X

പത്താന്‍കോട്ടില്‍ കൊല്ലപ്പെട്ടത് 10 സൈനികര്‍

അഴിമുഖം പ്രതിനിധി

പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തിനുനേരെ ഇന്നലെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടു. ഇന്നലെ മൂന്നുപേര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരുന്നത്. എന്നാല്‍ താവളത്തില്‍ നടത്തിയ തെരച്ചിലില്‍ ഏഴ് സൈനികരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. വ്യോമസേന, കരസേന, ഗരുഡ് വിഭാഗങ്ങളിലെ സൈനികരാണ് മരിച്ചത്.

അതേസമയം താവളത്തില്‍ ഇന്ന് രാവിലെ നടത്തിയ തെരച്ചിലിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് നാലു സൈനികര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തെരച്ചിലിനിടെ കണ്ടെത്തിയ ഗ്രനേഡാണ് പൊട്ടിത്തെറിച്ചത്. ഭീകരര്‍ ആക്രമണത്തിന് ഉപയോഗിച്ച എകെ 47 റൈഫിളുകളും മോര്‍ട്ടാറുകളും ഗ്രനേഡുകളും ജിപിഎസ് ഉപകരണങ്ങളും ഇന്നത്തെ തെരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്.

ആക്രമണത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. കേസ് എന്‍ഐഎ അന്വേഷിക്കുമെന്ന് ഇന്നലെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചിരുന്നു. എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ള 12 അംഗ എന്‍ഐഎ സംഘമാണ് അന്വേഷണം നടത്തുക. രണ്ടു ദിവസത്തിനകം എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ പത്താന്‍കോട്ട് സന്ദര്‍ശിക്കും. പാകിസ്താനില്‍ നിന്നും നുഴഞ്ഞു കയറിയ ഭീകരര്‍ ഇന്ത്യയില്‍ എത്തിയശേഷം പാകിസ്താനിലുള്ളവരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പുറത്തു വരുന്നുണ്ട്.

ഇന്ത്യയില്‍ നിന്നും കശ്മീരിന്റെ സ്വാതന്ത്ര്യം ലക്ഷ്യമിടുന്ന ജെയ്ഷ്-ഇ-മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. ഇന്ത്യ പാകിസ്താനുമായുള്ള ബന്ധം പുനപരിശോധിക്കണമെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. മോദിയുടെ പാക് നയതന്ത്രത്തിനുള്ള ആദ്യ പ്രധാന വെല്ലുവിളിയാണ് ഈ ആക്രമണം എന്ന് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അഭിപ്രായപ്പെട്ടു.

This post was last modified on December 27, 2016 3:31 pm