X

”ഇജ്ജ് ഒരു പ്രേമലേഖനം എഴുതാന്‍ ബെരുന്നോ?”- ഫാസിസത്തിനെതിരെ ഒരു മധുരപ്രതികാരം

അഴിമുഖം പ്രതിനിധി

പ്രണയദിനത്തിനെതിരെ ഹിന്ദു മഹാസഭ ഉയര്‍ത്തിയ ഭീഷണിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ കൂട്ടായ്മ രംഗത്ത്. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14 ലോക സദാചാര പൊലീസ് ദിനമായി ആചരിക്കാനൊരുങ്ങുകയാണ് കിസ് ഓഫ് ലൗവ് പ്രവര്‍ത്തകര്‍. പ്രണയദിനത്തില്‍ ഒരുമിച്ചു കാണുന്ന സ്ത്രീ-പുരുഷന്മാരെ അവര്‍ ഹിന്ദുക്കളാണെങ്കില്‍ കല്യാണം കഴിപ്പിക്കുമെന്നും മറ്റു മതസ്ഥരാണെങ്കില്‍ ശുദ്ധീകരണം നടത്തുമെന്നുമായിരുന്നു ഹിന്ദു മഹാസഭയുടെ പ്രഖ്യാപനം. ഇതിനെതിരെയുള്ള പ്രതിഷേധത്തിനാണ് ഫേസ്ബുക്ക് കൂട്ടായ്മ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഫാസിസ്റ്റ് കടന്നുകയറ്റം എല്ലാ അതിരുകളും വിടുകയാണ്. പ്രതിഷേധിച്ചേ മതിയാകൂ. ഫാസിസത്തോടുള്ള ശക്തമായി വെല്ലുവിളിയായി തന്നെ ഈ പ്രണയദിനത്തെ മാറ്റുമെന്ന് കിസ് ഓഫ് ലൗവ് പ്രവര്‍ത്തകന്‍ രാഹുല്‍ പശുപാലന്‍ പറഞ്ഞു.

‘ഇജ്ജ് ഒരു പ്രേമലേഖനം എഴുതാന്‍ ബെരുന്നോ?’ എന്ന പേരില്‍ മറ്റൊരു സോഷ്യല്‍ മീഡിയ ഗ്രൂപ്പ് ഒരു ഫെയ്‌സബുക്ക് പേജ് സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ചിട്ടുണ്ട്. .പ്രണയദിനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുന്നവരെപോലും വെറുതെ വിടില്ലെന്ന ഹിന്ദുമഹാസഭയുടെ ഭീഷണിയ്‌ക്കെതിരെ അന്നേദിവസം പ്രണയലേഖനങ്ങള്‍ കൊണ്ട് ഫെയ്‌സുബുക്ക് വാളുകള്‍ നിറയ്ക്കാനാണ് ഈ കൂട്ടായ്മയുടെ ആഹ്വാനം. ‘വാലന്റൈന്‍സ് ദിനത്തില്‍ അതായത് ഫെബ്രുവരി 13 രാത്രി പന്ത്രണ്ട് മണിമുതല്‍ പിറ്റേന്ന് രാത്രി പന്ത്രണ്ട് മണിവരെ നമുക്ക് പ്രണയലേഖനങ്ങള്‍ കൊണ്ട് ഫേസ്ബുക്ക് വാളുകള്‍ നിറയ്ക്കാം. അതിന്റെ മധുര തീക്ഷണതയില്‍ അസഹിണുതകളുടെ ചീട്ടുകൊട്ടാരങ്ങള്‍ തകര്‍ന്നടിയട്ടെ. ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന്റെ സങ്കീര്‍ണവഴികളിലെ ഒരു നിര്‍ണ്ണായകഘട്ടമായി വരുന്ന വാലന്റൈന്‍സ്‌ഡേയെ മാറ്റിയെടുക്കാം’ എന്നാണ് ഈ കൂട്ടായ്മ പറയുന്നത്. നവമാധ്യമങ്ങളെ ഫാസിസ്റ്റുകളില്‍ നിന്ന് തിരികെ പിടിച്ചെടുക്കേണ്ടതിന്റെ ഭാഗമായാണ് ഇത്തരമൊരു മുന്നേറ്റം നടത്തുന്നതെന്നും കിസ് ഓഫ് ലൗവ് പ്രവര്‍ത്തകര്‍ പറയുന്നു.

This post was last modified on December 27, 2016 2:41 pm