X

അഞ്ഞൂറു മീറ്റര്‍ മാത്രം അകലെയുള്ള ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ എത്തിയില്ല; ദളിത്‌ യുവതി വഴിയരികില്‍ പ്രസവിച്ചു

അഴിമുഖം പ്രതിനിധി 

ജാര്‍ഖണ്ഡില്‍ ചികിത്സ നിഷേധിക്കപ്പെട്ട ദളിത് യുവതി വഴിയരികില്‍ പ്രസവിച്ചു. ലത്തേഹാര്‍ ജില്ലയിലാണ് സംഭവം. സോനാ മണി ദേവി എന്ന യുവതിയാണ് കൃത്യസമയത്ത് വൈദ്യ സഹായം ലഭിക്കാതെ റോഡരികില്‍ പ്രസവിച്ചത്. അഞ്ഞൂറു മീറ്റര്‍ മാത്രം അകലെയുള്ള ആശുപത്രിയില്‍ നിന്ന് ഇവിടെയെത്തി പരിശോധിക്കാന്‍ ഡോക്ടര്‍ കൂട്ടാക്കിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പതിനെട്ടു കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ നിന്ന് ജില്ലാ ആസ്ഥാനത്ത് ആധാര്‍ കാര്‍ഡ് എടുക്കാനാണ് തന്റെ മൂന്നു കുട്ടികളുമായി സോനാ മണി ദേവി എത്തിയത്. ഇത്രയും ദൂരം നടന്നാണ് ഇവര്‍ എത്തിയത്. കാര്‍ഡ് എടുക്കുന്നത് വൈകിയതോടെ വീട്ടിലെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ തേടാന്‍ പണമില്ലാതിരുന്ന ഇവര്‍ റോഡരികിലുള്ള ഒരു ടീസ്റ്റാളില്‍ രാത്രി കഴിച്ചു കൂട്ടാന്‍ അനുമതി ചോദിച്ചു. ഉടമ അനുവാദവും നല്‍കി.

ഗര്‍ഭിണിയായിരുന്ന ഇവര്‍ക്ക് പുലര്‍ച്ചയോടെ പ്രസവവേദന ആരംഭിക്കുകയും തന്നെ ആശുപത്രിയിലെത്തിക്കാന്‍ വഴിയാത്രക്കാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ചിലര്‍ അടുത്തുള്ള ആശുപത്രിയില്‍ വിവരമറിയിച്ചെങ്കിലും സ്ഥലത്തേക്കു വരാനോ ഇവരെ ആശുപത്രിയിലാക്കാനോ ഡോക്ടര്‍ തയ്യാറായില്ലെന്ന് ഹിന്ദു ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍പസമയത്തിനകം ഇവര്‍ പ്രസവിക്കുകയും ചെയ്തു.

ഡോക്ടര്‍ക്ക് ജില്ലാ ഭരണകൂടം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.പ്രദേശവാസികള്‍ അറിയിച്ചതിനേത്തുടര്‍ന്ന് ഇവരുടെ സഹായത്തിന് ആംബുലന്‍സ് അയക്കാന്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ നിര്‍ദേശം നല്‍കിയെന്ന് ലത്തേഹാര്‍ എസ്പിപറഞ്ഞു. 

 

This post was last modified on December 27, 2016 2:28 pm