X

വസൂരി നിര്‍മാര്‍ജ്ജനത്തിനു നേതൃത്വം നല്‍കിയ ഡോ. ഡി എ ഹെന്‍ഡേഴ്‌സണ്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

ലോകത്തില്‍ നിന്നും വസൂരി എന്ന മാരകരോഗത്തെ ഉന്മൂലനം ചെയ്യാന്‍ നേതൃത്വം നല്‍കിയ അമേരിക്കന്‍ ഡോക്ടര്‍ ഡൊണാള്‍ഡ് ഹെന്‍ഡേഴ്‌സണ്‍ അന്തരിച്ചു. 87 വയസുണ്ടായിരുന്ന ഹെന്‍ഡേഴ്‌സണ്‍ ടോസണില്‍ ഈ മാസം 19 നാണ് അന്തരിച്ചത്. 

ഹെന്‍ഡേഴ്‌സന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ് 1980 ല്‍ വസൂരിയെ ലോകത്തു നിന്നു നിര്‍മാര്‍ജ്ജനം ചെയ്യാനും അതുവഴി ദശലക്ഷകണക്കിനു മനുഷ്യജീവനുകളെ മരണവകത്രത്തില്‍ നിന്നും രക്ഷിക്കാനും സഹായകമായത്.

രോഗങ്ങളുടെ കുറ്റാന്വേഷകന്‍(ഡിസീസ് ഡിക്ടീവ്) എന്നറയിപ്പെട്ടിരുന്ന ഡോ. ഹെന്‍ഡേഴ്‌സണ്‍ തന്റെ ആതുരസേവനകാലത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്റേഷന്റെയും(സിഡിസി) ലോകാരോഗ്യ സംഘടന(ഡബ്യുഎച്ഒ)യുടെയും പ്രതിനിധി ആയിട്ടായിരുന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഡീന്‍ ആയും പ്രവര്‍ത്തിച്ചിട്ടുള്ള ഡോക്ടര്‍ മൂന്ന് അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കൊപ്പം ആരോഗ്യവിഭാഗങ്ങളിലെ ഉപദേശകനായും ജോലി നോക്കിയിട്ടുണ്ട്.

എന്നാല്‍ ഡോ. ഹെന്‍ഡേഴ്‌സന്റെ ജീവിതത്തിലെ പ്രധാന കര്‍മം എന്നു വിശേഷിപ്പിക്കാവുന്നത് ഇരുപതാം നൂറ്റാണ്ടില്‍ ഏകദേശം 300 മില്യണ്‍ ജനങ്ങളുടെ മരണത്തിനു കാരണമായ വസൂരിയെ നശിപ്പിക്കാനുള്ള പോരാട്ടമായിരുന്നു. ഒരു മെഡിക്കല്‍ സംഘത്തെയും ഒപ്പം ഫീല്‍ഡ് വര്‍ക്കര്‍മാരുടെ ഒരു പടയും സജ്ജമാക്കി ഹെന്‍ഡേഴ്‌സണ്‍ ആ മാരകരോഗത്തെ നേരിടാന്‍ ഇറങ്ങുകയായിരുന്നു. ആ പോരാട്ടം മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായി മാറുകയായിരുന്നു.

This post was last modified on December 27, 2016 2:38 pm