X

അഖ്‌ലാഖിന്റെ കുടുംബത്തിന് എതിരെ ഗോവധത്തിന് കേസെടുക്കണമെന്ന് ഹിന്ദുസംഘടനകള്‍

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശിലെ ദാദ്രിയിലെ ബിസഹാദ ഗ്രാമത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദാദ്രിയില്‍ മര്‍ദനമേറ്റ് കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തിന് എതിരെ ഗോവധ നിരോധന നിയമപ്രകാരം ഗ്രാമത്തിലെ ചിലരുടെ ആവശ്യപ്രകാരം പൊലീസ് കേസ് എടുത്തിരുന്നില്ല. തുടര്‍ന്ന്‌ ഗ്രാമീണര്‍ മഹാപഞ്ചായത്ത് വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. ഇത് സംഘര്‍ഷ സാധ്യതയ്ക്ക് കാരണമായി. 144-ാം വകുപ്പ് പ്രകാരം നാലുപേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് നിരോധിച്ചിട്ടുണ്ട്.

ഹിന്ദു സംഘടനകളായ വിശ്വ ഹിന്ദു പരിഷദ്, രാഷ്ട്രവാദി പ്രതാപ് സേന, ഗോരക്ഷ ദള്‍, ഹിന്ദു യുവ വാഹിനി തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകര്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പശുവിനെ കൊന്ന് മാംസം വീട്ടില്‍ സൂക്ഷിച്ചുവെന്ന കിംവദന്തി പരത്തി അഖ്‌ലാഖിനെ ഹിന്ദു സംഘടനകളിലെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.

അഖ്‌ലാഖിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും കണ്ടെത്തിയ മാംസം ആട്ടിറച്ചിയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അഖ്‌ലാഖിന്റെ വീടിന് അടുത്തു നിന്നും കണ്ടെത്തിയ മാസം ഗോമാംസമാണെന്നുള്ള റിപ്പോര്‍ട്ട്‌ ഏതാനും ദിവസം മുമ്പ് അഖ്‌ലാഖ് കൊലപാതക കേസിലെ പ്രതികളുടെ അഭിഭാഷകന്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ബന്ധുക്കള്‍ ഗൗതമബുദ്ധ നഗറിലെ എസ് പിക്ക് പരാതി നല്‍കിയിരുന്നു. 17 പേരാണ് കേസില്‍ പ്രതികളായുള്ളത്. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടു വരികയാണ്.

This post was last modified on December 27, 2016 4:12 pm