X

‘വായു’ തീരത്തിന് സമാന്തരമായി നീങ്ങുന്നു, ഗുജറാത്തിന് നേരിയ ആശ്വാസം

മണിക്കൂറില്‍ 180 കിമീ വേഗതയില്‍ ഗൂജറാത്ത് തീരത്തുകൂടി കടന്നുുപോവും.

ഗുജറാത്തിന് കനത്ത ഭീഷണി ഉയത്തി അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ‘വായു’ കരയിലേക്ക് പ്രവേശിക്കാതെ കടലില്‍ തന്നെ അവസാനിക്കാന്‍ സാധ്യത. ഇന്നലെ രാത്രിവരെ ഗുജറാത്തിലെ കച്ചിന് അഭിമുഖമായി നീങ്ങിയ വായുവിന്റെ സഞ്ചാരപാതിയിൽ വ്യതിയാനം വന്നതായി ഇന്ന് രാവിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതോടെ തീവ്ര ചുഴലിയായി രൂപാന്തം പ്രാപിച്ച കാറ്റ് തീരം തൊടാതെ വടക്ക്-പടിഞ്ഞാറ് ദിശയില്‍ ഗുജറാത്ത് തീരത്തിന് സമാന്തരമായി സഞ്ചരിക്കും. തുടർന്ന് ദ്വാരകയ്ക്ക് സമീപം കടലില്‍ തന്നെ ഇല്ലാതാവും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ എറ്റവും പുതിയ വിലയിരുത്തൽ.

ഇന്ന് ഉച്ചയ്ക്ക് ശേഷം കച്ച് തീരത്തേക്ക് പ്രവേശിക്കുമെന്ന് വിലയിരുത്തിയരുന്ന കാറ്റ് സൗരാഷ്ട്ര മേഖലയ്ക്ക് സമാന്തരമായി മണിക്കൂറില്‍ 180 കിമീ വേഗതയില്‍ കടന്നുുപോവും. അതേ സമയം തീരത്തിന് സമാന്തരമായാണ് കാറ്റിന്റെ സഞ്ചാരപഥം എന്നതിനാല്‍ കനത്ത കാറ്റിനും മഴയും കൂറ്റൻ തിരമാലകൾക്കും സാധ്യതയുണ്ട്. ഇതിനാൽ തന്നെ ഗുജറാത്ത് തീരത്ത് അതീവജാഗ്രത തുടരുകയാണ്. അമ്രേലി, ഗിർ സോംനാഥ്, ദിയു, ജുനാഗർ, പോർബന്ദർ, രാജ്കോട്ട്, ജാംനഗർ, ദേവ്ഭൂമി ദ്വാരക, കച്ച് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിർദ്ദേശം. ചുഴലിക്കാറ്റിനെതിരായ മുൻ കരുതലിനെ തുടർന്ന് മൂന്ന് ലക്ഷത്തിലേറെ ആളുകളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ തീരപ്രദേശത്ത് നിന്നും ഒഴിപ്പിച്ചിരുന്നത്.

കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിലെ അഞ്ച് വിമാനത്താവളങ്ങൾ അടച്ചു. എഴുപതോളം ട്രെയിനുകൾ റദ്ദാക്കി. എന്നാൽ, അടിയന്തര സാഹചര്യങ്ങളിൽ സർവീസ് നടത്താനുള്ള ട്രെയിനുകളെ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ പറയുന്നു. വേണ്ടത്ര ദുരിതാശ്വാസക്യാമ്പുകൾ തുറക്കണമെന്നും കൃത്യമായ ഇടവേളകളിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകണമെന്നും ആവശ്യമായ മറ്റ് നടപടികൾ സ്വീകരിക്കണമെന്നും അധികൃതർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഓരോ കമ്പനിയിലും 45 പേരടങ്ങുന്ന ദേശീയ ദുരന്ത നിവാരണ സേനയുടെ 35 ടീമുകളെ ഗുജറാത്തിലേക്ക് നിയോഗിച്ചിട്ടുണ്ട്.

വൈദ്യുതി, വാർത്താ വിനിമയം എന്നീ സൗകര്യങ്ങളും കുടിക്കാൻ ശുദ്ധമായ വെള്ളം ഉറപ്പാക്കുകയും ആശുപത്രികൾ സജ്ജമാക്കുകയും ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിലേതെങ്കിലുമൊന്നിന് തടസ്സം നേരിട്ടാൽ അടിയന്തരമായി ഇടപെടണമെന്നും നിർദേശമുണ്ട്. ഗുജറാത്തിന് പുറമെ മഹാരാഷ്ട്ര, ഗോവ, കർണാടക, ദാമൻ ദിയു എന്നിവിടങ്ങളിൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവം പ്രതിഫലിക്കാനിടയുണ്ട്. ഇവിടങ്ങളിൽ കനത്ത മഴ പെയ്യുമ്പോൾ ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

28 വര്‍ഷമായി അടിമവേല; ഭക്ഷണമില്ല, ശമ്പളമില്ല, ജീവിച്ചിരിക്കുന്നതിന് തെളിവുമില്ല; കോഴിക്കോട്ടെ ഒരു വീട്ടില്‍ അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസി സ്ത്രീയുടെ നരകജീവിതം