും ചെയ്തു. എന്നിട്ട് കൊലപാതകം നടത്തിയത് സിപിഐഎമ്മിന്റെ ഗുണ്ടകളാണെന്ന് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. അവ ഞങ്ങള്‍ ചെയ്ത തെറ്റുകളാണ്. ഇനി ഒരിക്കലും അവ ആവര്‍ത്തിക്കുകയില്ലെന്നും രേഖയില്‍ പറയുന്നു.

എന്നാല്‍ മാവോയിസ്റ്റുകളുടെ പ്രചാരവേല മാത്രമാണിതെന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് മാവോയിസ്റ്റുകളുടെ വാദത്തെ തള്ളിക്കളയുന്നു. അതേസമയം വികസന വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാല്‍ മാവോയിസ്റ്റുകള്‍ രഹസ്യങ്ങള്‍ പുറത്തുവിടുകയാണെന്ന് സിപിഐഎം പറഞ്ഞു. നാല് വര്‍ഷം മുമ്പ് 2011 നവംബറില്‍ സിപിഐ (മാവോയിസ്റ്റ്) പൊളിറ്റ്ബ്യൂറോ അംഗം കിഷന്‍ജി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്വാധീനത്തില്‍ വിള്ളലുണ്ടായ ജംഗല്‍മഹല്‍ മേഖലയില്‍ തിരിച്ചു വരാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതിനിടെയാണ് തെറ്റുപറ്റിയെന്നുള്ള മാവോയിസ്റ്റുകളുടെ ഏറ്റുപറച്ചില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ അവരുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. ബിന്‍പുര്‍, ലാല്‍ഗഡ്, പുരുലിയയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ചെറിയ ചെറിയ ഗ്രൂപ്പുകള്‍ പ്രവര്‍ത്തനം നടത്തുന്നതിന്റെ കൃത്യമായ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുവെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഈ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ക്കുന്നു. ജംഗല്‍ മഹലിലെ പശ്ചിമ മിഡ്‌നാപൂര്‍, ബാങ്കുര, പുരുലിയ ജില്ലകളില്‍ സിആര്‍പിഎഫും പശ്ചിമ ബംഗാള്‍ പൊലീസും അടങ്ങിയ സംയുക്ത സേന പരിശോധനകള്‍ നടത്തുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. മാവോയിസ്റ്റുകള്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് ടിഎംസി എംപി സുവേന്ദു അധികാരി ആരോപിച്ചു.

This post was last modified on December 27, 2016 3:22 pm